കൊച്ചി: ഇന്നലെ ഓൺലൈൻ ക്ലാസ് എടുത്ത വനിതാ അധ്യാപകർക്കെതിരെ അശ്ലീല കമന്റുകൾ ഇട്ടവർക്ക് ചുട്ട മറുപടിയുമായി സിനിമാതാരം വിനീതാ കോശി. ഇങ്ങനെ ചെയ്യുന്നത് ഒരു രോഗമാണ്. ഇത് വീട്ടിൽ നിന്ന് തന്നെ മാറ്റേണ്ടതാണെന്നും അവർ കുറിപ്പിൽ പറയുന്നു. ഫേസ്ബുക്കിലാണ് വിനീത തന്റെ നിലപാട് വ്യക്തമാക്കിയത്. കമന്റുകളുടെയും അധ്യാപകരുടെ പേരിൽ ഉണ്ടാക്കിയ ഫേക്ക് അക്കൗണ്ടുകളുടെയും സ്ക്രീൻ ഷോട്ടുകൾക്കൊപ്പമാണ് വിനീതയുടെ പ്രതികരണം.
കുറിപ്പ് വായിക്കാം,
ഈ മുകളിൽ കാണുന്ന സ്ക്രീൻ ഷോട്ട്സ് ഒക്കെ കുട്ടികൾക്ക് ഓൺലൈൻ ക്ലാസ് എടുത്ത ഒരു ടീച്ചറെ പറ്റിയാണ്. ടീച്ചർ ഇപ്പോ ഓർക്കുന്നുണ്ടാവും ഏതു നേരത്താണോ നീല സാരി ഉടുക്കാൻ തോന്നിയത് എന്ന്. സത്യത്തിൽ ടീച്ചർ ഇനി ഏതു കളർ സാരി ഉടുത്താലും ഇതൊക്കെ തന്നെ കേൾക്കേണ്ടി വന്നേനെ. ഈ കമന്റ് പറഞ്ഞ ചേട്ടന്മാരെ നമ്മക്ക് ഒരിക്കലും തെറ്റ് പറയാൻ പറ്റില്ല, കാരണം ഇത് ഒരുതരം രോഗം ആണ്. ഇതിന് എതിരെ എത്ര പ്രോട്ടസ്റ്റ് നടന്നാലും ഇതൊന്നും മാറാനും പോണില്ല. പക്ഷെ ചില പൊടിക്കൈകൾ ഉപയോഗിച്ച് ഇത് വീട്ടിൽ തന്നെ മാറ്റാൻ കഴിയും.
ചെയ്യണ്ടത് ഇത്രമാത്രം:
ആദ്യം നിങ്ങൾക്ക് ഏറ്റവും പ്രിയപ്പെട്ട ഒരു പെൺകുട്ടിയുടെ അല്ലെങ്കിൽ ഭാര്യയുടെയോ അമ്മയുടേയോ ഫോട്ടോ/വിഡിയോ എടുക്കുക. എന്നിട്ട് ഈ ടീച്ചറിനെ പറഞ്ഞ അതേ കമന്റ് ഒക്കെ പറഞ്ഞുനോക്കുക.. എന്നും ഇത് മുടക്കം വരാതെ കൃത്യമായി ചെയ്യുക. ഉറപ്പായും ഭേദം ഉണ്ടാകും. ഇതൊക്കെ വീട്ടിൽ തന്നെ തീർക്കാവുന്ന രോഗമേ ഉള്ളു. അതിന് ഇനി പൊലീസിനെ ഒക്കെ ഇടപെടുത്തി, ഈ കൊവിഡ് കാലത്ത് അവർക്ക് കൂടുതൽ തലവേദന ഉണ്ടാക്കണോ? മാത്രമല്ല വല്ലവന്റേം പെണ്ണിനേയും ഭാര്യയെയും അമ്മയേം ഒക്കെ പറഞ്ഞു നാട്ടുകാരുടെ കൈയിൽ നിന്ന് ഇത്രേം തെറിയും വാങ്ങേണ്ട ആവശ്യവും ഇല്ല.
NB: ഗുരുക്കന്മാരെ എന്നും ആദരവോടെ കണ്ട നാടാണിത്. അതും കൂടി ഇല്ല എന്ന് കേൾപ്പിക്കേണ്ടി വരുത്തല്ലേ.
Post Your Comments