Latest NewsKeralaNews

കരീലകുളങ്ങരയില്‍ യുവതി കൊല്ലപ്പെട്ടത് ഉത്രയുടേത് സമാനം : ഇവിടെ പാമ്പിനു പകരം പൂച്ച

ആലപ്പുഴ : കരീലകുളങ്ങരയില്‍ യുവതി കൊല്ലപ്പെട്ടത് ഉത്രയുടേത് സമാനം. ഇവിടെ പാമ്പിനു പകരം പൂച്ച. ആലപ്പുഴ ജില്ലയിലെ കരീലക്കുളങ്ങരയില്‍ 2008 ലായിരുന്നു സംഭവം. ഒരു സ്ത്രീയുടെ ജഡം കണ്ടെത്തിയ കുളത്തിന് അല്‍പമകലെ കാണപ്പെട്ട പൂച്ചയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടാണ് തെളിവുകളില്ലാതിരുന്ന കേസില്‍ പൊലീസിനു പിടിവള്ളിയായത്. ആലപ്പുഴ ജില്ലയിലെ കരീലക്കുളങ്ങരയില്‍ പത്തിയൂര്‍പ്പാടത്തെ കുളത്തില്‍ ഒരു സ്ത്രീയുടെ മൃതദേഹം പൊങ്ങി. ജനവാസമുള്ള സ്ഥലത്താണ് വലിയ കുളം. കെട്ടിത്താഴ്ത്തിയ മൃതദേഹം അഴുകിയതിനെത്തുടര്‍ന്ന് കാലുകള്‍ ജലത്തിനു മുകളില്‍വന്നപ്പോഴാണ് ജനങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. വയര്‍ കുത്തികീറി കുടല്‍മാല പുറത്തു വന്നിരുന്നു. കുളത്തില്‍ ശരീരം താഴ്ത്താന്‍ ബ്ലൗസിനടിയിലൂടെ ഒരു വേലിക്കല്ല് ചേര്‍ത്തുവച്ച് കെട്ടിയിരുന്നു. പാദങ്ങള്‍ സാരിയുമായി ചേര്‍ത്ത് കെട്ടി വേലിക്കല്ലുമായി ബന്ധിപ്പിച്ചിട്ടുണ്ട്. കൊലപ്പെടുത്തിയതാണെന്ന് ഒറ്റനോട്ടത്തില്‍ തന്നെ മനസിലാക്കാം. മൃതദേഹം അഴുകി തുടങ്ങിയിരുന്നു. ആര്‍ക്കും പരിചയമുള്ള സ്ത്രീയല്ല. അടുത്ത സ്ഥലങ്ങളില്‍നിന്ന് സ്ത്രീകളെ കാണാതായതായി പരാതിയുമില്ല.

Read More : ഉഗ്ര വിഷമുള്ള പാമ്പിനെ വീട്ടിൽ പലതവണ കൊണ്ടുവന്നിട്ടുണ്ട്: ഉത്രയെ കൊല്ലുമെന്ന് അറിയില്ലായിരുന്നു: പ്രതികളുടെ മൊഴികളിൽ വൈരുധ്യം

സ്ത്രീ മരിച്ചു കിടക്കുന്നതിനടുത്ത് പാടവും കാവുമുണ്ട്. കാവില്‍നിന്ന് ദുര്‍ഗന്ധം വന്നതോടെയാണ് പൊലീസ് സംഘം അവിടെ പരിശോധന നടത്തിയത്. ഒരു പൂച്ച ചത്ത് കിടക്കുന്നു. സ്ത്രീ മരിച്ചു കിടക്കുന്നതിന് 500 മീറ്റര്‍ അകലെ കിടക്കുന്ന പൂച്ചയെ ഉദ്യോഗസ്ഥര്‍ക്ക് അവഗണിക്കാമായിരുന്നു. പക്ഷേ, സിഐ ഹരികൃഷ്ണന്റെ ജാഗ്രത കേസിനെ മാറ്റിമറിച്ചു. ”ഒരു ഉദ്യോഗസ്ഥനും ശ്രദ്ധിക്കേണ്ട കാര്യമല്ല പൂച്ച ചത്തത്.

പൂച്ചയുടെ ജഡത്തിന്റെയും സ്ത്രീയുടെ മൃതശരീരത്തിന്റേയും പഴക്കമാണ് ഹരികൃഷ്ണന്‍ ശ്രദ്ധിച്ചത്. ഏകദേശം ഒരേ സമയത്താണ് രണ്ടു മരണമെന്നും മനസിലാക്കാനായി. കാവിനു സമീപം പൂച്ച എത്തേണ്ട സാഹചര്യവും ഒറ്റനോട്ടത്തില്‍ കണ്ടെത്താനായില്ല. സ്ത്രീക്കൊപ്പം പൂച്ചയ്ക്കും പോസ്റ്റുമോര്‍ട്ടം നടത്താന്‍ ഹരികൃഷ്ണന്‍ തീരുമാനിച്ചു. കേരള പൊലീസിന്റെ അന്വേഷണ ചരിത്രത്തിലെ വ്യത്യസ്തമായ നീക്കമായിരുന്നു അത്. പൂച്ചയ്ക്ക് ആദ്യമായി പൊലീസ് മഹസര്‍ എഴുതി.

സ്ത്രീയുടെയും പൂച്ചയുടേയും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ സാമ്യമുണ്ടായിരുന്നു. പൂച്ചയുടെയും സ്ത്രീയുടേയും മരണം നടന്നത് ഒരു ദിവസം. സ്ത്രീയുടെയും പൂച്ചയുടെ വയറ്റിലും ഫ്യൂരിഡാന്‍ എന്ന വിഷം. ഇരുവരുടേയും വയറ്റിലെ ഭക്ഷണവും ഒരേപോലെ.

സ്ത്രീ ആരാണ്? പൂച്ച സ്ത്രീയുടെ അടുത്ത് എങ്ങനെ വന്നു? ഇരുവരുടേയും ഭക്ഷണം ഒരുപോലെ ആയതെങ്ങനെ? പൊലീസിന്റെ അന്വേഷണം ഈ ചോദ്യങ്ങളില്‍ കേന്ദ്രീകരിച്ചു.

മരിച്ച സ്ത്രീ പരിസരപ്രദേശങ്ങളിലുള്ള ആളല്ലെന്നു വ്യക്തമായി. ആരും മൃതദേഹത്തില്‍ അവകാശവാദം ഉന്നയിച്ചതുമില്ല. അതോടെ പൂച്ചയുടെ പുറകേ ആയി പൊലീസ്. പൂച്ചയുടെ ഉടമസ്ഥനെ കണ്ടെത്താന്‍ പൊലീസ് തീരുമാനിച്ചു. ചത്ത പൂച്ചയുടെ ഫോട്ടോയുമായി പൊലീസ് അടുത്തുള്ള സ്ഥലങ്ങളില്‍ അന്വേഷണം നടത്തി. ചത്തപൂച്ചയുടെ ഫോട്ടോയുമായി പൊലീസ് വീടുകളില്‍ കയറിയിറങ്ങിയത് ജനത്തിന് കൗതുകമായി. അന്വേഷണത്തിനിടെ ഒരു വീട്ടുകാര്‍ പൂച്ചയെ തിരിച്ചറിഞ്ഞു. ‘നിറം ഏകദേശം സമാനമാണ്. ഞങ്ങളുടെ പൂച്ചയെ കാണാതായിട്ടുണ്ട്’-വീട്ടുകാര്‍ പറഞ്ഞു. സ്ത്രീ മരിച്ച ദിവസമാണ് പൂച്ചയെയും കാണാതായത്. പൂച്ച ചത്ത കാര്യം വീട്ടുകാര്‍ക്ക് അറിയില്ലായിരുന്നു.

വീട്ടുകാര്‍ക്ക് കൊലപാതകത്തില്‍ ബന്ധമില്ലെന്ന് പൊലീസിന് അന്വേഷണത്തിലൂടെ മനസിലായി. പൂച്ച അടുത്തുള്ള വീടുകളില്‍ പോകാറുണ്ടോയെന്നു പൊലീസ് അന്വേഷിച്ചു. പൂച്ച പല വീടുകളിലും പോകുമെന്ന് മനസിലായതോടെ ചുറ്റുമുള്ള വീടുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി. നാടുതോറും നടന്ന് കച്ചവടം നടത്തുന്ന ജലാലുദ്ദീന്‍ എന്ന ആളിന്റെ വീട്ടിലും പൂച്ച പോകാറുണ്ടെന്നു പൊലീസിനു മനസിലായി. അയാളുടെ വീട്ടിലെത്തിയപ്പോള്‍ ആള്‍ സ്ഥലത്തില്ല. സിഐ ഹരികൃഷ്ണന്‍ വിളിച്ചപ്പോള്‍ കച്ചവടത്തിനായി യാത്രയിലാണെന്നായിരുന്നു മറുപടി. പിന്നീട് പലതവണ വിളിച്ചെങ്കിലും പല സ്ഥലങ്ങളിലാണെന്ന മറുപടിയാണ് ലഭിച്ചത്.

സംശയമുന നീണ്ടതോടെ അന്വേഷണസംഘം സൈബര്‍സെല്‍വഴി ഫോണ്‍ പരിശോധിച്ചു. ”അടൂരില്‍ നില്‍ക്കുമ്പോള്‍ കരുനാഗപ്പള്ളി പറയും. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറാണെന്ന് പറഞ്ഞു വിളിച്ചിട്ടും കള്ളം പറഞ്ഞതെന്തിനാണെന്ന് സംശയംതോന്നി.”-ഇപ്പോള്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയായ ഹരികൃഷ്ണന്‍ പറയുന്നു. ജലാലുദ്ദീനെ പൊലീസ് നിരീക്ഷണവലയത്തിലാക്കി. അയാളുടെ പെരുമാറ്റത്തില്‍ പൊലീസിനു സംശയം ഓരോ ദിവസവും വര്‍ധിച്ചു. രാത്രി ഒരു മണിക്ക് ജലാലുദ്ദീന്‍ വീട്ടിലെത്തിയതായി സൂചന ലഭിച്ച അന്വേഷണസംഘം വീടുവളഞ്ഞ് ജലാലുദ്ദീനെ പിടികൂടി. ചോദ്യം ചെയ്യലില്‍ അയാള്‍ കുറ്റം സമ്മതിച്ചു.

പാത്രക്കച്ചവടവുമായി ബന്ധപ്പെട്ട് കരുവാറ്റ എന്ന സ്ഥലത്ത് എത്തിയ ജലാലുദ്ദീന്‍ അവിടെ ഒരു സ്ത്രീയെ പരിചയപ്പെട്ടു. അവരുടെ ആഭരണം പണയം വച്ചു. കുറേക്കാലം കഴിഞ്ഞു സ്ത്രീ ആഭരണം തിരിച്ചു ചോദിച്ചതോടെ വിരോധമായി. ഇതോടെ കൊലപ്പെടുത്താന്‍ തീരുമാനിച്ചു. സ്ത്രീയെ സ്‌നേഹത്തോടെ വിളിച്ചു തിരുവനന്തപുരത്ത് പോയി. രാത്രിയോടെ കരീലക്കുളങ്ങരയിലേക്കു മടങ്ങിയ ഇരുവരും കൊലപാതകം നടന്ന കുളത്തിനടുത്ത് എത്തി. സ്ത്രീയെ അവിടെനിര്‍ത്തി ഭക്ഷണം എടുക്കാന്‍ ജലാലുദ്ദീന്‍ വീട്ടിലേക്കുപോയി. ഭക്ഷണത്തില്‍ വിഷം കലര്‍ത്തി സ്ത്രീക്ക് നല്‍കി അവരെ കൊലപ്പെടുത്തി. മരിച്ചശേഷം വയറുകീറി ശരീരത്തില്‍ വേലിക്കല്ല് കെട്ടി കുളത്തില്‍ താഴ്ത്തി. ജലാലുദ്ദിന്റെ വീട്ടിലെത്തിയ പൂച്ച ഭക്ഷണത്തിലെ ഇറച്ചിയുടെ മണം അടിച്ച് ജലാലുദ്ദീനെ പിന്തുടര്‍ന്ന് പാടത്തേക്ക് വന്നതാണ് കേസില്‍ വഴിത്തിരിവായത്. വിഷം കലര്‍ത്തിയ ഭക്ഷണത്തിന്റെ അവശിഷ്ടം കഴിച്ചതോടെ പൂച്ചയും ചത്തു. മാവേലിക്കര അഡീഷനല്‍ സെഷന്‍സ് കോടതി ജലാലുദ്ദീന് ജീവപര്യന്തം ശിക്ഷ വിധിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button