KeralaLatest NewsIndia

കണ്ണൂരില്‍ ആരോഗ്യപ്രവര്‍ത്തക ആത്മഹത്യക്ക് ശ്രമിച്ച സംഭവം ; വില്ലേജ് ഓഫീസറടക്കം നാലു പേര്‍ അറസ്റ്റില്‍

സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തില്‍ പ്രചാരണം നടത്തിയെന്ന കുറ്റമാണ് ഇവര്‍ക്കെതിരെ ചുമത്തിയത്.

കണ്ണൂർ: ആരോഗ്യ പ്രവര്‍ത്തക ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തില്‍ സഹപ്രവര്‍ത്തകനും വില്ലേജ് ഓഫീസറും അടക്കം നാല് പേര്‍ അറസ്റ്റില്‍. ആത്മഹത്യാ ക്കുറിപ്പിന്റെ അടിസ്ഥാനത്തിലാണ് നടപടി.ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെടി മനോജ്, വില്ലേജ് ഓഫീസര്‍ മുരളി, അജയകുമാര്‍, അനില്‍ കുമാര്‍ എന്നിവരാണ് അറസ്റ്റിലായത്. സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തില്‍ പ്രചാരണം നടത്തിയെന്ന കുറ്റമാണ് ഇവര്‍ക്കെതിരെ ചുമത്തിയത്.

ക്വാറന്റീന്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചെന്ന പ്രചാരണത്തില്‍ മനംനൊന്താണ് കണ്ണൂരില്‍ ആരോഗ്യ പ്രവര്‍ത്തക ആത്മഹത്യയ്ക്ക് ശ്രമിച്ചത്. യുവതിയുടെ സഹോദരി കഴിഞ്ഞ മാസം 19 ന് നാട്ടിലെത്തിയിരുന്നു. മറ്റൊരു വീട്ടിലാണ് സഹോദരിയും അമ്മയും നിരീക്ഷണത്തില്‍ കഴിയുന്നത്. എന്നാല്‍ ആരോഗ്യ പ്രവര്‍ത്തകയ്ക്ക് അവരുമായി സമ്പര്‍ക്കമുണ്ടായിരുന്നു എന്നും ക്വാറന്റീന്‍ മാനദണ്ഡങ്ങള്‍ ലംഘിച്ചെന്നും പ്രചാരണമുണ്ടായി. ഇതിന് പിന്നാലെയാണ് ആത്മഹത്യാശ്രമമുണ്ടായത്.

ആരോഗ്യ പ്രവര്‍ത്തക വാട്‌സ്‌ആപ്പില്‍ അയച്ച ആത്മഹത്യാക്കുറിപ്പില്‍ പരാമര്‍ശിച്ചവരെയാണ് അറസ്റ്റ് ചെയ്തത്. ന്യൂമാഹി പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ആരോഗ്യ പ്രവര്‍ത്തകയാണ് ഇക്കഴിഞ്ഞ വെള്ളിയാഴ്ച ആത്മഹത്യയ്ക്ക് ശ്രമിച്ചത്.രക്തസമ്മര്‍ദത്തിനുള്ള മരുന്ന് അമിതമായി കഴിച്ച യുവതിയെ അവശനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. യുവതി പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണിപ്പോള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button