കല്‍പ്പറ്റ:വയനാട്ടിലെ കാരക്കാമല സെന്റ്.മേരീസ് പള്ളി വികാരിക്കെതിരായ സിസ്റ്റര്‍ ലൂസി കളപ്പുരയുടെ ലൈംഗികാരോപണത്തിനെതിരെ മാനനഷ്ടക്കേസ് നല്‍കാന്‍ രൂപതയുടെ അനുമതി. അതേസമയം, വിവാദമായ ലൈംഗികാരോപണത്തിന്റെ സി.സി ടിവി ദൃശ്യങ്ങള്‍ സിസ്റ്റര്‍ ലൂസിക്കൊപ്പമുള്ള ഇടവകയിലെ പരാതിക്കാരെ ഇന്ന് കാണിച്ചേക്കും. താന്‍ ബ്ളാക്ക് മാസിന്റെ ആളാണെന്ന പി.സി.ജോര്‍ജ് എം.എല്‍.എയുടെ ആരാേപണത്തിനെതിരെ സിസ്റ്റര്‍ ലൂസി കളപ്പുര രംഗത്ത് വരികയും ചെയ്തു.
‘എന്നെ വിമര്‍ശിക്കാന്‍ പി.സി. ജോര്‍ജ് ആരാ.?..ഉത്തരവാദപ്പെട്ട ജനപ്രതിനിധിയുടെ സ്ഥാനത്തിരുന്ന് ഇത്തരം മോശമായ വാക്കുകള്‍ ഉപയോഗിക്കരുത്. ബ്ളാക്ക് മാസ് എന്താണെന്ന് ജാേര്‍ജിന് അറിയുമോ?. വായില്‍ തോന്നുന്നത് വിളിച്ച് പറയുന്നത് ഇനിയെങ്കിലും അവസാനിപ്പിക്കണം’.- സിസ്റ്റര്‍ ലൂസി കളപ്പുര പ്രതികരിച്ചു. .
കഴിഞ്ഞ മാസം ഇരുപത്തിയെട്ടിന് രാവിലെ കാരക്കാമല സെന്റ് മേരീസ് പളളി വികാരിയുടെ താമസ സ്ഥലത്തേക്ക് പോയ മദര്‍ സുപ്പീരിയര്‍ തിരിച്ചെത്താന്‍ വൈകിയതില്‍ സംശയം തോന്നി അവിടെച്ചെന്ന് നോക്കിയപ്പോള്‍ ഇരുവരും തമ്മിലുളള ലൈംഗിക രംഗമാണ് കണ്ടതെന്നാണ് സിസ്റ്റര്‍ ലൂസി കളപ്പുര ഫേസ് ബുക്കില്‍ വെളിപ്പെടുത്തിയത്. പോസ്റ്റിന്റെ ഏകദേശ രൂപം ഇങ്ങനെ, വൈദികര്‍ ഒറ്റയ്ക്ക് താമസിക്കുന്ന സ്ഥലങ്ങളില്‍ കന്യാസ്ത്രീകള്‍ ഒറ്റയ്ക്ക്‌പോകരുതെന്ന് മാനന്തവാടി രൂപത ബിഷപ്പിന്റെയും എഫ്.സി.സി സഭാനേതൃത്വത്തിന്റെയും കര്‍ശന നിര്‍ദ്ദേശങ്ങളുണ്ടായിട്ടും മദര്‍ സുപ്പീരിയര്‍ ഒറ്റയ്ക്ക് പോയതില്‍ അസ്വാഭാവികത തോന്നി.
ഇവര്‍ തമ്മിലുളള ബന്ധത്തിന്റെ രംഗങ്ങള്‍ താന്‍ മൊബൈലില്‍ പകര്‍ത്തിയത് കണ്ട വൈദികന്‍, തന്നെ ആക്രമിക്കന്‍ പളളിയുടെ സ്റ്റെപ്പ് വരെ പിറകെ ഒാടി. റോഡിലെത്തിയ താന്‍ നാട്ടുകാരോട് വിവരം പറഞ്ഞു. അവര്‍ പളളിയിലെത്തി കാര്യം തിരക്കി. സി.സി ടിവി ദൃശ്യം പരിശോധിക്കണമെന്ന് താന്‍ ആവശ്യപ്പെട്ടെങ്കിലും സി.സി ടിവി പ്രവര്‍ത്തിക്കുന്നില്ലെന്നായിരുന്നു വൈദികന്റെ മറുപടി. വൈദികന്‍ തന്നെ കുറ്റക്കാരിയാക്കുന്ന തരത്തിലാണ് ഇടവകക്കാരോട് പറഞ്ഞത്. പിന്നീട് പൊലീസെത്തിയാണ് തന്നെ മഠത്തില്‍ കൊണ്ടാക്കിയത്. അവിടെയെത്തി മൊബൈലില്‍ നോക്കിയപ്പോള്‍ റെക്കാഡ് ചെയ്ത രംഗങ്ങള്‍ ഡിലീറ്റായിരുന്നു.
സംഭവ ദിവസം രാത്രി വൈദികനെ രക്ഷിക്കാനെത്തിയ ചിലര്‍, പളളിയിലെ സി.സി ടിവി ദൃശ്യങ്ങള്‍ ഒഴിവാക്കാന്‍ ശ്രമിച്ചതായും സിസ്റ്റര്‍ ലൂസി പറയുന്നു. എന്നാൽ വൈദിനെതിരായ ആരോപണത്തില്‍ കഴമ്പില്ലെന്നാണ് മാനന്തവാടി രൂപത നിയോഗിച്ച നാലംഗ സമിതി കണ്ടെത്തിയതെന്ന് പറയുന്നു. തുടര്‍ന്നാണ്, സിസ്റ്റര്‍ ലൂസിക്കെതിരെ മാനഷ്ടക്കേസ് കൊടുക്കാന്‍ വൈദികന് അനുമതി നല്‍കിയത്.
സി.സി ടിവി ദൃശ്യങ്ങള്‍ ഇന്ന് കാണിക്കാമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ടെന്ന് ഇടവകക്കാരായ പരാതിക്കാര്‍ പറഞ്ഞു. വൈദികനെ അനുകൂലിച്ച് ഇന്നലെ കല്‍പ്പറ്റയില്‍ നടത്താനിരുന്ന കാത്തലിക് ഫോറത്തിന്റെ പത്രസമ്മേളനം അവസാന നിമിഷം ഒഴിവാക്കി. രൂപതയുടെ ഇടപെടലിനെ തുടര്‍ന്നാണിതെന്നറിയുന്നു.
Post Your Comments