ഇസ്ലാമാബാദ്: കടുത്ത രോഗത്തിന് ചികിത്സയ്ക്കെന്ന പേരിൽ ജാമ്യമെടുത്ത് ലണ്ടനിൽപോയ പാക് മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫ് പേരക്കുട്ടികൾക്കൊപ്പം അവിടുത്തെ വഴിയോര ഭക്ഷണശാലയിൽ ഇരിക്കുന്നതിന്റെ ചിത്രം രണ്ടാം തവണയും പുറത്തുവന്നതിനെച്ചൊല്ലി പാകിസ്താനിൽ വിവാദം.അഴിമതിക്കേസിൽ ജയിൽശിക്ഷ അനുഭവിക്കുന്നതിനിടെ ജാമ്യത്തിലിറങ്ങിയാണ് ഷെരീഫ് ലണ്ടനിൽ ചികിത്സയ്ക്ക് പോയത്. എന്നാൽ അദ്ദേഹം ആരോഗ്യവാനായി ഇരിക്കുന്നതിന്റെ ചിത്രമാണ് പുറത്തുവന്നിട്ടുള്ളത്.
മാസങ്ങൾക്കു മുമ്പ് ഇത്തരത്തിലുള്ള മറ്റൊരു ചിത്രം പുറത്തുവന്നിരുന്നു.ചികിത്സയ്ക്കായി നാലാഴ്ചത്തേക്ക് ലണ്ടനിലേക്ക് പോകാൻ പാകിസ്താനിലെ കോടതി 2019 നവംബറിലാണ് നവാസ് ഷെരീഫിന് അനുമതി നൽകിയത്. അദ്ദേഹത്തിന്റെ ഗുരുതര രോഗാവസ്ഥ കണക്കിലെടുത്ത് അദ്ദേഹത്തിന് എതിരെയുള്ള യാത്രാ നിയന്ത്രണങ്ങൾ നീക്കണമെന്നും പാസ്പോർട്ട് തിരിച്ചു നൽകണമെന്നും ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ മകളാണ് കോടതിയെ സമീപിച്ചത്. കോടതി അനുമതി നൽകിയതോടെ അദ്ദേഹത്തെ എയർ ആംബുലൻസിലാണ് ലണ്ടനിലേക്ക് കൊണ്ടുപോയത്.
നവാസ് ഷെരീഫിനെ അവഹേളിക്കാനാണ് അദ്ദേഹം ഭക്ഷണശാലയിൽ ഇരിക്കുന്ന ചിത്രം ചിലർ പുറത്തുവിട്ടതെന്ന് പിഎംഎൽ – എൻ വക്താവ് മറിയം ഔറംഗസേബ് പറഞ്ഞു. എന്നാൽ, ജനങ്ങളുടെ പ്രതികരണം തികച്ചും വ്യത്യസ്തമായിരുന്നു. ഇതിൽനിന്ന് ഭരണാധികാരികൾ പാഠം ഉൾക്കൊള്ളണമെന്നും പാർട്ടി വക്താവ് പറഞ്ഞു. നവാസ് ഷെരീഫിന്റെ കാപട്യം വ്യക്തമാക്കുന്നതാണ് ചിത്രമെന്ന് ഭരണകക്ഷിയായ തെഹ്രീക് ഇ ഇൻസാഫ് പാർട്ടി നേതൃത്വം ആരോപിച്ചു
അസുഖം ഭേദമായെങ്കിൽ അദ്ദേഹം പാകിസ്താനിലേക്ക് തിരിച്ചുവരണമെന്നും ലണ്ടനിൽ ചുറ്റിത്തിരിയുന്നത് എന്തിനാണെന്നും ചോദിച്ച് എതിരാളികൾ രംഗത്തെത്തിയിട്ടുണ്ട്. അതിനിടെ, തങ്ങളുടെ നേതാവിനെ ആരോഗ്യവാനായും ചുറുചുറുക്കോടെയും കാണാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്ന് പാകിസ്താൻ മുസ്ലിം ലീഗ് – നവാസ് (പിഎംഎൽ – എൻ) അനുകൂലികൾ പറയുന്നു.
Post Your Comments