പത്തനംതിട്ട : സംസ്ഥാനത്ത് കോവിഡ് ചികിത്സ പൂര്‍ണമായും സൗജന്യമാണെന്ന സര്‍ക്കാര്‍ പ്രഖ്യാപനത്തിന് വിരുദ്ധമായി ജോഷിയുടെ ചികിത്സയ്ക്കു വന്‍തുക ഈടാക്കിയെന്ന് പരാതി. കോവിഡ് ബാധിച്ചു മരിച്ച തിരുവല്ല ഇടിഞ്ഞില്ലം പ്രക്കാട്ട് പി.ടി.ജോഷിക്ക് നല്‍കിയ ചികിത്സയിലാണ് പിഴവുണ്ടെന്ന് കാണിച്ച് കുടുംബം രംഗത്ത് എത്തിയിരിക്കുന്നത്. ചികിത്സയ്ക്ക് പണം ഈടാക്കിയെന്നും ഇക്കാര്യങ്ങള്‍ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ആരോഗ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും ജോഷിയുടെ മകന്റെ ഭാര്യ ബിബി ലിജു പരാതി നല്‍കി.
കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇക്കഴിഞ്ഞ ദിവസമായിരുന്നു ജോഷിയുടെ മരണം. ഷാര്‍ജയില്‍ മകനെ കാണാന്‍ സന്ദര്‍ശക വീസയില്‍ പോയ അദ്ദേഹം ഈ മാസമാണ് മടങ്ങിയെത്തിയത്.
കോവിഡ് ചികിത്സ പൂര്‍ണമായും സൗജന്യമാണെന്ന സര്‍ക്കാര്‍ പ്രഖ്യാപനത്തിന് വിരുദ്ധമായി ജോഷിയുടെ ചികിത്സയ്ക്കു വന്‍തുക ചെലവഴിക്കേണ്ടി വന്നതായി പരാതിയില്‍ പറയുന്നു. കുത്തിവയ്പുകള്‍ക്കും മരുന്നുകള്‍ക്കുമായി 85,608 രൂപ ഈടാക്കി. ഷാര്‍ജയിലേക്കു പോകുന്നതു വരെ ജോഷി ഒരു രോഗത്തിനും ചികിത്സ തേടിയിട്ടില്ലെന്ന് ബിബി പറഞ്ഞു.
അതേസമയം, കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ജോഷിക്ക് നല്‍കിയ ‘ടോസീലിസ്‌മോബ്’ എന്ന മരുന്ന് കോവിഡ് ചികിത്സയ്ക്കുള്ള ഗൈഡ്ലൈനില്‍ കൃത്യമായി പറയുന്നതാണെന്ന് പകര്‍ച്ചവ്യാധി വിഭാഗം മേധാവി ഡോ.ആര്‍.സജിത്കുമാര്‍ അറിയിച്ചു. എല്ലാ ചികിത്സയും മെഡിക്കല്‍ ബോര്‍ഡ് കൂടി തീരുമാനിച്ചാണ് നടത്തിയത്.
Post Your Comments