കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ നടക്കുന്ന ക്ലാസുകളുടെ നാളത്തെ വിഷയം തിരിച്ചുള്ള ടൈംടേബിൾ ആയി. ഓരോ വിഷയത്തിനും അരമണിക്കൂർ ദൈർഘ്യമുള്ള ക്ലാസുകളാണ് സംപ്രേഷണം ചെയ്യുന്നത്. പ്ലസ് ടു ക്ലാസിന് രാവിലെ 08.30 ന് ഇംഗ്ലീഷും 09.00 ന് ജിയോഗ്രഫിയും 09.30 ന് മാത്തമാറ്റിക്സും 10.00 ന് കെമിസ്ട്രിയും 10.30 ന് ഒന്നാം ക്ലാസിന് പൊതുവിഷയവും ആയിരിക്കും. പത്താം ക്ലാസിന് 11.00 ന് ഭൗതികശാസ്ത്രവും 11.30 ന് ഗണിതശാസ്ത്രവും 12.00 ന്് ജീവശാസ്ത്രവും ക്ലാസുകൾ സംപ്രേഷണം ചെയ്യും. പ്രൈമറി വിഭാഗത്തിൽ രണ്ടാം ക്ലാസിന് 12.30 ന് പൊതുവിഷയവും മൂന്നാം ക്ലാസിന് ഒരു മണിയ്ക്ക് മലയാളവും നാലാം ക്ലാസിന് 01.30 ന് ഇംഗ്ലീഷും സംപ്രേഷണം ചെയ്യും. അഞ്ച്, ആറ്, ഏഴ് ക്ലാസുകൾക്കായി മലയാളം ഉച്ചയ്ക്ക് യഥാക്രമം 02.00, 02.30, 03.00 മണിയ്ക്ക് സംപ്രേഷണം ചെയ്യും. എട്ടാം ക്ലാസിന് വൈകിട്ട് 3.30 ന് ഗണിതശാസ്ത്രവും 4.00 മണിയ്ക്ക് രസതന്ത്രവും ഒമ്പതാം ക്ലാസിന് 4.30 ന് ഇംഗ്ലീഷും 5.00 മണിയ്ക്ക് ഗണിതശാസ്ത്രവും സംപ്രേഷണം ചെയ്യും.
പന്ത്രണ്ടാം ക്ലാസിലുള്ള നാലു വിഷയങ്ങളും രാത്രി 7.00 മുതലും പത്താം ക്ലാസിനുള്ള മൂന്ന് വിഷയങ്ങളും വൈകുന്നേരം 5.30 മുതലും നാളെ ഇതേക്രമത്തിൽ പുനഃസംപ്രേഷണവും ഉണ്ടാകും. മറ്റു വിഷയങ്ങളുടെ പുനഃസംപ്രേഷണം ശനിയാഴ്ചയായിരിക്കും. കൈറ്റ് വിക്ടേഴ്സ് ചാനൽ കേബിൾ ശൃംഖലകളിൽ ലഭ്യമാണ്. ഏഷ്യാനെറ്റ് ഡിജിറ്റലിൽ 411, ഡെൻ നെറ്റ്വർക്കിൽ 639, കേരള വിഷനിൽ 42, ഡിജി മീഡിയയിൽ 149, സിറ്റി ചാനലിൽ 116 എന്നീ നമ്പറുകളിലാണ് ചാനൽ ലഭിക്കുക. വീഡിയോകോൺ ഡി2എച്ചിലും ഡിഷ് ടി.വി.യിലും 642-ാം നമ്പറിൽ ചാനൽ ദൃശ്യമാകും. മറ്റു ഡി.ടി.എച്ച്. ഓപ്പറേറ്റർമാരും എത്രയും പെട്ടെന്ന് അവരുടെ ശൃംഖലയിൽ കൈറ്റ് വിക്ടേഴ്സ് ഉൾപ്പെടുത്തും എന്ന് പ്രതീക്ഷിക്കുന്നു. ഇതിനു പുറമേ www.victers.kite.kerala.gov.in പോർട്ടൽ വഴിയും ഫെയ്സ്ബുക്കിൽ facebook.com/Victers educhannel വഴിയും തൽസമയവും യുട്യൂബ് ചാനലിൽ youtube.com/itsvicters ൽ സംപ്രേക്ഷണത്തിന് ശേഷവും ക്ലാസുകൾ ലഭ്യമാകും. ആദ്യ ആഴ്ചയിൽ ട്രയൽ സംപ്രേഷണമായതിനാൽ ജൂൺ ഒന്നിലെ ക്ലാസുകൾ അതേക്രമത്തിൽ ജൂൺ എട്ടിന് തിങ്കളാഴ്ച പുനഃസംപ്രേഷണം ചെയ്യും. വീട്ടിൽ ടി.വിയോ സ്മാർട്ട് ഫോണോ, ഇന്റർനെറ്റോ ഒന്നുമില്ലാത്ത ഒരു കുട്ടിക്ക്പോലും ക്ലാസുകൾ കാണാൻ അവസരം ഇല്ലാതിരിക്കുന്ന സാഹചര്യം പൂർണമായും ഒഴിവാക്കേണ്ടതാണെന്ന് സർക്കാർ ഉത്തരവിൽ നിഷ്‌കർഷിച്ചിട്ടുണ്ട്. ഇതനുസരിച്ചുള്ള ക്രമീകരണങ്ങൾ ക്ലാസദ്ധ്യാപകർ കുട്ടികളുമായി ബന്ധപ്പെട്ടും പ്രഥമാധ്യാപകർ തദ്ദേശ ഭരണ സ്ഥാപനങ്ങളുടേയും കുടുംബശ്രീ യൂണിറ്റുകളുടേയും പി.ടി.എകളുടേയുമെല്ലാം സഹായത്തോടെ ഏർപ്പെടുത്താനും സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്. ആദ്യ ആഴ്ച തന്നെ ആവശ്യകതയ്ക്കനുസരിച്ച് കൈറ്റ് സ്‌കൂളുകളിൽ ഹൈടെക് പദ്ധതിയുടെ ഭാഗമായി ലഭ്യമാക്കിയ 1.2 ലക്ഷം ലാപ്ടോപ്പുകൾ, 7000 പ്രോജക്ടറുകൾ, 4545 ടെലിവിഷനുകൾ തുടങ്ങിയവ സൗകര്യങ്ങൾ ലഭ്യമല്ലാത്ത പ്രദേശത്ത് കൊണ്ടുപോയി ഉപയോഗിക്കാൻ അനുവാദം നൽകുമെന്ന് കൈറ്റ് സി.ഇ.ഒ കെ. അൻവർ സാദത്ത് അറിയിച്ചു. സംപ്രേഷണ സമയത്തോ ആദ്യ ദിവസങ്ങളിലോ ക്ലാസുകൾ കാണാൻ കഴിയാത്ത കുട്ടികൾ ഉണ്ടെങ്കിൽ രക്ഷിതാക്കളും കുട്ടികളും യാതൊരു കാരണവശാലും ആശങ്കപ്പെടേണ്ട കാര്യമില്ല. അവർക്കായി പിന്നീട് ഡൗൺലോഡ് ചെയ്ത ഉള്ളടക്കം ഓഫ്ലൈനായി കാണിക്കുന്നതുൾപ്പെടെ വിവിധങ്ങളായ സംവിധാനങ്ങളും തുടർന്ന് ഏർപ്പെടുത്തുന്നതാണ്.
Post Your Comments