തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം ജൂൺ ആദ്യമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചപ്പോൾ വ്യത്യസ്ത അറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ സ്ഥാപനമായ സ്കൈമെറ്റ്. തെക്ക് കിഴക്കന്‍ അറബിക്കടലില്‍ കേരള തീരത്തിനടുത്തായി ന്യൂനമര്‍ദം രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുമ്പോഴാണ് സ്കൈമെറ്റ് വ്യത്യസ്ത കണ്ടെത്തലുമായി വന്നിരിക്കുന്നത്.
കേരളത്തിൽ തെക്കുപടിഞ്ഞാറൻ മൺസൂൺ ആരംഭിച്ചതായാണ് കാലാവസ്ഥാ നിരീക്ഷണ സ്ഥാപനമായ സ്കൈമെറ്റ് പറഞ്ഞിരിക്കുന്നത്. എന്നാൽ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) ഇതിന് വിരുദ്ധമായ റിപ്പോർട്ടാണ് നൽകുന്നത്.
ഇന്ത്യയുടെ പ്രധാന കരമേഖലകളിലേക്ക് മൺസൂൺ എത്തിച്ചേർന്നെന്നും, കേരളത്തിൽ പ്രവചിച്ചതിലും നേരത്തേ കാലവർഷം ആരംഭിച്ചുവെന്നും സ്കൈമെറ്റ് ട്വീറ്റ് ചെയ്തു. ഈ മാസം 28ന് സംസ്ഥാനത്ത് മൺസൂൺ ആരംഭിക്കുമെന്നും ഇതിൽ രണ്ടു ദിവസത്തെ വ്യത്യാസമുണ്ടായേക്കാമെന്നും സ്കൈമെറ്റ് പ്രവചിച്ചിരുന്നു.
എന്നാൽ അടുത്ത 24 മണിക്കൂറില്‍ കേരള തീരത്തിനടുത്തായി രൂപപ്പെട്ട ന്യൂനമര്‍ദം കൂടുതല്‍ ശക്തി പ്രാപിച്ചു തീവ്ര ന്യൂനമര്‍ദമായി മാറുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. പിന്നീടുള്ള 24 മണിക്കൂറില്‍ തീവ്ര ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ നിഗമനം. ചുഴലിക്കാറ്റായി മാറിയാല്‍ ബംഗ്ലാദേശ് നല്‍കിയ ‘നിസര്‍ഗ’ എന്ന പേരില്‍ അറിയപ്പെടും.
ഇത് വടക്ക് ദിശയില്‍ മഹാരാഷ്ട്ര-ഗുജറാത്ത് തീരങ്ങളെ ലക്ഷ്യമാക്കി സഞ്ചരിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് കണക്കാക്കുന്നത്. ന്യൂനമര്‍ദം രൂപപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ ശക്തമായ മഴ അടുത്ത അഞ്ചു ദിവസം തുടരുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. ശക്തമായ കാറ്റും കടലാക്രമണത്തിനുമുള്ള സാധ്യത മുന്നില്‍ കണ്ടുകൊണ്ടുള്ള മുന്നൊരുക്കങ്ങള്‍ നടത്തേണ്ടതാണെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കടല്‍ അതിപ്രക്ഷുബ്ധമാകാന്‍ സാധ്യതയുള്ളതിനാല്‍ ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ കേരള തീരത്ത് നിന്ന് കടലില്‍ പോകുന്നത് പൂര്‍ണ്ണമായി നിരോധിച്ചിരിക്കുകയാണ്. കേരളത്തില്‍ തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം എത്തിയതായി സ്വകാര്യ കാലാവസ്ഥ നിരീക്ഷണ ഏജന്‍സിയായ സ്‌കൈമെറ്റ് വ്യക്തമാക്കിയിരുന്നു.
Post Your Comments