News

ടോം ജോസിനെപ്പോലെ ഇത്രയധികം വെല്ലുവിളികൾ നേരിട്ട മറ്റൊരു ചീഫ് സെക്രട്ടറിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

ടോം ജോസിനെപ്പോലെ ഇത്രയേറെ വെല്ലുവിളികൾ നിറഞ്ഞ കാലഘട്ടം നേരിട്ട വേറൊരു ചീഫ് സെക്രട്ടറിയും കേരളത്തിൽ പ്രവർത്തിക്കേണ്ടിവന്നിട്ടുണ്ടാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിസന്ധിഘട്ടങ്ങളിൽ ഭരണനേതൃത്വത്തിന്റെ മനസ്സറിഞ്ഞ് പ്രവർത്തിച്ചയാളാണ് ടോം ജോസെന്നും മുഖ്യമന്ത്രി പറഞ്ഞു. വിരമിക്കുന്ന ചീഫ് സെക്രട്ടറി ടോം ജോസിന് നൽകിയ യാത്രയയപ്പ് ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ടോം ജോസ് ചീഫ് സെക്രട്ടറിയായ കാലത്താണ് പ്രളയം, നിപ, കാലവർഷക്കെടുതി, കോവിഡ് തുടങ്ങിയ പ്രതിസന്ധികൾ നേരിടേണ്ടിവന്നത്. അദ്ദേഹം ചീഫ് സെക്രട്ടറിയായിരുന്ന 23 മാസവും പ്രക്ഷുബ്ധവും വിശ്രമമെന്തെന്നറിയാത്ത രാപകലുകളുമായിരുന്നു. ഇത്രയും വിശ്രമരഹിതമായി വേറൊരു ചീഫ് സെക്രട്ടറിക്കും ടീമിനും പ്രവർത്തിക്കാൻ ഇടവന്നിട്ടുണ്ടാകില്ല. അർപ്പണബോധം, കാര്യക്ഷമത, ആത്മാർഥത ഇതൊക്കെയാണ് വിജയത്തിളക്കം സ്വന്തമാക്കാൻ ടോംജോസിന് തുണയായതെന്നും മുഖ്യമന്ത്രി പറയുകയുണ്ടായി.

അത്യന്തം ബുദ്ധിമുട്ടുണ്ടാകുന്ന ഘട്ടങ്ങളിൽ നേരിടാനുള്ള തന്ത്രങ്ങളും പദ്ധതികളും നമുക്ക് രൂപപ്പെടുത്തേണ്ടിവന്നിട്ടുണ്ട്. അതിന്റെ നിർവഹണം എത്രമാത്രം ക്ലേശകരമാണെന്ന് ഊഹിക്കാവുന്നതേയുള്ളൂ. അതേറ്റെടുത്ത് വിജയിപ്പിക്കാനായി എന്നതാണ് ടീം ലീഡർ എന്നനിലയ്ക്ക് ടോം ജോസിന്റെ വലിയ വിജയം. ഇത്തരത്തിൽ അർഥപൂർണമായ ഇടപെടലിന് ഉദ്യോഗസ്ഥ പ്രമുഖനായി ഒതുങ്ങിനിൽക്കാതെ ബ്യൂറോക്രസിയെ ജനസേവന ഉപാധിയാക്കി മാറ്റി സമർപ്പിത മനസ്സോടെ ജനസേവകനാകാനുള്ള സന്നദ്ധതയിലേക്ക് ഉയരാനാകണം. സിവിൽ സർവീസിന്റെ വരേണ്യസംസ്‌കാരത്തിൽ പതിറ്റാണ്ടുകളായി കഴിയുന്നവർക്ക് അപൂർവമായി മാത്രമേ ഇത്തരത്തിൽ മാറാനാകൂ. അതിൽ ടോം ജോസിന്റെ നേതൃത്വത്തിലുള്ള ടീമിന് വിജയിക്കാനായത് അഭിനന്ദനാർഹമാണ്. സ്വന്തം നാടും ജനങ്ങളും വിഷമത്തിലാകുമ്പോൾ അത് തന്റെ കൂടി വിഷമമാണെന്ന് കരുതാനുള്ള മനസ്സന്നദ്ധതയുള്ളതിനാലാണ് അദ്ദേഹത്തിനത് സാധിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button