തലശേരി: ഒന്നര വയസുകാരനെ കടലിലെറിഞ്ഞു കൊന്ന കേസില്‍ കണ്ണൂര്‍ വനിതാ ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന തയ്യിൽ കൊടുവള്ളി വീട്ടില്‍ ശരണ്യ(22)യുടെ കാമുകന്‍ വലിയന്നൂര്‍ സ്വദേശി നിധി(28)ന് ഓണ്‍ലൈനിലൂടെ കോടതി ജാമ്യം അനുവദിച്ചു. അഭിഭാഷകന്‍ അഡ്വ. മഹേഷ് വര്‍മ്മ സമര്‍പ്പിച്ച ഹര്‍ജിയില്‍ തലശേരി ജില്ലാ സെഷന്‍സ് കോടതിയുടെ ചുമതലയുള്ള അഡീഷണല്‍ സെഷന്‍സ് ജഡ്‌ജി പി.എന്‍.വിനോദാണ് കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ചത്.
50,000 രൂപയും രണ്ട് ജാമ്യക്കാരുമാണ് ജാമ്യവ്യവസ്‌ഥ. 50,000 രൂപയുടെ രണ്ടാള്‍ ജാമ്യം, അന്വേഷണത്തില്‍ ഇടപെടുന്ന ഒന്നും ചെയ്യരുത്, സാക്ഷികളെ സ്വാധീനിക്കരുത്, ജാമ്യ വേളയില്‍ മറ്റു കേസുകളില്‍ അറസ്റ്റിലാവരുത്, കൊവിഡ് നിയന്ത്രണ ചട്ടങ്ങള്‍ അനുസരിച്ച് യാത്രകള്‍ പാടില്ല എന്നീ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.കേസിലെ ഒന്നാം പ്രതിയും കുട്ടിയുടെ അമ്മയുമായ തയ്യില്‍ കൊടുവള്ളി ഹൗസില്‍ ശരണ്യ (22) റിമാന്‍ഡിലാണുള്ളത്.
2020 ഫെബ്രുവരി 17ന് രാത്രിയിലാണ് കേസിനാസ്പദമായ സംഭവം. കാമുകനൊപ്പം കഴിയാന്‍ ഭര്‍ത്താവിനൊപ്പം കിടന്നുറങ്ങുകയായിരുന്ന മകന്‍ വിയാനെ എടുത്തു കൊണ്ടുപോയി ശരണ്യ വീടിന് സമീപത്തെ കടലില്‍ എറിയുകയായിരുന്നുവെന്നാണ് കേസ്. കൊല നടന്ന അന്നു തന്നെ ശരണ്യയാണ് പ്രതിയെന്ന് കണ്ടെത്തിയ പൊലീസ് രണ്ടു ദിവസത്തിനുള്ളില്‍ നിധിനെ പിടികൂടിയിരുന്നു.
കൊച്ചിയിലേക്ക് മുങ്ങിയ ഇയാളെ വിളിച്ചു വരുത്തിയാണ് അറസ്റ്റ് ചെയ്തത്. കൊലപാതക പ്രേരണാകുറ്റമാണ് ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. ശരണ്യയുമായി ഏറെ കാലത്തെ ബന്ധം പുലര്‍ത്തിയിരുന്ന നിധിന്‍ യുവതിയെ ലൈംഗികപരമായും സാമ്പത്തികപരമായും ചൂഷണം ചെയ്തതായി പൊലീസ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നുണ്ട്.
Post Your Comments