തിരുവനന്തപുരം: കോവിഡ് വ്യാപന ഭീതി നിലനിൽക്കെ മദ്യശാലകളിലെ തിരക്കൊഴിവാക്കാൻ സർക്കാർ കണ്ടെത്തിയ ‘ബെവ് ക്യൂ’ ആപ്പിന്റെ സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കാനാവില്ലെന്ന് ഐ ടി വിദഗ്ദ്ധർ. ആപ്പ് വരുന്നത് നോക്കി ഇരുന്ന് മദ്യശാലകൾ തുറക്കാൻ വൈകിപ്പിച്ച പിണറായി സർക്കാരിന് 200 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് വിലയിരുത്തൽ.
ബെവ് ക്യൂ ആപ്പിന്റെ പ്രവര്‍ത്തനം തുടര്‍ച്ചയായ രണ്ടാം ദിവസവും തകരുകയും മദ്യവിതരണം കൂട്ടക്കുഴപ്പത്തിലെത്തുകയും ചെയ്തതോടെ ഇതിനു പിന്നിലെ അഴിമതി സംബന്ധിച്ച് പ്രതിപക്ഷം ഉന്നയിച്ച ആരോപണം പൂര്‍ണമായി ശരിയെന്ന് തെളിഞ്ഞിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
ആപ്പ് പിന്‍വലിക്കേണ്ടതില്ലെന്ന് എക്‌സൈസ് മന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചത് അഴിമതി മൂടിവയ്ക്കാനാണ്. ആപ്പ് തകര്‍ന്നതോടെ ബാറുകള്‍ ടോക്കണൊന്നുമില്ലാതെ യഥേഷ്ടം മദ്യ വില്‍പ്പന നടത്തുകയും ബിവറേജസ് ഔട്ട് ലെറ്റുകളില്‍ കച്ചവടം നടക്കാതിരിക്കുകയും ചെയ്യുകയാണ്. ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ പൂട്ടിപ്പോവുമെന്ന് പ്രതിപക്ഷം പറഞ്ഞത് അക്ഷരാര്‍ഥത്തില്‍ ശരിയായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കൃത്യമായി ടോക്കണ്‍ വിതരണം ചെയ്യാന്‍ കഴിയാതായതോടെ സംസ്ഥാനത്ത് പലയിടത്തും ബാറുകളിലൂടെ ടോക്കണില്ലാതെ തന്നെ മദ്യം വിതരണം ചെയ്തു. ആപ്പ് കിട്ടുന്നില്ല, ബുക്കിങ്ങ് നടക്കുന്നില്ല, ഒ.ടി.പി ലഭിക്കുന്നില്ല തുടങ്ങി ആദ്യ ദിവസം ഉയര്‍ന്ന പരാതികള്‍ തന്നെയാണ് ഇന്നലെയും ഉണ്ടായത്. ആദ്യ ദിവസത്തെ പ്രശ്‌നങ്ങള്‍ രണ്ടാം ദിനത്തില്‍ പരിഹരിക്കുമെന്നാണ് ആപ്പ് തയാറാക്കിയ ഫെയര്‍ കോഡ് എന്ന കമ്പനി പറഞ്ഞിരുന്നതെങ്കിലും ഇന്നലെയും ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല.
പ്രശ്‌നങ്ങള്‍ സങ്കീര്‍ണമായതോടെ എക്‌സൈസ് മന്ത്രി ടി.പി.രാമകൃഷ്ണന്‍ ഇന്നലെ ഉന്നതതല യോഗം വിളിച്ച് കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. പ്രതിപക്ഷം ഇതിനകം തന്നെ ആരോപണം ഉന്നയിച്ചിരിക്കുന്ന സാഹചര്യത്തില്‍ ആപ്പ് ഉപേക്ഷിക്കുന്നത് വിവാദമാകുമെന്ന് ഭയന്നാണ് അതില്‍നിന്നും പിന്‍മാറാതിരിക്കുന്നത്.
ALSO READ: കണ്ണൂരിൽ രോഗ വ്യാപനം രൂക്ഷമാകുന്നു; ട്രിപ്പിൾ ലോക്ക് ഡൗണ്‍ നടപ്പാക്കിയേക്കും
ആപ്പിന്റെ പ്രവര്‍ത്തനം പരിശോധിക്കാന്‍ ഐ.ടി. സെക്രട്ടറി എം.ശിവശങ്കറിനെയും സ്റ്റാര്‍ട്ടപ്പ് മിഷന്‍ സി.ഇ.ഒ. സജി ഗോപിനാഥിനെയും യോഗം ചുമതലപ്പെടുത്തുകയും ചെയ്തു. ആപ്പിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടുണ്ടായ സാങ്കേതിക പരിമിതികളെക്കുറിച്ച് മന്ത്രി ബിവറേജസ് കോര്‍പറേഷനില്‍ നിന്നും സ്റ്റാര്‍ട്ടപ്പ് മിഷനില്‍ നിന്നും വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
Post Your Comments