KeralaLatest NewsNews

ഒരുപാട് ഉത്രമാരെ എനിക്കറിയാം… അടുക്കളയിലെ പാത്രങ്ങളോടും ബാത്ത്‌റൂമിലെ ഷവറിനോടും മാത്രം പരിഭവം പറയുന്ന ഉത്രമാര്‍ … പുരുഷന്‍ എന്നാല്‍ സ്ത്രീകളുടെ കാഴ്ചപ്പാടില്‍ വേറെയാണ്.. നീ പുരുഷ വര്‍ഗത്തിന് അപമാനം : വൈറലായി വാണിപ്രയാഗിന്റെ കുറിപ്പ്

അഞ്ചലില്‍ ഉത്ര എന്ന യുവതിയെ ഭര്‍ത്താവ് പാമ്പിനെ കൊണ്ടു കടിപ്പിച്ച് കൊന്ന വാര്‍ത്തയുടെ ഞെട്ടലിലാണ് എല്ലാവരും. ഇത്രയേറെ സ്ത്രീധനം വാങ്ങി വിവാഹം കഴിച്ച് അവളെ നോക്കാനുള്ള അല്ലെങ്കില്‍ പോറ്റാനുള്ള കഴിവില്ലാതെ നിഷ്ഠൂരമായി കൊലപ്പെടുത്തിയ നീ ഞങ്ങള്‍ പുരുഷ വര്‍ഗത്തിന് അപമാനമാണ്. സമൂഹമാധ്യമങ്ങളിലൂടെയും മറ്റും നിരവധിപ്പേര്‍ രോഷം പ്രകടിപ്പിക്കുന്നുണ്ട്. ഇക്കൂട്ടത്തില്‍ വാണി പ്രയാഗ് എന്ന യുവതി എഴുതിയ കുറിപ്പ് ശ്രദ്ധ നേടുകയാണ്.

പെണ്ണിനെ വെറും വില്‍പന ചരക്കായി കാണാതെ സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തരാക്കുകയാണ് മാതാപിതാക്കള്‍ ചെയ്യേണ്ടതെന്നു വാണി കുറിപ്പിലൂടെ ഓര്‍മിപ്പിക്കുന്നു. സൂരജിനെപ്പോലുള്ളവരെ ഈ നാട്ടിലെ പെണ്ണുങ്ങള്‍ക്ക് പുരുഷനായി അംഗീകരിക്കാന്‍ കഴിയില്ല. കാരണം പെണ്ണിന്റെ കാഴ്ചപ്പാടിലെ പുരുഷന്‍ അവളെ സ്‌നേഹിക്കുന്നവനാണ്, സംരക്ഷിക്കുന്നവനാണ്. അല്ലാതെ കെട്ടിയ താലിയുടെ ബലത്തില്‍ പിഴിഞ്ഞുറ്റി ചണ്ടിയാകുമ്പോള്‍ കൊന്നു കളയുന്നവനല്ലെന്നും വാണി കുറിക്കുന്നു.

വാണി പ്രയാഗ് എഴുതിയ കുറിപ്പ് വായിക്കാം;

ഉത്രയെ എനിക്കറിയാം. ഒന്നല്ല ഒരു പാട് ഉത്രമാരെ. അടുക്കളയിലെ പാത്രങ്ങളോടും ബാത്ത്റൂമിലെ ഷവറിനോടും മാത്രം പരിഭവം പറയുന്ന ഉത്രമാര്‍. ഒരായിരം സ്വപ്നങ്ങളുടെ നിറക്കൂട്ടുകളിലൂടെയായിരിക്കും ഒരു പെണ്‍കുട്ടി അവളുടെ വിവാഹ ജീവിതത്തിലേക്ക് കടക്കുന്നത്. വളര്‍ന്നു വന്നതില്‍ നിന്നും തികച്ചും വ്യത്യസ്ഥമായൊരു ചുറ്റുപാടിലേക്കുള്ളൊരു പറിച്ചു നടല്‍.

തന്റെ പാതിയെ കുറിച്ച് അവള്‍ക്ക് ഒരായിരം സങ്കല്‍പ്പങ്ങള്‍ ഉണ്ടായിരിക്കും. ഒരുമിച്ച് നെയ്തു കൂട്ടേണ്ടുന്ന ഒരു വര്‍ണ്ണ കൊട്ടാരമുണ്ടാകും. ഇതില്‍ സ്ത്രീധനം വില്ലനായി വരുന്നതെപ്പോഴാണ് . ഒരു കുഞ്ഞിനെ അതാണാവട്ടെ, പെണ്ണാവട്ടെ. വളര്‍ത്തി വലുതാക്കി പതിനെട്ടോ ഇരുപതോ വയസാകുമ്പോള്‍ അല്ലെങ്കില്‍ അതിനു മുന്‍പേ പലരും അവരുടെ ഉള്ളിലേക്ക് കുത്തിവെക്കുന്ന ഒരു വികാരം ഉണ്ട്. ആണ് കുടുംബം പുലര്‍ത്താനുള്ളതും പെണ്ണ് മറ്റൊരു വീട്ടിലേക്ക് ചെന്നു കയറാനുള്ളവളും.

ഇത്രയും കാലം വളര്‍ത്തി വലുതാക്കി ആരും കണ്ടാല്‍ മോഹിക്കുന്നൊരു പെണ്ണാക്കിയാല്‍ മാത്രം പോരാ, സ്വര്‍ണം കൊണ്ട് അടി മുടി മൂടണം. ആ കച്ചവടത്തില്‍ അവളുടെ വിദ്യാഭ്യാസത്തിനോ, സൗന്ദര്യത്തിനോ കാഴ്ചപ്പാടിനോ പുല്ലു വില പോലും സമൂഹം നല്‍കുന്നില്ല എന്നതാണ് പലപ്പോഴും സംഭവിക്കുന്നത്. ഏതെങ്കിലും തരത്തില്‍ കുറവുള്ളവളാണെങ്കില്‍ പറയുകയും വേണ്ട. ആ മാതാപിതാക്കളുടെ ജീവിതാവസാനം വരെ ഊറ്റിപ്പിഴിയും അതുങ്ങളെ.

കഴിഞ്ഞ ദിവസം നമ്മള്‍ പത്രങ്ങളില്‍ വായിച്ച ഉത്രയുടെ ജീവിതത്തെ കുറിച്ച് പറയുമ്പോള്‍ രക്ഷിതാക്കളോട് ഒന്നു മാത്രമാണ് പറയാനുള്ളത്. നിങ്ങളുടെ പെണ്‍മക്കളെ നിങ്ങള്‍ കാണേണ്ടത് ഒരു വില്‍പന ചരക്കായല്ല. മറിച്ച് അവര്‍ക്ക് നിങ്ങള്‍ക്കു നല്‍കാന്‍ കഴിയുന്ന ഒന്നുണ്ട്. തന്റേടം. ജീവിതത്തെ കുറിച്ചുള്ള ബോധം, ചുറ്റുപാടിനെ കുറിച്ചുള്ള ദീര്‍ഘവീക്ഷണം. അല്ലാതെ മകളെ എം.എക്കാരി ആക്കിയതു കൊണ്ടോ, ഇട്ടു മൂടുന്ന പൊന്നു കൊണ്ട് തുലാഭാരം നടത്തിയതു കൊണ്ടോ അവര്‍ക്കെന്താണ് ലഭിക്കുന്നത്. അവരെ സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തരാക്കുകയാണ് ചെയ്യേണ്ട്. ആരാന്റെ അകത്തളങ്ങളില്‍ കരിപുരണ്ടു പോകേണ്ട ഒന്നല്ല പെണ്ണ് എന്ന് ബോധ്യമുണ്ടാകണം.

ഇത്രയും പറഞ്ഞ സ്ഥിതിക്ക് ആ മഹാനെ കുറിച്ച് കൂടി പറഞ്ഞില്ലെങ്കില്‍ മുഴുവനാവില്ല. നിന്നെ ഒരിക്കലും ഇന്നാട്ടിലെ സ്ത്രീകള്‍ക്ക് ഒരു പുരുഷനായി അംഗീകരിക്കാന്‍ കഴിയില്ല. കാരണം പെണ്ണിന്റെ കാഴ്ചപ്പാടിലെ പുരുഷന്‍ അവളെ സ്‌നേഹിക്കുന്നവനാണ്, സംരക്ഷിക്കുന്നവനാണ്. അല്ലാതെ കെട്ടിയ താലിയുടെ ബലത്തില്‍ പിഴിഞ്ഞുറ്റി ചണ്ടിയാകുമ്പോള്‍ കൊന്നു കളയുന്നവനല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button