ന്യൂഡല്‍ഹി: ആശുപത്രി നിര്‍മാണത്തിനും മറ്റും സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ കൈപ്പറ്റിയിട്ടുള്ള സ്വകാര്യ ആശുപത്രികള്‍ കോവിഡ് ചികിത്സ സൗജന്യമായി നടത്തിക്കൂടെയെന്നു സുപ്രീം കോടതി.സ്വകാര്യ ആശുപത്രികളിലെ കോവിഡ് 19 ചികിത്സാ ചെലവുകളേക്കുറിച്ചുള്ള പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കുമ്പോഴാണ് കോടതിയുടെ ചോദ്യം. സൗജന്യങ്ങള്‍ കൈപ്പറ്റിയിട്ടുള്ള ആശുപത്രികള്‍ക്ക് ചികിത്സ സൗജന്യമായി നല്‍കാനുള്ള ബാധ്യതയുണ്ട്.
ഇതുസംബന്ധിച്ച് പൊതുനയം രൂപീകരിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയോട് കോടതി നിര്‍ദേശിച്ചു.കോവിഡ് രോഗികളെ സൗജന്യമായും വളരെ കുറഞ്ഞ ചെലവിലും ചികിത്സിക്കാന്‍ സാധിക്കുന്ന സ്വകാര്യ ആശുപത്രികളുടെ വിവരങ്ങള്‍ കോടതിയില്‍ ഹാജരാക്കണമെന്ന് ചീഫ് ജസ്‌റ്റിസ് എസ്.എ. ബോബ്‌ഡെ, ജസ്‌റ്റിസ് എ.എസ്. ബോപ്പണ്ണ, ജസ്‌റ്റിസ് ഋഷികേശ് റോയ് എന്നിവരുടെ ബെഞ്ച് നിര്‍ദേശിച്ചു.
അഭിഭാഷകനായ സച്ചിന്‍ ജയിന്‍ ആണ് പൊതുതാല്‍പര്യ ഹര്‍ജി ഫയല്‍ ചെയ്‌തത്. കഴിഞ്ഞ മാസം സ്വകാര്യ ലാബുകള്‍ കോവിഡ് 19 പരിശോധന സൗജന്യമാക്കണമെന്ന് കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍, സ്വകാര്യ ലാബുകളുടെ അപേക്ഷ കണക്കിലെടുത്ത് പ്രധാന്‍മന്ത്രി ജന്‍ ആരോഗ്യ യോജനയില്‍ അംഗമായവര്‍ക്കും സാമ്ബത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കും മാത്രമായി ഈ സൗജന്യമെന്നു പിന്നീട് കോടതി തിരുത്തിയിരുന്നു.
Post Your Comments