ന്യൂദല്‍ഹി: ഇതര സംസ്ഥാനത്തൊഴിലാളികളുടെ മടക്കയാത്ര സുപ്രീം കോടതി സൗജന്യമാക്കി. ട്രെയിന്‍, ബസ് യാത്രാക്കൂലി അവരില്‍ നിന്ന് വാങ്ങരുതെന്നും ഇതിന്റെ ചെലവ് സംസ്ഥാന സര്‍ക്കാരുകള്‍ വഹിക്കണമെന്നും ജസ്റ്റിസ് അശോക് ഭൂഷന്റെ നേതൃത്വത്തിലുള്ള സുപ്രീംകോടതി ബെഞ്ച് ഉത്തരവിട്ടു. നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന എല്ലാ തൊഴിലാളികളുടെയും രജിസ്ട്രേഷന്‍ പൂര്‍ത്തീകരിച്ച് വേഗം മടക്കിയയയ്ക്കണം. ഇതിന് കൂടുതല്‍ ട്രെയിനുകള്‍ സര്‍വീസ് നടത്തണം. തൊഴിലാളികള്‍ നടന്നു പോയാല്‍ അവരെ വേഗം തൊട്ടടുത്ത ക്യാമ്പിലേക്ക് മാറ്റണം.
അവിടെ നിന്ന് സുരക്ഷിതമായി വീടുകളിലെത്തിക്കണം. തൊഴിലാളി പ്രശ്ന പരിഹാരത്തിന് കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. എന്നാല്‍ സഹായമാവശ്യമായ പലര്‍ക്കും അതു ലഭ്യമായില്ല. സംസ്ഥാന സര്‍ക്കാരുകളാണ് ഒന്നും ചെയ്യാത്തത്. മടക്കയാത്ര ക്രമീകരിക്കും വരെ എല്ലാ തൊഴിലാളികള്‍ക്കും സൗജന്യഭക്ഷണവും താമസവും സംസ്ഥാന സര്‍ക്കാരുകള്‍ ഒരുക്കണം. ഭക്ഷണവും വെള്ളവുമടക്കമുള്ള ക്രമീകരണങ്ങള്‍ ഒരുക്കേണ്ടത് സംസ്ഥാന സര്‍ക്കാരുകളുടെ കടമയാണ്. ഇതു വിതരണം ചെയ്യുന്ന സ്ഥലവും സമയവും മുന്‍കൂട്ടി നിശ്ചയിച്ച ശേഷം വേണം തൊഴിലാളികളുടെ യാത്ര ആരംഭിക്കാന്‍.
റെയില്‍വേയുമായി സഹകരിച്ച് ഇക്കാര്യങ്ങള്‍ ഉറപ്പുവരുത്തേണ്ടത് സംസ്ഥാന സര്‍ക്കാരുകളുടെ ഉത്തരവാദിത്വമാണ്. ആദ്യ ദിവസത്തെ ഭക്ഷണം ട്രെയിന്‍ പുറപ്പെടുന്ന സംസ്ഥാനങ്ങളും ബാക്കി ദിവസത്തെ ഭക്ഷണം റെയില്‍വേയുമാണ് ക്രമീകരിക്കേണ്ടത്. അതെ സമയം മെയ് ഒന്നു മുതല്‍ നാലാഴ്ച കൊണ്ട് ആയിരക്കണക്കിന് ട്രെയിനുകളിലായി 91 ലക്ഷം കുടിയേറ്റ തൊഴിലാളികളെ വിവിധ സംസ്ഥാനങ്ങളില്‍ മടക്കിയെത്തിച്ചതായി കേന്ദ്രം കോടതിയെ അറിയിച്ചു. എണ്‍പതു ലക്ഷത്തോളം ഭക്ഷണപ്പൊതികളും ഒരുകോടിയോളം വെള്ളക്കുപ്പികളും സൗജന്യമായി വിതരണം ചെയ്തു.
മടങ്ങാന്‍ ആഗ്രഹിക്കുന്ന അവസാന തൊഴിലാളിയും പോകുംവരെ ശ്രമിക് ട്രെയിനുകള്‍ സര്‍വീസ് തുടരും, സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു.കുടിയേറ്റ തൊഴിലാളികളില്‍ നിന്ന് റെയില്‍വേ യാതൊരു തരത്തിലുള്ള പണവും വാങ്ങുന്നില്ല. തൊഴിലാളികളെ കയറ്റി അയയ്ക്കുന്ന സംസ്ഥാനങ്ങളോ സ്വീകരിക്കുന്ന സംസ്ഥാനങ്ങളോ ആണ് ടിക്കറ്റ് ചാര്‍ജ്ജ് റെയില്‍വേക്ക് നല്‍കുന്നത്. കയറ്റിയയ്ക്കുന്ന സംസ്ഥാനങ്ങളില്‍ ചിലര്‍ തൊഴിലാളികളില്‍നിന്ന് ടിക്കറ്റ് ചാര്‍ജ്ജ് പിരിക്കുന്നുണ്ട്, തുഷാര്‍ മേത്ത അറിയിച്ചു.
Post Your Comments