ബെംഗളൂരു • മെയ് 31 ന് ശേഷം ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ നീക്കുന്നത് കോവിഡ് -19 കേസുകളുടെ വർദ്ധനവിന് കാരണമാകുമെന്നും ഇത് വർഷാവസാനത്തോടെ രാജ്യത്തിലെ പകുതി പേരെയും ബാധിക്കുമെന്നും മുതിർന്ന വൈറോളജിസ്റ്റ്. ഡിസംബറോടെ 50% ആളുകൾ വരെ രോഗം ബാധിക്കുമെന്നാണ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസസിലെ (നിംഹാൻസ്) ന്യൂറോവൈറോളജി വിഭാഗം മേധാവി ഡോ. വി. രവി പറയുന്നത്.
ലോക്ക്ഡൗണ്‍ ചെയ്തതുകൊണ്ടാണ് രാജ്യത്ത് അണുബാധ വൈകിയതെന്നും വരും ദിവസങ്ങളിൽ വൻതോതിൽ വ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മാർച്ച് 24 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച രണ്ട് മാസം നീണ്ട ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങൾ നീക്കുന്നതിന് തൊട്ടുമുമ്പാണ് രവിയുടെ പ്രസ്താവന.
ജൂൺ മുതലാണ് രോഗബാധ കൂടുതലാകുക. അതിനുശേഷം സമൂഹവ്യാപനവും പ്രതീക്ഷിക്കാം. രോഗം ബാധിക്കുന്ന 90% പേര്‍ക്കും രോഗലക്ഷണങ്ങള്‍ ഒന്നും തന്നെ ഉണ്ടാവില്ല. രോഗം ബാധിച്ചതായി അവര്‍ പോലുമറിയില്ല. 5 മുതല്‍ 10 ശതമാനം പേര്‍ക്ക് മാത്രമാകും ആശുപത്രി പ്രവേശനം വേണ്ടിവരിക. കുറച്ചുപേര്‍ക്ക് വെന്റിലേറ്റര്‍ പിന്തുണ ആവശ്യമായി വരും. പ്രായമായവരെയും രോഗാവസ്ഥയിലുള്ളവരെയും മറ്റ് ദുർബല വിഭാഗങ്ങളെയും സംരക്ഷിക്കാൻ കൂടുതൽ കാര്യങ്ങൾ ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.
നിംഹാൻസ് ന്യൂറോവൈറോളജി വിഭാഗം മേധാവിയായ ഡോ.രവി കോവിഡ് 19നെ നേരിടാനുള്ള കർണാടക ഹെൽത്ത് ടാസ്ക് ഫോഴ്സ് നോഡൽ ഓഫിസര്‍ കൂടിയാണ്.
സ്ഥാപന ക്വാറന്റൈനില്‍ നിന്ന് സര്‍ക്കാര്‍ വിട്ടുനില്‍ക്കണമെന്നും ഡോ.രവി ആവശ്യപ്പെട്ടിട്ടുണ്ട്. കർണാടകയിൽ പ്രവേശിക്കുന്നവർക്ക് സംസ്ഥാന സർക്കാർ ഇന്‍സ്റ്റിറ്റ്യൂഷണന്‍ ക്വാറന്റൈന് നടപ്പാക്കിയതിനാല്‍ കുറഞ്ഞത് 1.1 ലക്ഷം പേരെ സംസ്ഥാനത്തൊട്ടാകെയുള്ള ഇന്‍സ്റ്റിറ്റ്യൂഷണന്‍ ക്വാറന്റൈന് കേന്ദ്രങ്ങളിൽ പാർപ്പിച്ചിരിക്കുന്നു. വരും മാസങ്ങളിൽ സംസ്ഥാനത്തേക്ക് വരാനിടയുള്ള ലക്ഷക്കണക്കിന് ആളുകൾക്ക് ഇടമില്ലാത്തതിനാൽ സ്ഥാപന ക്വാറന്റൈന് ഒഴിവാക്കണമെന്നും തിരക്ക് കൂടുന്നത് വൈറസ് പടരാനുള്ള സാധ്യത വർധിപ്പിക്കുമെന്നും രവി അഭിപ്രായപ്പെട്ടു.
“നമ്മള് വൈറസിനൊപ്പം ജീവിക്കാൻ പഠിക്കേണ്ടതുണ്ട്,” കോവിഡ് -19 ഇതര അനുബന്ധ കാരണങ്ങളാൽ കൂടുതൽ ആളുകൾ മരിക്കാമെന്നും അദ്ദേഹം പറയുന്നു.
എച്ച് 1 എൻ 1 മരണനിരക്ക് 6 ശതമാനത്തിലധികമാണെന്നും എന്നാൽ കുറച്ച് വർഷങ്ങൾക്ക് മുമ്പ് ഇത്തരത്തിലുള്ള പരിഭ്രാന്തി സൃഷ്ടിക്കാൻ സോഷ്യൽ മീഡിയകളില്ലാത്തതിനാൽ അന്ന് ലോക്ക്ഡൗണ്‍ അനിവാര്യമായി വന്നില്ലെന്നും ഡോക്ടര്‍ പറഞ്ഞു.
Post Your Comments