കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ടിക് ടോക് ഇന്ത്യയില്‍ നിരോധിക്കണമെന്ന് കാണിച്ച് നിരവധി ഹാഷ് ടാഗുകളാണ് ട്വിറ്ററിലും മറ്റും പ്രചരിക്കുന്നത്. യുട്യൂബ് ആരാധകരും ടിക് ടോക് ആരാധകരും തമ്മിൽ നടക്കുന്ന പോര്‍വിളികളുടെ ഭാഗമായിട്ടാണ് ഇങ്ങനെയൊരു ഹാഷ് ടാഗ് പ്രചരിച്ചത്. തുടർന്ന് നിരവധി പേര് ഈ ഹാഷ് ടാഗ് ഏറ്റെടുത്തതോടെ ടിക് ടോകിന്റെ പ്ലേ സ്റ്റോര്‍ റേറ്റിംഗ് 4.7ല്‍ നിന്നും 1.2 ലേക്കെത്തി.
ഇപ്പോഴിതാ പ്ലേസ്റ്റോറില്‍ വീണു കിടക്കുന്ന ടിക് ടോകിന് ഒരു കൈ സഹായവുമായി എത്തിയിരിക്കുകയാണ് ഗൂഗിള്‍. ഹേറ്റ് കാമ്പയിന്റെ ഭാഗമായി ടിക് ടോകിനെതിരെ വന്ന എണ്‍പത് ലക്ഷത്തിലേറെ നെഗറ്റീവ് റിവ്യുകള്‍ ഗൂഗിള്‍ സഹായത്തോടെ നീക്കം ചെയ്തുവെന്നാണ് കരുതപ്പെടുന്നത്. ഇതോടെ ടിക് ടോകിന്റെ പ്ലേസ്റ്റോര്‍ റേറ്റിംഗ് ഉയര്‍ന്നിട്ടുണ്ട്.
നിലവില്‍ പ്ലേ സ്റ്റോറില്‍ 20 ദശലക്ഷം റിവ്യുകളാണ് ടിക് ടോകിനുള്ളത്. ഏറ്റവും കുറഞ്ഞ 1.2 റേറ്റിംഗിലെത്തിയപ്പോള് ടിക് ടോകിന് 28 ദശലക്ഷം റിവ്യുകളുണ്ടായിരുന്നു. അതായത് കുറഞ്ഞത് എണ്‍പത് ലക്ഷത്തിലേറെ റിവ്യുകള്‍ പിന്നീടിങ്ങോട്ട് അപ്രത്യക്ഷമായിട്ടുണ്ട്. ഇതിന് പിന്നാലെ ടിക് ടോകിന്റെ റേറ്റിംഗ് 4.4ലേക്ക് കുതിച്ചുയരുകയും ചെയ്തിട്ടുണ്ട്.
Post Your Comments