ദൈർഘ്യമുളള വീഡിയോകൾ പ്രോത്സാഹിപ്പിക്കാൻ പുതിയ ഫീച്ചറുമായി പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ടിക്ടോക്ക് രംഗത്ത്. ഏറ്റവും ചുരുങ്ങിയത് ഒരു മിനിറ്റിൽ കൂടുതൽ ദൈർഘ്യമുള്ള വീഡിയോകൾ പങ്കുവെയ്ക്കുന്നവർക്ക് അധിക തുക സമ്പാദിക്കാനുള്ള അവസരമാണ് ടിക്ടോക്ക് ഒരുക്കുന്നത്. ഇതനുസരിച്ച് വീഡിയോകൾ പങ്കുവെക്കുന്നവർക്ക് ക്രിയേറ്റിവിറ്റി പ്രോഗ്രാം ബീറ്റ എന്ന പുതിയ മോണിറ്റൈസ് സംവിധാനത്തിന് കീഴിലെ ഉള്ളടക്കങ്ങളിൽ നിന്നും പണം ലഭിക്കുന്നതാണ്. ദൈർഘ്യമുള്ള വീഡിയോകൾ അപ്‌ലോഡ് ചെയ്യുന്നതിലൂടെ, ഉപഭോക്താക്കളെ കൂടുതൽ സമയം ആപ്പിൽ ചെലവഴിക്കാൻ പ്രേരിപ്പിക്കുക എന്നതാണ് ലക്ഷ്യമിടുന്നത്.
കഴിഞ്ഞ മൂന്ന് വർഷക്കാലത്തിനിടെ ആപ്പിൽ പങ്കുവയ്ക്കാനാകുന്ന വീഡിയോകളുടെ ദൈർഘ്യം വിവിധ ഘട്ടങ്ങളിലായി കമ്പനി ഉയർത്തിയിട്ടുണ്ട്. ഒരു മിനിറ്റ് മുതൽ പരമാവധി 10 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോകളാണ് പങ്കുവെയ്ക്കാൻ കഴിയുക. അടുത്ത ഘട്ടത്തിൽ 15 മിനിറ്റ് വരെ ദൈർഘ്യമുള്ള വീഡിയോകൾ അപ്‌ലോഡ് ചെയ്യാൻ കഴിയുന്ന ക്രമീകരണം ഒരുക്കുന്നതാണ്. ദൈർഘ്യം കുറഞ്ഞ വീഡിയോകളിലൂടെയാണ് ടിക്ടോക്ക് ചുരുങ്ങിയ കാലയളവിനുള്ളിൽ ലോകശ്രദ്ധ നേടിയെടുത്തത്.
ഈ പുതിയ പ്രോഗ്രാമിന് കീഴില്‍ 10,000 ഫോളോവര്‍മാരില്‍ കൂടുതലുള്ള പ്രായപൂര്‍ത്തിയായ ക്രിയേറ്റര്‍മാര്‍ക്ക് ഒരു മിനിറ്റില്‍ കൂടുതല്‍ ദൈര്‍ഘ്യമുള്ള വീഡിയോകളില്‍ നിന്ന് പണം സമ്പാദിക്കാനാവും. മാത്രവുമല്ല, ഒരു വീഡിയോയ്ക്ക് ക്രിയേറ്റിവിറ്റി പ്രോഗ്രാമിന് കീഴില്‍ കൂടുതല്‍ പണം സമ്പാദിക്കാനാകുമെന്നും ടിക്ടോക്ക് വ്യക്തമാക്കി. അതേസമയം, ടിക്ടോക്കിന്റെ പുതിയ നീക്കത്തിൽ ചില ക്രിയേറ്റർമാർ അതൃപ്തി അറിയിച്ചിട്ടുണ്ട്.
Post Your Comments