ഭോപ്പാല്‍: ഹോം ക്വാറന്റീന്‍ ലംഘിക്കുന്നവര്‍ക്ക് കനത്ത പിഴ ഏർപ്പെടുത്തി മധ്യപ്രദേശ് സര്‍ക്കാര്‍. ഹോം ക്വാറന്റീന്‍ ലംഘിക്കുന്നവര്‍ക്ക് 2000 രൂപ പിഴയാണ് സർക്കാർ ചുമത്തുന്നത്. രണ്ട് തവണ ഹോം ക്വാറന്റീന്‍ നിബന്ധന ലംഘിക്കുന്നവരെ സര്‍ക്കാര്‍ ക്വാറന്റൈന്‍ കേന്ദ്രത്തിലേക്ക് മാറ്റാനും മധ്യപ്രദേശ് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു.
‘ആദ്യമായി ഒരാള്‍ ഹോം ക്വാറന്റീന്‍ ലംഘനം നടത്തിയാല്‍ അയാള്‍ക്ക് 2000 രൂപ പിഴ ചുമത്തണം. വീണ്ടും ലംഘിച്ചാല്‍ അയാളെ ക്വാറന്റീന്‍ കേന്ദ്രത്തിലേക്ക് മാറ്റണം’ബുധനാഴ്ച പുറത്തിറക്കിയ സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു. സംസ്ഥാനത്ത് ഇതുവരെ 7261 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. 313 പേര്‍ മരിക്കുകയും ചെയ്തു.
അതേസമയം, രാജ്യ തലസ്ഥാനമായ ന്യൂ ഡൽഹിയിൽ രണ്ട് മലയാളി നഴ്സുമാർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കൽറ ആശുപത്രിയിലെ മലയാളി നഴ്സുമാർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവിടെ ജോലി ചെയ്തിരുന്ന നഴ്സായ അംബിക കോവിഡ് ബാധിച്ച് മരിച്ചിരുന്നു. ആശുപത്രിക്കെതിരെ ഗുരുതര ആരോപണങ്ങളും ഉയർന്നിരുന്നു.
Post Your Comments