ശ്രീനഗര്‍: പുല്‍വാമയില്‍ വന്‍ കാര്‍ സ്ഫോടനം നടത്താനുള്ള ഭീകരരുടെ ശ്രമം സൈന്യവും പൊലീസും ചേര്‍ന്ന് പരാജയപ്പെടുത്തി. 20 കിലോയിലധികം സ്ഫോടക വസ്തുക്കള്‍ നിറച്ച കാര്‍ പൊലീസും സൈന്യവും ചേര്‍ന്ന് തടഞ്ഞതോടെയാണ് ചാവേര്‍ ആക്രമണം പാളിയത്. വ്യാജ രജിസ്ട്രേഷനിലുള്ള ഒരു കാര്‍ ചെക്ക്പോയിന്റില്‍ നിറുത്താന്‍ സിഗ്‌നല്‍ നല്‍കിയെങ്കിലും അത്പാലിക്കാതെ ബാരിക്കേഡുകള്‍ മറികടന്ന് പോകാന്‍ ശ്രമിച്ചു. ഇതോടെ സുരക്ഷ ഉദ്യോഗസ്ഥര്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഈ സമയം ഡ്രൈവര്‍ കാറില്‍നിന്നിറങ്ങി ഓടി രക്ഷപ്പെട്ടു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കാറിനുളളില്‍ നിന്ന് സ്‌ഫോടകവസ്തുക്കള്‍ കണ്ടെത്തിയത്. സ്‌ഫോടകവസ്തുക്കള്‍ പിന്നീട് ബോംബ് സ്‌ക്വാഡ് നിര്‍വീര്യമാക്കി.
പുല്‍വാമയില്‍ കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ നടത്തിയ ചാവേര്‍ സ്ഫോടനത്തില്‍ നാല്പതോളം സി.ആര്‍.പി.എഫ് ജവാന്മാര്‍ കൊല്ലപ്പെട്ടിരുന്നു. ആക്രമണ സാദ്ധ്യതയുണ്ടെന്ന് രഹസ്യന്വേഷണ വിവരം ലഭിച്ചിരുന്നതായും ഇന്നലെ മുതല്‍ തിരച്ചില്‍ ആരംഭിച്ചതായും സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Post Your Comments