റിയാദ് : കോവിഡ് ബാധിച്ച് സൗദിയിൽ ചികിത്സയിലായിരുന്ന ഒരു പ്രവാസി മലയാളി കൂടി മരണപ്പെട്ടു. ഓച്ചിറ കൃഷ്ണപുരം തട്ടക്കാട്ടു തെക്കേതിൽ ബാബു തമ്പി (48) ആണ് ജുബൈല്‍ മുവാസാത്ത് ആശുപത്രിയില്‍ ബുധനാഴ്ച രാവിലെ മരിച്ചത്. ഇന്ത്യൻ സ്കൂൾ കുട്ടികളെ കൊണ്ടുപോകുന്ന വാഹനത്തിൽ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്ന ഇദ്ദേഹം രണ്ടാഴ്ച മുൻപാണ് കോവിഡ് ലക്ഷണങ്ങളോടെ ചികിത്സ തേടിയത്. പരിശോധനാ ഫലം പോസിറ്റീവ് ആയതോടെ നില ഗുരുതരമാവുകയും തീവ്രപരിചരണ വിഭാഗത്തിൽ വെന്റിലേറ്ററിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു.
ഇദ്ദേഹത്തിന്റെ കൂടെയുള്ള ഏഴു പേർ കൊവിഡ് ടെസ്റ്റിന് വിധേയമായിട്ടുണ്ട്. ഇവരുടെ പരിശോധാഫലം പുറത്ത് വന്നിട്ടില്ല. ബന്ധപ്പെട്ട നടപടികൾ പൂർത്തീകരിക്കുന്നതിനുള്ള ശ്രമങ്ങൾ സാമൂഹിക പ്രവർത്തകരുടെ നേതൃത്വത്തിൽ പുരോഗമിക്കുന്നു. 10 വര്‍ഷമായി ബാബു തമ്പി ജുബൈലിലാണ് .ഭാര്യ: സുനിത. മക്കൾ: വൈശാഖ്, അഖിൽ, ശ്രീരാഗ്.
സൗദിയിൽ 16പേർ കൂടി കോവിഡ് ബാധിച്ച് വ്യാഴാഴ്ച്ച മരിച്ചു. അഞ്ചു പേർ മക്കയിലും നാലുപേർ ജിദ്ദയിലും രണ്ട് പേർ മദീനയിലും രണ്ടുപേർ റിയാദിലും ഓരോരുത്തർ വീതം ദമ്മാം ഖോബാർ, ഹാഇൽ എന്നിവിടങ്ങളിലുമാണ് മരണപ്പെട്ടത്. 1644പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 441ഉം, രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 80185ഉം ആയതായി അധികൃതർ അറിയിച്ചു. 3531 ആളുകൾ കൂടി സുഖം പ്രാപിച്ചതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 54553 ആയി ഉയർന്നു. നിലവിൽ 25,191 ആളുകൾ ആശുപത്രികളിൽ ചികിത്സയിൽ തുടരുന്നു. രാജ്യത്താകെ ഇതുവരെ 7,70,696 കോവിഡ് പരിശോധനകളാണ് നടത്തിയത്.
Post Your Comments