മുംബൈ: ഇന്ത്യയിൽ കോവിഡ് കേസുകൾ ഒന്നര ലക്ഷത്തിലേക്ക് അടുക്കുന്നു. മഹാരാഷ്ട്രയിൽ കോവിഡ് സാഹചര്യം സങ്കീർണമാകുകയാണ്. ഗുജറാത്തിലും സ്ഥിതി ഗുരുതരമാണ്. കൊവിഡ് നിയന്ത്രണ വിധേയമായിരുന്ന ഹരിയാനയിൽ 94 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. ഡൽഹി വിമാനത്താവളത്തിൽ ജോലി ചെയ്യുന്ന എയർ ഇന്ത്യയുടെ സുരക്ഷാ ജീവനക്കാരന് രോഗം സ്ഥിരീകരിച്ചു.
പുതിയ രോഗികളിൽ 35 ശതമാനവും മഹാരാഷ്ട്രയിൽ നിന്നാണ്. മുംബൈ, അഹമ്മദാബാദ്, ചെന്നൈ, ഡൽഹി തുടങ്ങി ആറ് നഗരങ്ങളിൽ നിന്നാണ് 56.3 ശതമാനം കേസുകളും റിപ്പോർട്ട് ചെയ്യുന്നത്. രാജ്യാന്തര കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയിൽ കൊവിഡ് രൂക്ഷമല്ലെന്നാണ് കേന്ദ്രസർക്കാരിന്റെ വിശദീകരണം.
ഈ മാസം പത്തൊൻപതിനാണ് കൊവിഡ് കേസുകളുടെ എണ്ണം ഒരു ലക്ഷം കടന്നത്. ആദ്യ കേസ് റിപ്പോർട്ട് ചെയ്ത് 110ആം ദിവസമായിരുന്നു അന്ന്. ദിനം പ്രതി ശരാശരി അഞ്ച് ശതമാനം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യുന്നു. ജനസംഖ്യ അടിസ്ഥാനത്തിൽ പരിശോധിക്കുമ്പോൾ ലക്ഷത്തിൽ 10.7 പേർക്ക് മാത്രമാണ് രോഗം സ്ഥിരീകരിക്കുന്നത്. ലക്ഷത്തിൽ 69.9 ആണ് ആഗോളനിരക്ക്. മരണനിരക്ക് 2.87 ശതമാനം മാത്രമാണെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
തമിഴ്നാട്ടിൽ റിപ്പോർട്ട് ചെയ്ത 17,728 കൊവിഡ് കേസുകളിൽ 11,634ഉം ചെന്നൈയിലാണ്. ഗുജറാത്തിൽ 361 പുതിയ കേസുകളും 27 മരണവും റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ പോസിറ്റീവ് കേസുകൾ 14831ഉം മരണം 915ഉം ആയി. ഡൽഹിയിൽ 412 പുതിയ കേസുകളും 12 മരണവും റിപ്പോർട്ട് ചെയ്തതോടെ ആകെ പോസിറ്റീവ് കേസുകൾ 14,465ഉം മരണം 288ഉം ആയി ഉയർന്നു.
Post Your Comments