വാറങ്കല്‍: വാറങ്കലില്‍ ഒരു കുടുംബത്തിലെ ആറു പേരെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിനു പിന്നില്‍ മറ്റൊരു കൊലപാതകത്തിലെ തെളിവ് നശിപ്പിക്കാനുള്ള ശ്രമം. കുടുംബാംഗങ്ങള്‍ക്കൊപ്പം മറ്റു മൂന്നുപേരും ചതിയില്‍പ്പെട്ടു മരിച്ചു. കേസില്‍ ബിഹാര്‍ സ്വദേശി സഞ്ജയ് കുമാര്‍ യാദവി(24)നെ തെലങ്കാന പോലീസ് അറസ്റ്റ് ചെയ്തു. പശ്ചിമ ബംഗാള്‍ സ്വദേശി മുഹമ്മദ് മഖ്സൂദ് അലാം, ഭാര്യ നിഷ, ഇവരുടെ കുടുംബത്തിലെ അഞ്ചുപേര്‍, ബിഹാര്‍ സ്വദേശികളായ ശ്രീറാം കുമാര്‍ ഷാ(26), ശ്യാം കുമാര്‍ ഷാ(21), ത്രിപുര സ്വദേശി മുഹമ്മദ് ഷക്കീല്‍(40) എന്നിവരാണു കൊല്ലപ്പെട്ടത്.
ഇവരില്‍ നാലുപേരുടെ മൃതദേഹം കിണറ്റില്‍നിന്നാണു കണ്ടെത്തിയത്. 20 വര്‍ഷം മുമ്പാണു മുഹമ്മദ് മഖ്സൂദ് അലാം ബംഗാളില്‍നിന്നു ഗോരേുകുന്ദ ഗ്രാമത്തില്‍ തൊഴില്ത്തേടിയെത്തിയത്. ആറു വര്‍ഷം മുമ്പാണു യാദവ് ബിഹാറില്നിന്നെത്തിയത്. അലാമും യാദവും തമ്മിലുള്ള അടുപ്പം പിന്നെ റഫീഖയുമായുള്ള പ്രണയത്തില്‍ കലാശിച്ചു. നാലു വര്‍ഷം ഇവര്‍ ഒരുമിച്ചു കഴിഞ്ഞു. ഇതിനിടെ റഫീഖയുടെ പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിക്കാന്‍ യാദവ് ശ്രമിച്ചു.
പോലീസില്‍ പരാതി നല്കുമെന്നു പറഞ്ഞ റഫീഖയെ വിവാഹ വാഗ്ദാനം നല്‍കിയാണ് അയാള്‍ അനുനയിപ്പിച്ചത്. തുടര്‍ന്നു വിവാഹത്തിനെന്ന പേരില്‍ അവര്‍ക്കൊപ്പം യാദവ് ബിഹാറിനു യാത്രയായി. യാത്രയ്ക്കിടെ മയക്കുമരുന്നു നല്‍കിയശേഷം റഫീഖയെ കഴുത്തറുത്തുകൊന്നു. മൃതദേഹം തടേപ്പള്ളിയ്ക്കു സമീപം ഉപേക്ഷിച്ചു.തിരിച്ചു നാട്ടിലെത്തിയ സഞ്ജയ്, റഫീഖയെ ബംഗാളിലെ തന്റെ ബന്ധുക്കള്ക്കൊപ്പമാക്കിയെന്ന് അറിയിച്ചു.
എന്നാല്‍, റഫീഖക്കുറിച്ചു നിഷ സ്ഥിരമായി ചോദ്യങ്ങള്‍ ഉന്നയിച്ചതോടെ മറ്റുള്ളവരെയും കൊലപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു. നിഷയുടെ സഹോദര പുത്രി റഫീഖ(37)യുടെ കൊലപാതകം മറയ്ക്കാനുള്ള യാദവിന്റെ ശ്രമമാണു മറ്റ് ഒന്‍പത് പേരുടെ മരണത്തിനു കാരണമായത്. ഒന്നര മാസം മുമ്പാണു റഫീഖയെ യാദവ് കൊന്നുതള്ളിയത്. പിന്നീട് അവരുടെ കുടുംബാംഗങ്ങള്‍ക്കൊപ്പം ഒന്നര മാസം താമസിച്ചശേഷമാണു മറ്റുള്ളവരെ കൊലപ്പെടുത്തിയത്. അതിനുള്ള അവസരത്തിനായി കാത്തിരുന്നത് ഒന്നരമാസം.
മേയ് 20ന് അലമിന്റെ മകന് ഷഹബാസിന്റെ ജന്മദിനം ഒടുവില്‍ കൊലപാതകത്തിനായി തെരഞ്ഞെടുത്തു. 60 ഉറക്കഗുളികകളാണ് ഇയാള്‍ ശീതള പാനീയത്തില്‍ ചേര്‍ത്തത്.പുലര്‍ച്ചെ 12.30 നും അഞ്ചിനും മധ്യേയാണ് ഉറക്കത്തില്‍ കിടന്നവരെ ഒന്നൊന്നായി കൊലപ്പെടുത്തിയത്. തെളിവ് നശിപ്പിക്കാനായി ഇയാള്‍ ജന്മദിനാഘോഷത്തില് പങ്കെടുത്ത മറ്റു മൂന്ന് പേരെക്കൂടി വധിക്കുകയായിരുന്നെന്നു പോലീസ് പറഞ്ഞു.
Post Your Comments