തലോര്‍(തൃശൂര്‍) : മറ്റൊരാള്‍ കനിഞ്ഞുനല്‍കിയ ടിക്കറ്റില്‍ പപ്പ പറന്നുവന്നു, ആശുപത്രിയിലായിരുന്ന കുഞ്ഞു സാവിയോയെ കാണാന്‍ അനുവാദമുണ്ടായിരുന്നില്ല. കഴിഞ്ഞയാഴ്‌ച തിരുവനനന്തപുരത്തു വിമാനമിറങ്ങി തൃശൂരിലെത്തിയെങ്കിലും വില്യംസ് നിര്‍ബന്ധിത ക്വാറന്റൈനിലായി. അരികിലെത്താന്‍ കഴിയാതിരുന്ന വില്യംസ് മകനെ കണ്ടത് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് വീഡിയോ കോളിലൂടെയാണ്. ഇന്നലെ രാവിലെ സാവിയോ മരിച്ചു. പപ്പയുടെ ചൂടേല്‍ക്കാന്‍ കാത്തുനില്‍ക്കാതെ സാവിയോ പോയി. പപ്പ വന്ന് അരികിലിരുന്നു, ഒന്നു തൊടാന്‍ പോലുമാകാതെ…
ഗള്‍ഫില്‍ വില്യസും ഭാര്യ ജാനറ്റും രണ്ടു വയസുള്ള സാവിയോയും ഒരുമിച്ചായിരുന്നു താമസം. അമ്മയും മകനും കഴിഞ്ഞ ഫെബ്രുവരിയില്‍ നാട്ടിലേക്കു പോന്നു. ഇവിടെവച്ചാണു സാവിയോയ്‌ക്കു തലച്ചോര്‍ സംബന്ധമായ അസുഖം കണ്ടെത്തിയത്. ജൂബിലി മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രോഗം മൂര്‍ഛിച്ചു. അന്തിമ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ ക്വാറന്റൈന്‍ നിബന്ധനകള്‍ വില്യംസിനു തടസമായി. ആരോഗ്യവകുപ്പ് ഉദ്യോഗസ്‌ഥര്‍ വീട്ടിലേക്കു കൂട്ടിക്കൊണ്ടുവന്നു, അവിടെയുണ്ടായിരുന്ന എല്ലാവരെയും അല്‍പ്പം മാറ്റിനിര്‍ത്തി. അച്‌ഛന്‍ മകന്റെ അരികില്‍ അല്‍പ്പമിരുന്നു.
മനസില്‍ ഉമ്മകൊണ്ടു മൂടി. പിന്നെ, എണീറ്റു നടന്നു. വീട് അണുവിമുക്‌തമാക്കിയതിനു ശേഷമാണ് സംസ്‌കാരച്ചടങ്ങുകള്‍ നടത്തിയത്. മരിക്കുന്നതിന് മുന്നേ മകന്റെ അരികിലെത്താന്‍ വില്യംസ് കൊതിച്ചെങ്കിലും അപ്പോഴേക്കും കോവിഡ് മൂലം വിമാനസര്‍വീസുകള്‍ നിര്‍ത്തിവച്ചിരുന്നു. വിദേശത്തു കുടുങ്ങിയവരെ തിരിച്ചെത്തിക്കാനായി കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വന്ദേ ഭാരത് വിമാനത്തിലും ടിക്കറ്റ് കിട്ടിയില്ല. ഈ സങ്കടം സാമൂഹിക മാധ്യമങ്ങളിലൂടെ അറിഞ്ഞ കൊല്ലം കരുനാഗപ്പള്ളി സ്വദേശി അനില്‍ കുമാര്‍ തനിക്കു കിട്ടിയ ടിക്കറ്റ് വില്യംസിനു നല്‍കി.
Post Your Comments