മുംബൈ • മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മഹാരാഷ്ട്ര കാബിനറ്റ് മന്ത്രിയും മുന്‍ മുഖ്യമന്ത്രിയുമായ അശോക് ചവാന് കോവിഡ് 19 സ്ഥിരീകരിച്ചു. മഹാരാഷ്ട്രയില്‍ കോവിഡ് പോസിറ്റീവാകുന്ന രണ്ടാമത്തെ മന്ത്രിയാണ് ചാവാന്‍.
ചാവാന്‍ ഇപ്പോള്‍ നാന്ദേഡിലെ ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി അദ്ദേഹം ഹോം ക്വാറന്റൈനിലായിരുന്നു. വൈറസ് ബാധ സ്ഥിരീകരിച്ചതിനെത്തുടര്‍ന്നാണ് ആശുപത്രിയിലേക്ക് മാറ്റിയത്.
മുംബൈയ്ക്കും സ്വന്തം ജില്ലയായ മറാത്ത്വാഡയ്ക്കുമിടയിൽ മന്ത്രി ഇടയ്ക്കിടെ യാത്ര ചെയ്യുന്നുണ്ടായിരുന്നുവെന്ന് അടുത്ത വൃത്തങ്ങള്‍ പറഞ്ഞു.
നേരത്തെ എൻസിപി നേതാവും ഭവന മന്ത്രിയുമായ ജിതേന്ദ്ര അവഹാദ് കൊറോണ വൈറസ് പോസിറ്റീവായിരുന്നു. രണ്ടാഴ്ചയിലേറെ മുംബൈയിലെ ആശുപത്രിയിൽ കഴിഞ്ഞ ശേഷമാണ് അദ്ദേഹം സുഖം പ്രാപിച്ചത്.
സംസ്ഥാനത്ത് കണ്ടെത്തിയ കോവിഡ് -19 കേസുകളുടെ എണ്ണം ഇപ്പോൾ 50,231 ഉം സജീവ കേസുകളിൽ 33,988 ഉം ആണ്. സുഖം പ്രാപിച്ച രോഗികളുടെ എണ്ണം 14,600 ആയി. 1,635 പേരാണ് മഹാരാഷ്ട്രയില്‍ ഇതുവരെ മരിച്ചത്.
Post Your Comments