കൊല്ലം • പാമ്പ് കടിയേറ്റ് മരിച്ച കൊല്ലം അഞ്ചല്‍ ഏറം സ്വദേശി ഉത്ര (25) യുടെ മരണം കൊലപാതകമെന്ന് പോലീസ്. ഭര്‍ത്താവ് സൂരജ് കുറ്റം സമ്മതിച്ചു. സംഭവത്തില്‍ സൂരജിന് പുറമേ സൂരജിന്‍റെ പാമ്പ് പിടുത്തക്കാരനായ സുഹൃത്ത് , ബന്ധു എന്നിവരെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെത്തിട്ടുണ്ട്. ഇവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. സുഹൃത്തിന്റെ പക്കല്‍ നിന്നും പതിനായിരം രൂപയ്ക്കാണ് പാമ്പിനെ വാങ്ങിയതെന്ന് സൂരജ് മൊഴി നൽകി.
ഉറക്കത്തിൽ ഉത്രയെ പാമ്പിനെക്കൊണ്ടു കടിപ്പിക്കുകയായിരുന്നുവെന്നാണ് പൊലീസ് ആദ്യമുതൽക്കേ സംശയിച്ചത്. സൂരജിനു പാമ്പ് പിടുത്തക്കാരുമായി ബന്ധമുള്ളതിന്റെ തെളിവ് അന്വേഷണ സംഘത്തിന് നേരത്തെ തെളിവുകൾ ലഭിച്ചിരുന്നു. കിടപ്പ് മുറിയിൽ ഭർത്താവിനും ഒന്നര വയസുള്ള മകനുമൊപ്പം കിടന്ന് ഉറങ്ങിയപ്പോഴാണ് യുവതിക്ക് പാമ്പ് കടിയേറ്റത്.
ഉത്രയുടെ മരണത്തിൽ ഭർത്താവിന് പങ്കുണ്ടെന്നുകാട്ടി അച്ഛൻ വിശ്വസേനനും, അമ്മ മണിമേഖലയും റൂറൽ എസ്.പി ഹരിശങ്കറിന് നൽകിയ പരാതിയിൽ നടത്തിയ അന്വേഷണമാണ് വഴിത്തിരിവായത്. മെയ് ഏഴിനാണ് ഏറത്തെ കുടുംബ വീട്ടിൽ കിടപ്പു മുറിയിൽ മരിച്ച നിലയിൽ ഉത്രയെ കണ്ടെത്തിയത്. അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് പരിശോധിച്ചപ്പോൾ ഇടത് കൈയ്യിൽ പാമ്പ് കടിയേറ്റതിന്റെ പാട് കണ്ടെത്തി. അടൂരിലെ ഭർത്താവിന്റെ വീട്ടിൽ വച്ച് പാമ്പ് കടിയേറ്റതിനെ തുടർന്നുള്ള ചികിത്സയുടെ ഭാഗമായി സ്വന്തം വീട്ടിൽ എത്തിയപ്പോഴാണ് ഉത്രയ്ക്ക് രണ്ടാമതും പാമ്പ്‌കടിയേറ്റത്.
മാർച്ച് മാസത്തിൽ ഭർത്താവ് സൂരജിന്റെ അടൂർ പറക്കോട്ടെ വീട്ടിൽ വെച്ചും യുവതിക്ക് വിഷം തീണ്ടിയിരുന്നു. ഭർത്താവിന്റെ വീട്ടിൽ വച്ച് പാമ്പ് കടിയേറ്റതും രാത്രിയിലായിരുന്നു. വീട്ടിൽ ബോധം കെട്ട് വീണ ഉത്രയുടെ കാല് പരിശോധിച്ചപ്പോഴാണ് പാമ്പ് കടിച്ചതായി അന്ന് മനസ്സിലായത്.സൂരജിന്റെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഇയാൾ ചില പാമ്പ് പിടുത്തക്കാരുമായി നിരന്തരം ബന്ധപ്പെട്ടിരുന്നതായി അന്വേഷണ സംഘത്തിന് തെളിവുകൾ ലഭിച്ചിരുന്നു. ഉത്രയുടെ ആഭരണങ്ങൾ സൂക്ഷിച്ചിരുന്ന ബാങ്ക് ലോക്കർ മാർച്ച് 2നു രാവിലെ തുറന്നതായി ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ നേത്യത്വത്തിലുള്ള അന്വേഷണ സംഘം കണ്ടെത്തി.
അതേസമയം, ഉത്രയും സൂരജും തമ്മില്‍ അസ്വാരസ്യങ്ങളുണ്ടായിരുന്നതായി സൂരജിന്റെ മാതാപിതാക്കള്‍ പറഞ്ഞു. എന്നാൽ അതൊന്നും ഗൗരവമുള്ളതല്ലെന്നും സൂരജിന്‍റെ കുടുംബം കൂട്ടിച്ചേർത്തു.
മകന്‍ തെറ്റ് ചെയ്യുമെന്ന് കരുതുന്നില്ലെന്നും പിതാവ് സുരേന്ദ്രന്‍ പറഞ്ഞു. ആദ്യം പാമ്പ് കടിയേറ്റത് കിടപ്പുമുറിയിലല്ല, മുറ്റത്ത് വച്ചാണെന്നും ഇവർ പറയുന്നു. ഉത്രയുടെ വീട്ടുകാരുടെ ആരോപണം തെറ്റെന്നും മാതാവ് രേണുകയും പറയുന്നു.
Post Your Comments