കൊച്ചി : വിദേശ രാജ്യങ്ങളിൽ നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവർ ഹോം ക്വാറന്റൈൻ ലംഘിച്ച് പുറത്തിറങ്ങി നടക്കുന്നതായി സിറ്റി പൊലീസ് കമ്മീഷണർ വിജയ് സാഖറേ. ഇത്തരക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും വിജയ് സാഖറേ പറഞ്ഞു. 24 ന്യൂസിനോടാണ് പൊലീസ് കമ്മീഷണർ ഈ കാര്യം പറഞ്ഞത്.
നിരീക്ഷണത്തിൽ കഴിയുന്നവർ പുറത്തിറങ്ങി നടക്കുന്നുണ്ടോയെന്ന് പരിസരവാസികൾ കൂടി ശ്രദ്ധിക്കണമെന്നും ഇത്തരം സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ പൊലീസിനെ അറിയിക്കണമെന്നും വിജയ് സാഖറെ പറഞ്ഞു. രണ്ടായിരത്തി ഇരുനൂറോളം പേരാണ് കൊച്ചി നഗരത്തിൽ മാത്രം വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നത്. വിദേശ രാജ്യങ്ങളിൽ നിന്നും, വിവിധ സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ് ഇവർ. നിരീക്ഷണത്തിൽ കഴിയുന്ന 300 ലേറെ പേർ നിരവധി തവണ വീട് വിട്ട് പുറത്തിറങ്ങിയതായി പോലീസിന്റെ പരിശോധനയിൽ കണ്ടെത്തിയിരുന്നു. ഇത്തരം ആളുകൾക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചതായി കൊച്ചി ഡിസിപി ജി. പൂങ്കഴലി പറഞ്ഞു. തുടർച്ചയായി നിയമം ലംഘിച്ച് പുറത്തിറങ്ങിയ 18 പേരെ ഇന്ന് സർക്കാർ ക്വാറന്റീനിലേക്ക് മാറ്റുകയും ചെയ്തു. ഇതിൽ പലരും നാല് ദിവസത്തിനിടെ 15 തവണ വീട് വിട്ട് പുറത്തിറങ്ങിയവരാണെന്ന് ഇന്നലെ ജി. പൂങ്കഴലി കൂട്ടിച്ചേർത്തു.
Post Your Comments