ന്യൂഡല്‍ഹി : ചൈനയും പാക്കിസ്ഥാനും പ്രകോപനപരമായ നീക്കങ്ങളുമായി നിലയുറപ്പിച്ചതോടെ, ഇന്ത്യയുടെ അതിര്‍ത്തി മേഖലകളില്‍ സംഘര്‍ഷം പുകയുന്നു. 2 മാസമായി പാക്കിസ്ഥാനും ഏതാനും ആഴ്ചകളായി ചൈനയും വെല്ലുവിളി തുടരുന്ന സാഹചര്യത്തില്‍ ഇന്ത്യ അതീവ ജാഗ്രതയിലാണ്. ഇതിനു പുറമേ, തര്‍ക്കമുന്നയിച്ച് നേപ്പാളും രംഗത്തുവന്നിട്ടുണ്ട്.
2017 ല്‍ സിക്കിമിലെ ദോക് ലാ സംഭവത്തിനു ശേഷം ഇന്ത്യ – ചൈന അതിര്‍ത്തിയിലെ ഏറ്റവും രൂക്ഷമായ സംഘര്‍ഷമാണ് ഇപ്പോഴത്തേതെന്നു സേന. നിലവില്‍ സംഘര്‍ഷം വടക്കന്‍ സിക്കിമിലും ജമ്മു കശ്മീരിലെ കിഴക്കന്‍ ലഡാക്കിലും.
കിഴക്കന്‍ ലഡാക്കിലെ ഗാല്‍വന്‍ താഴ്‌വര, പാങ്ങ്യോങ് തടാകത്തിന്റെ വടക്കന്‍ തീരം എന്നിവിടങ്ങളില്‍ ഇരു സേനകളും മുഖാമുഖം നിലയുറപ്പിച്ചിരിക്കുന്നു. കിഴക്കന്‍ ലഡാക്കില്‍ ഇരു രാജ്യങ്ങളും പങ്കിടുന്ന അതിര്‍ത്തി – 826 കിലോമീറ്റര്‍ ഗാല്‍വന്‍ താഴ്‌വര – ഇവിടെ ഇന്ത്യ റോഡ് നിര്‍മിച്ചതാണു ചൈനയുടെ എതിര്‍പ്പിനു കാരണം. റോഡ് പൂര്‍ണമായി ഇന്ത്യന്‍ ഭാഗത്താണെങ്കിലും അതിര്‍ത്തിയില്‍ ഏതു കാലാവസ്ഥയിലും സൈന്യത്തെ എത്തിക്കാന്‍ കഴിയുന്നവിധം റോഡ് നിര്‍മിക്കുന്നതിലാണ് എതിര്‍പ്പ്.
പാങ്ങ്യോങ് തടാകക്കരയിലേക്ക് അടുത്തിടെ ഇന്ത്യ സേന റോഡ് നിര്‍മിച്ചതും ചൈനയ്ക്കു രസിച്ചില്ല. ഈ മാസം 5ന് ഇവിടെ പട്ടാളക്കാര്‍ തമ്മില്‍ കയ്യാങ്കളിയുണ്ടായി.
ഈ ഭാഗത്തെ 8 മലനിരകളില്‍ (സേനാ ഭാഷയില്‍ 8 ഫിംഗേഴ്‌സ്) നാലാമത്തേതാണ് (ഫിംഗര്‍ 4) അതിര്‍ത്തിയെന്ന നിലപാടിലാണ് ഇന്ത്യന്‍ സേന നില്‍ക്കുന്നത്. രണ്ടാമത്തേതാണ് അതിര്‍ത്തിയെന്ന് വാദിച്ച് ഇന്ത്യയെ 10 കിലോമീറ്ററോളം പിന്നോട്ടു തള്ളാന്‍ ചൈന ശ്രമിക്കുന്നു. ഒരിഞ്ചു പിന്നോട്ടില്ലെന്ന് ഇന്ത്യ.
ജമ്മു കശ്മീരിലെ രാജ്യാന്തര അതിര്‍ത്തിയിലും നിയന്ത്രണ രേഖയിലുമുടനീളം (ലൈന്‍ ഓഫ് കണ്‍ട്രോള്‍ – എല്‍ഒസി) 2 മാസമായി പാക്കിസ്ഥാന്‍ ഷെല്ലാക്രമണം നടത്തുന്നു. പ്രത്യാക്രമണവുമായി ഇന്ത്യ തിരിച്ചടിക്കുന്നു. ആക്രമണത്തിന്റെ മറവില്‍ ഭീകരരെ ഇന്ത്യയിലേക്കു കടത്തിവിടുകയാണു പാക്ക് ലക്ഷ്യം.നവാസ മേഖലകള്‍ ലക്ഷ്യമിട്ടാണു പാക്ക് ആക്രമണം. നുഴഞ്ഞുകയറാന്‍ അവസരം നോക്കി അതിര്‍ത്തിക്കപ്പുറമുള്ള താവളങ്ങളില്‍ 300 ഭീകരര്‍ നിലയുറപ്പിച്ചിട്ടുണ്ടെന്ന് ഇന്റിലിജന്‍സ് വിവരം.
Post Your Comments