ന്യൂ ഡൽഹി : കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച 20 ലക്ഷം കോടിയുടെ കോവിഡ് പാക്കേജിനെതിരെ വിമർശനവുമായി കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി. കോവിഡ് പാക്കേജ് ക്രൂരമായ തമാശയായിരുന്നെന്നും,ആസൂത്രണമില്ലാതെ നടപ്പാക്കിയ ലോക്ക് ഡൗണ്‍ രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ തകര്‍ത്തുവെന്നും സോണിയ വിമർശിച്ചു. കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ വീഡിയോ കോൺഫറൻസിലൂടെ ചേര്‍ന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ സംയുക്ത യോഗത്തിൽ സംസാരിക്കുകയായിരുന്നു സോണിയ ഗാന്ധി.
ലോക്ക് ഡൗണില്‍ നിന്ന് പുറത്തുകടക്കാന്‍ സര്‍ക്കാരിന്റെ കൈയില്‍ വ്യക്തമായ രൂപരേഖയുണ്ടായിരുന്നില്ല. 21 ദിവസത്തിനുള്ളിൽ കോവിഡിനെതിരായ യുദ്ധം അവസാനിക്കുമെന്ന പ്രധാനമന്ത്രിയുടെ ആരംഭത്തിൽ ഉണ്ടായിരുന്ന ശുഭാപ്തിവിശ്വാസം തെറ്റിപ്പോയി. വാക്സിൻ ഉണ്ടാകുന്നതുവരെ ഈ വൈറസ് ഇവിടെ ഉണ്ടാകുമെന്നു തന്നെയാണ് ഇത് ചൂണ്ടിക്കാണിക്കുന്നത്. ലോക്ക്ഡൗൺ മാനദണ്ഡങ്ങൾ സംബന്ധിച്ച് സർക്കാരിന് അനിശ്ചിതത്വം നിലനിന്നിരുന്നു. കേന്ദ്രം ജനാധിപത്യം പാടേ കൈയൊഴിഞ്ഞു. ദരിദ്രരോട് അനുകമ്പയില്ലാത്ത സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളെ ആകെ വിൽപ്പനയ്ക്കുവച്ച് വന്യമായ പരിഷ്കാരങ്ങളാണ് നടപ്പാക്കുന്നതെന്നും എല്ലാ അധികാരങ്ങളും പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് ചുരുങ്ങിയെന്നും സോണിയ വ്യക്തമാക്കി.
Post Your Comments