തിരുവനന്തപുരം : കേരളം പ്രവാസികളുടെ കൂടി നാടാണെന്നും അവർക്കു മുന്നിൽ ഒരു വാതിലും കൊട്ടിയടയ്ക്കപ്പെടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അന്യനാടുകളിൽ ചെന്ന് കഷ്ടപ്പെടുന്ന അവർക്ക് ഏതു ഘട്ടത്തിലും ഇങ്ങോട്ട് കടന്നുവരാവുന്നതും ഈ നാടിന്റെ സുരക്ഷിതത്വം അനുഭവിക്കാവുന്നതുമാണ്. മറ്റു സംസ്ഥാനങ്ങളിൽ കുടുങ്ങിപ്പോയവരെയും വിദേശങ്ങളിലുള്ളവരെയും തിരികെ എത്തിക്കാനുള്ള എല്ലാ ശ്രമങ്ങൾക്കും സർക്കാരിൻറെ പിന്തുണയുണ്ട്. ലക്ഷക്കണക്കിന് ആളുകൾ സംസ്ഥാനത്തിനു പുറത്തുണ്ട്. എല്ലാവർക്കും ഒരേ ദിവസം ഇങ്ങോട്ട് വരാനാവില്ല. പ്രത്യേക ക്രമീകരണങ്ങൾ അതിന് വേണ്ടിവരും.
വിവിധ മലയാളി സംഘടനകൾ പ്രവാസികളുടെ പ്രശ്നങ്ങൾ പരിഹരിക്കാനും സഹായിക്കാനും ഇടപെടുന്നുണ്ട്. എന്നാൽ, എല്ലാ ഇടപെടലുകളെയും അപ്രസക്തമാക്കുന്ന ചില പരിമിതികളും നിലനിൽക്കുന്നുണ്ട്. അതിനെയെല്ലാം മറികടക്കാനുള്ള പരിശ്രമത്തിലാണ് നാം. ഇതിനിടയിൽ വിദ്വേഷം ജനിപ്പിക്കുന്നതോ തെറ്റിദ്ധാരണ പരത്തുന്നതോ ആയ പ്രചാരണങ്ങളിൽ ആരും മുഴുകരുത്. കോവിഡ് 19 വൈറസ് നമ്മുടെ നാട്ടിലേക്ക് കടന്നുവന്നത് ആരുടെയെങ്കിലും കുറ്റമോ അലംഭാവമോ കൊണ്ടല്ല. രോഗം എങ്ങനെ വരുന്നു എന്ന ബോധ്യമുണ്ടാവേണ്ടത് വ്യാപനം തടയാനുള്ള പ്രധാന ഉപാധി തന്നൊണ്.
Also read : കാലവര്‍ഷം: മഴക്കെടുതി കുറക്കാനുള്ള മുന്‍കരുതൽ നടപടികൾ സ്വീകരിക്കും
ആ തിരിച്ചറിവ് ശരിക്കും ഉണ്ടാവുക പ്രധാനമാണ്. സംസ്ഥാന അതിർത്തിയിൽ ഒരു നിയന്ത്രണവും ഇല്ലാതെയിരിക്കുകയും റെഡ്സോണുകളിൽനിന്ന് വരുന്നവർ എല്ലാവരുമായും അടുത്ത് ഇടപഴകുകയും ചെയ്യുന്നത് ഇന്നത്തെ കാലത്ത് വലിയ അപകടമാണ്. അതുകൊണ്ടാണ് വാളയാർ ഉൾപ്പെടെ ശക്തമായ നിലപാട് സർക്കാർ എടുക്കുന്നത്. ഇതിനർത്ഥം കേരളത്തിലേക്ക് എത്തുന്ന പ്രവാസികളാകെ രോഗവാഹകരാണെന്നോ അകറ്റിനിർത്തപ്പെടേണ്ടവർ ആണ് എന്നോ അല്ല. അങ്ങനെ ആക്കിത്തീർക്കാൻ ശ്രമിക്കുന്നവരുടെ കുപ്രചാരണങ്ങളിൽ ജനങ്ങൾ കുടുങ്ങിപ്പോകരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Post Your Comments