വാഷിങ്ടൺ : ലോകത്ത് ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ളത് ബഹുമതിയായി കാണുന്നുവെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. എന്നാൽ ഇത് ഏറ്റവും കൂടുതല്‍ കോവിഡ് പരിശോധനകള്‍ നടക്കുന്നത് അമേരിക്കയിലാണെന്ന് തെളിയിക്കുന്നുവെന്നും ആ രീതിയില്‍ നോക്കുമ്പോള്‍ നല്ലകാര്യമാണെന്നുമാണ് ട്രംപ് പറയുന്നത്. വൈറ്റ്ഹൗസില്‍ മാധ്യമപ്രവര്‍ത്തകരെ കാണുമ്പോഴായിരുന്നു ട്രംപിന്റെ വിവാദ പരാമര്‍ശം.
”കോവിഡ് രോഗികളില്‍ നമ്മളാണ് മുന്നിലുള്ളത്. ഇതൊരു മോശം കാര്യമായി ഞാന്‍ കരുതുന്നില്ല. ഇതൊക്കെ മറ്റൊരു വീക്ഷണകോണിലൂടെയാണ് ഞാന്‍ കാണുന്നത്. നമ്മുടെ പരിശോധന മികച്ചതാണ് എന്നതിന്റെ തെളിവാണിത്. അതുകൊണ്ടുതന്നെ ഇതൊരു ബഹുമതിയായി കരുതുന്നു. ശരിക്കും ഇതൊരു ബഹുമതിയാണ്.”- ഡോണള്‍ഡ് ട്രംപ് പറഞ്ഞു.
അതേസമയം ട്രംപിന്റെ അവകാശവാദത്തെ നിശിതമായി വിമര്‍ശിച്ച് പ്രതിപക്ഷമായ ഡെമോക്രാറ്റിക് പാര്‍ട്ടി രംഗത്തെത്തി. നേതൃത്വം സമ്പൂര്‍ണ്ണ പരാജയമാണെന്ന് കാണിക്കുന്നതാണ് ഇതെന്നാണ് ഡെമോക്രാറ്റിക് നാഷണല്‍ കമ്മറ്റി ട്വീറ്റ് ചെയ്തത്.
ആകെ കോവിഡ് പരിശോധനയില്‍ ആഗോള തലത്തില്‍ മുന്നിലാണെങ്കിലും ജനസംഖ്യക്ക് ആനുപാതികമായി നോക്കിയാല്‍ അമേരിക്ക പതിനാറാമതാണ്. അതേസമയം ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയുടെ കണക്കുകള്‍പ്രകാരം അമേരിക്കയില്‍ 15 ലക്ഷത്തിലേറെ പേര്‍ക്ക് കോവിഡുണ്ട്. 92000ത്തിലേറെ മരണവുമായി കോവിഡ് മരണത്തിലും അമേരിക്ക തന്നെയാണ് ഒന്നാമത്.
Post Your Comments