KeralaLatest NewsNews

ബാങ്കില്‍നിന്ന് 50 പവനും 50,000 രൂപയും എടുത്തിറങ്ങിയ ആളെ റോഡില്‍നിന്ന് സ്‌കൂട്ടര്‍ ഉള്‍പ്പെടെ ദുരൂഹ സാഹചര്യത്തില്‍ കാണാതായ സംഭവം : 11 ദിവസങ്ങളായി ഒരു തുമ്പും കിട്ടാതെ പൊലീസ്

തിരുവനന്തപുരം : ബാങ്കില്‍നിന്ന് 50 പവനും 50,000 രൂപയും എടുത്തിറങ്ങിയ ആളെ റോഡില്‍നിന്ന് സ്‌കൂട്ടര്‍ ഉള്‍പ്പെടെ ദുരൂഹ സാഹചര്യത്തില്‍ കാണാതായ സംഭവം, 11 ദിവസങ്ങളായി ഒരു തുമ്പും കിട്ടാതെ പൊലീസ്. . കുളപ്പട സുവര്‍ണ നഗര്‍ ഏദന്‍ നിവാസില്‍ കെ. മോഹനെയാണ് (56) ബാങ്കില്‍നിന്ന് വരുന്ന വഴി സ്‌കൂട്ടര്‍ ഉള്‍പ്പെടെ മേയ് 8ന് കാണാതായത്. കരകുളത്തിന് അടുത്തുള്ള കടയിലെ സിസിടിവി ദൃശ്യങ്ങളില്‍ മോഹനന്‍ സ്‌കൂട്ടറില്‍ പോകുന്നത് കാണാമെങ്കിലും സ്‌കൂട്ടറിനെക്കുറിച്ചോ ആളിനെക്കുറിച്ചോ 11 ദിവസമായി യാതൊരു വിവരവുമില്ല. ലോക്ഡൗണില്‍ സഞ്ചാര നിയന്ത്രണമുള്ള സമയത്താണ് മോഹനനെ കാണാതായത്.

Read Also : ആരോഗ്യമന്ത്രി ബി.ബി.സിയ്ക്ക് നല്‍കിയ അഭിമുഖത്തിലെ തെറ്റ് തിരുത്തണമെന്ന് ബി.ജെ.പി

ഭാര്യാ സഹോദരന്‍ പറണ്ടോട്ട് നടത്തുന്ന ഫിനാന്‍സ് സ്ഥാപനത്തില്‍ 10 വര്‍ഷമായി മോഹനന്‍ ജോലി ചെയ്യുന്നു. അവിടെനിന്ന് സ്വര്‍ണം പേരൂര്‍ക്കട സര്‍വീസ് സഹകരണ ബാങ്കില്‍ കൊണ്ടുപോയി പണയം വയ്ക്കുന്നതും തിരികെ എടുക്കുന്നതും വര്‍ഷങ്ങളായി മോഹനനാണ്. പതിവുപോലെ മേയ് 8ന് ബാങ്കില്‍ പോയി തിരികെ വരുന്നതിനിടെയാണ് ദുരൂഹമായ അപ്രത്യക്ഷമാകല്‍. പേരൂര്‍ക്കട- നെടുമങ്ങാട് റോഡില്‍ കരകുളം പഞ്ചായത്ത് ഓഫിസിനു സമീപം വരെ മോഹനന്‍ എത്തിയതായി തെളിവു ലഭിച്ചു.

കരകുളം അഴീക്കോടീന് അടുത്ത് ഇഷ്ടിക കമ്പനിയുടെ സമീപത്തെ കടയിലെ സിസിടിവികളില്‍ 11.02ന് മോഹനന്‍ സ്‌കൂട്ടറില്‍ കടന്നുപോയതായി കാണുന്നുണ്ട്. എന്നാല്‍ പോകുന്ന വഴിയില്‍ അരുവിക്കര, മുണ്ടേല ഭാഗത്തെ കടകളിലെ സിസിടിവി ദൃശ്യങ്ങളില്‍ മോഹനന്റെ യാത്ര ഇല്ല. 8 ന് രാവിലെ ഈ ഭാഗങ്ങളില്‍ വൈദ്യുതി ഇല്ലാത്തതിനാല്‍ പല കടകളുടെയും സിസിടിവി പ്രവര്‍ത്തിച്ചിരുന്നില്ല.

മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലും തുമ്പൊന്നും ലഭിച്ചില്ല. മോഹനന്‍ ഓടിച്ചിരുന്ന സ്‌കൂട്ടര്‍ ഉള്‍പ്പെടെ കാണാതായത് അന്വേഷണ സംഘത്തെ കുഴയ്ക്കുന്നുണ്ട്. തെങ്കാശിയിലേക്കു പോകുന്ന പ്രധാന റോഡില്‍നിന്ന് ആളെ തട്ടിക്കൊണ്ടുപോകുന്നത് എളുപ്പമല്ലെന്ന് പൊലീസ് പറയുന്നു. ബാങ്കില്‍നിന്ന് ഇറങ്ങിയ മോഹനനെ ഏതെങ്കിലും വാഹനങ്ങള്‍ പിന്തുടര്‍ന്നിരുന്നോ എന്നും അന്വേഷിക്കുന്നുണ്ട്.

മോഹനന് സാമ്പത്തിക ബാധ്യതയില്ലെന്നു ബന്ധുക്കള്‍ പറയുന്നു. ലോക്ഡൗണ്‍ കാലത്ത് ബാങ്കിലേക്ക് കൊണ്ടുപോകുന്ന സ്വര്‍ണം കുറവായിരുന്നു. മുന്‍പ് ഇതിനേക്കാള്‍ അളവ് സ്വര്‍ണം കൊണ്ടു പോയിരുന്നതായും ബന്ധുക്കള്‍ വ്യക്തമാക്കുന്നു. അതിര്‍ത്തികള്‍ കേന്ദ്രീകരിച്ച് പരിശോധന നടത്തിയെങ്കിലും വിവരമൊന്നും ലഭിച്ചിട്ടില്ല. ജില്ല വിട്ടുപോകാനുള്ള സാധ്യത കുറവാണെന്നു പൊലീസ് പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button