Latest NewsKeralaNews

ഉരുള്‍പ്പൊട്ടലില്‍ കാണാതായത് 29 കുട്ടികളെ: ദുരന്തം ബാധിച്ചത് 348 കെട്ടിടങ്ങളെ

തിരുവനന്തപുരം: ഉരുള്‍പൊട്ടല്‍ ഉണ്ടായശേഷം മൂന്ന് ദിവസങ്ങളിലായി നടത്തിയ രക്ഷപ്രവര്‍ത്തനങ്ങളില്‍ ജീവനോടെയുള്ള എല്ലാവരെയും രക്ഷപ്പെടുത്താന്‍ കഴിഞ്ഞതായി മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ചേര്‍ന്ന ഉദ്യോഗസ്ഥതല യോഗം വിലയിരുത്തി. ദുരന്ത ഭൂമിയില്‍ നിന്ന് 29 കുട്ടികളെയാണ് കാണാതായത്. ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് മുണ്ടക്കൈ, വെള്ളാര്‍മല പ്രദേശത്തെ രണ്ട് സ്‌കൂളുകളില്‍ നിന്നും മേപ്പാടി ഭാഗത്തെ രണ്ട് സ്‌കൂളുകളില്‍ നിന്നുമായി ആകെ 29 വിദ്യാര്‍ത്ഥികളെ കാണാതായതായി ഡിഡിഇ ശശീന്ദ്രവ്യാസ് വി. എ ഉദ്യോഗസ്ഥതല യോഗത്തില്‍ അറിയിച്ചു. രണ്ട് സ്‌കൂളുകളാണ് ഉരുള്‍പൊട്ടിയ ഭാഗങ്ങളിലുള്ളത്. ഇതില്‍ വെള്ളാര്‍മല സ്‌കൂളില്‍ നിന്ന് 11 കുട്ടികളെ ആണ് കാണാതായത്. കാണാതായ 29 കുട്ടികളില്‍ നാല് പേരുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു.

Read Also: കനത്ത മഴ: തൃശൂരില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

മുണ്ടക്കൈ, അട്ടമല ഭാഗങ്ങളില്‍ ഇനി ആരും ജീവനോടെ കുടുങ്ങികിടക്കാനുള്ള സാധ്യതയില്ലെന്ന് കേരള-കര്‍ണാടക സബ് ഏരിയ ജനറല്‍ ഓഫീസര്‍ കമാന്റിംഗ് (ജിഒസി) മേജര്‍ ജനറല്‍ വി.ടി മാത്യു യോഗത്തെ അറിയിച്ചു. ആര്‍മിയുടെ 500 പേര്‍ മുണ്ടക്കൈ, ചൂരല്‍മല മേഖലയില്‍ തെരച്ചിലിനായി സ്ഥലത്തുണ്ട്. ഇനി ആരെയും രക്ഷപ്പെടുത്താന്‍ ഇല്ലെന്നാണ് കരുതുന്നത്. ഒറ്റപ്പെട്ട ആരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് പരിശോധിക്കുന്നുണ്ട്. മൃതദേഹങ്ങളാണ് ഇനി കണ്ടെടുക്കാനുള്ളത്. മൂന്ന് സ്‌നിഫര്‍ നായകളും തെരച്ചിലിനായി സ്ഥലത്തുണ്ട്. മുണ്ടക്കൈയിലേക്ക് യന്ത്രോപകരണങ്ങള്‍ എത്തിക്കാന്‍ പാലം പണിയല്‍ ആയിരുന്നു പ്രധാനദൗത്യം. ബുധനാഴ്ച രാത്രിയും ഇടതടവില്ലാതെ പ്രവൃത്തി ചെയ്തതിനാല്‍ ബെയ്ലി പാലം ഇന്ന് (വ്യാഴം) ഉച്ചയോടെ പൂര്‍ത്തിയാകുമെന്ന് മാത്യു പറഞ്ഞു. കേരള പൊലീസിന്റെ 1000 പേര്‍ തെരച്ചില്‍ സ്ഥലത്തും 1000 പൊലീസുകാര്‍ മലപ്പുറത്തും പ്രവര്‍ത്തന രംഗത്ത് ഉണ്ടെന്ന് എഡിജിപി എം ആര്‍ അജിത്കുമാര്‍ അറിയിച്ചു. മൃതദേഹ അവശിഷ്ടങ്ങളുടെ തിരിച്ചറിയലും സംസ്‌കാരവുമാണ് പ്രശ്‌നമായി അവശേഷിക്കുന്നത്.

മൃതദേഹം കിട്ടിയാല്‍ മൂന്ന് മിനിറ്റിനുള്ളില്‍ പോസ്റ്റുമോര്‍ട്ടം തുടങ്ങുന്നുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ക്യാമ്പില്‍ കഴിയുന്നവര്‍ക്ക് മാനസികാഘാത പ്രശ്‌നമുണ്ട്. കൗണ്‍സിലിംഗ് നല്‍കിവരുന്നു. പകര്‍ച്ചവ്യാധിയാണ് പ്രധാന ഭീഷണി. അത് തടയാന്‍ മൃഗങ്ങളുടെ മൃതദേഹങ്ങളും വേണ്ട രീതിയില്‍ സംസാരിക്കാനുള്ള നടപടികള്‍ ചെയ്യുന്നുണ്ട്. വീടുകള്‍ ഉള്‍പ്പെടെ 348 കെട്ടിടങ്ങളെയാണ് ഉരുള്‍പൊട്ടല്‍ ബാധിച്ചതെന്ന് ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ ഡോ. എ കൗശിഗന്‍ അറിയിച്ചു. അവകാശികള്‍ ഇല്ലാത്ത മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ പ്രോട്ടോകോള്‍ തയ്യാറായിട്ടുണ്ടെന്ന് പ്രത്യേക ഉദ്യോഗസ്ഥന്‍ സീരാം സാംബശിവ റാവു അറിയിച്ചു. 129 മൊബൈല്‍ ഫ്രീസറുകള്‍ നിലവിലുണ്ട്. ഇതില്‍ 59 എണ്ണം ഉപയോഗിക്കുന്നു. മൊബൈല്‍ ഫ്രീസര്‍ നല്‍കാന്‍ കര്‍ണാടക തയാറായിട്ടുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button