തിരുവനന്തപുരം : സംസ്ഥാനത്ത് ലോട്ടറി വില്‍പ്പന പുനരാരംഭിക്കുന്ന തീയതി തീരുമാനിച്ചു. ധനമന്ത്രി തോമസ് ഐസക്ക് ലോട്ടറി ഏജന്റുമാരുടെ സംഘടനാ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിൽ വ്യാഴാഴ്ച(21) മുതല്‍ വിൽപ്പന ആരംഭിക്കുവാനാണ് തീരുമാനിച്ചത്. കോവിഡ് പ്രതിസന്ധി കാരണം മാറ്റിവെച്ച നറുക്കെടുപ്പ് ആഴ്ചയില്‍ തിങ്കള്‍ വ്യാഴം ദിവസങ്ങളില്‍ നടത്തും, ഇതിന്റെ അടിസ്ഥാനത്തിൽ ആദ്യ നറുക്കെടുപ്പ് ജൂണ്‍ ഒന്നിന് നടത്താനാണ് സാധ്യത. ക്ഷേമനിധി അംഗങ്ങളായ ഭാഗ്യക്കുറി കച്ചവടക്കാര്‍ക്ക് 100 ടിക്കറ്റുകള്‍ വരെ കടമായി നല്‍കാനും തീരുമാനിച്ചു.
അതേസമയം സംസ്ഥാനത്ത് ചൊവ്വാഴ്ച 12 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കണ്ണൂര്‍ 5, മലപ്പുറം 3, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, തൃശൂര്‍ എന്നിവിടങ്ങളില്‍ ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ എല്ലാവരും പുറത്ത് നിന്ന് വന്നവരാണ്. ഇവരില്‍ നാല് പേര്‍ വിദേശത്ത് നിന്നുമെത്തി. 8 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരാണ്. ഇവരില്‍ 6 പേര്‍ മഹാരാഷ്ട്രയില്‍ നിന്നും മറ്റു രണ്ട് പേരില്‍ ഒരാള്‍ ഗുജറാത്തില്‍ നിന്നും ഒരാള്‍ തമിഴ്നാട്ടില്‍ നിന്നുമെത്തിയതാണ്. ഇന്ന് ആരും രോഗമുക്തി നേടിയില്ല. സംസ്ഥാനത്ത് ഇതുവരെ 642 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 142 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇന്ന് പുതുതായി 119 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
നിലവില്‍ 72,000 പേര്‍ സംസ്ഥാനത്ത് നിരീക്ഷണത്തിൽ കഴിയുന്നത്. ഇവരില്‍ 71,445 പേര്‍ വീടുകളിലും 455 പേര്‍ ആശുപത്രികളിലുമാണ്. ഇതുവരെ 46,958 സാംപിളുകള്‍ പരിശോധിച്ചു. ഫലം വന്നവയില്‍ 45,527 സാംപിളുകള്‍ നെഗറ്റീവാണ്. സംസ്ഥാനത്ത് നിലവില്‍ 33 ഹോട്ട് സ്പോട്ടുകള്‍ ആണുള്ളത്. കണ്ണൂരിലെ പാനൂര്‍ നഗരസഭ, മയ്യില്‍, ചൊക്ലി പഞ്ചായത്തുകള്‍, കോട്ടയം ജില്ലയിലെ കോരുത്തോട് പഞ്ചായത്ത് എന്നിവയാണ് ഇന്ന് പുതുതായി പട്ടികയില്‍ ഉള്‍പ്പെടുത്തിയ ഹോട്ട് സ്പോട്ടുകള്‍.
Post Your Comments