കോഴിക്കോട്: കോവിഡ് സ്ഥിരീകരിച്ച രോഗി കടത്തിണ്ണയില്‍ കിടന്നുറങ്ങിയ സംഭവത്തിൽ ജില്ലാ ഭരണകൂടം അന്വേഷണം തുടങ്ങി. വടകരയിൽ ആണ് സംഭവം. സംഭവത്തില്‍ നഗരസഭക്കോ ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥർക്കോ വീഴ്ച്ച സംഭവിച്ചോ എന്നാണ് അന്വേഷിക്കുന്നത്. ഇയാളുമായി സമ്പര്‍ക്കം പുലര്‍ത്തിയ 14 പേര്‍ നിരീക്ഷണത്തിലാണ്.
മെയ് ഒൻപതിന് ചെന്നൈയിൽ നിന്ന് ടാക്സിയില്‍ യാത്ര പുറപ്പെട്ട നരിപ്പറ്റ സ്വദേശിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇയാൾ, ക്വാറന്റൈൻ സൗകര്യം ലഭിക്കാതെ വടകരയിലെ കടത്തിണ്ണയില്‍ കഴിയേണ്ടിവന്ന സംഭവത്തെ കുറിച്ചാണ് അന്വേഷണം തുടങ്ങിയത്. മെയ് പത്തിന് രാത്രി 12 മണി മുതല്‍ 11ന് രാവിലെ 7 മണിവരെയാണ് കടത്തിണ്ണയില്‍ കഴിഞ്ഞത്. ഇദ്ദേഹത്തിന് മെയ് 14ന് കോവിഡ് സ്ഥിരീകരിച്ചിരുന്നു.
റൂട്ട്മാപ്പ് പുറത്തിറക്കിയപ്പോഴാണ് ക്വാറന്‍റൈയിന്‍ സംവിധാനം ലഭിക്കാതെ രാത്രി മുഴുവന്‍ കടത്തിണ്ണയില്‍ കഴിയേണ്ടി വന്നുവെന്ന വിവരം ജില്ലാ ഭരണകൂടം അറിയുന്നത്. വീട്ടിൽ നിരീക്ഷണത്തില്‍ കഴിഞ്ഞ ഇയാളെ രോഗം സ്ഥിരീകരിച്ച ശേഷം ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. വടകരയിലെ രണ്ട് കോവിഡ്കെയര്‍ സെന്‍ററുകളില്‍ പോയെങ്കിലും താമസസൗകര്യം കിട്ടിയില്ലെന്നാണ് റൂട്ട് മാപ്പ് തയാറാക്കാനെത്തിയ ഉദ്യോഗസ്ഥർക്ക് ഇദ്ദേഹം നല്കിയ മറുപടി.
ഇദ്ദേഹം താമസിക്കുന്ന പഞ്ചായത്തില്‍ സൗകര്യം ഒരുക്കിയിരുന്നുവെന്നും, അത് ഉപയോഗിച്ചില്ലെന്നുമാണ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ ജില്ലാ കളക്ടറെ അറിയിച്ചത്. രോഗിയുമായി രാത്രി സമ്പർക്കം പുലര്‍ത്തിയ വടകര നഗരസഭാ കൗണ്‍സിലര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടർ, ശുചീകരണ തോഴിലാളികള്‍, ഇദ്ദേഹം സഞ്ചരിച്ച ഓട്ടോറിഷയുടെ ഡ്രൈവര്‍ എന്നിവരടക്കം 14 പേരെ നിരീക്ഷണത്തിലാക്കി.
Post Your Comments