ന്യൂഡൽഹി : സുഹൃത്തിന്റെ ഭാര്യയോട് പ്രണയാഭ്യര്‍ഥന നടത്താന്‍ ലോക്ക് ഡൗൺ ലംഘിച്ചെത്തിയ യുവാവ് സ്വയം വെടിവെച്ചു. ഡൽഹിയിലെ നരേലയിലെ സ്വർണജയന്തി വിഹാറിലാണ് സംഭവം. കോട്ല മുകാർപുർ സ്വദേശിയായ വിക്കി എന്ന 27കാരനാണ് സ്വയം വെടിവെച്ചു മരിക്കാൻ ശ്രമിച്ചത്. ഇയാൾ ഇപ്പോൾ നരേലയിലെ ഹരിശ്ചന്ദ്ര ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.
നരേലയിലുള്ള സുഹൃത്തിന്‍റെ വീട്ടിലെ നിത്യസന്ദർശകനായിരുന്നു വിക്കി. ഇതിനിടയിൽ സുഹൃത്തിന്‍റെ ഭാര്യയോട് വിക്കിയ്ക്ക് പ്രണയം തോന്നിയെങ്കിലും അത് തുറന്നു പറയാൻ അവസരമുണ്ടായില്ല. എന്നാൽ ലോക്ക്ഡൗണിനിടെ ഒരു കേസിൽ അകപ്പെട്ട് സുഹൃത്ത് ജയിലിലാവുകയും ചെയ്തു. ഇതോടെയാണ് നരേലയിലെത്തി സുഹൃത്തിന്‍റെ ഭാര്യയോട് പ്രണയാഭ്യർഥന നടത്താനായി വിക്കി ഇറങ്ങിപ്പുറപ്പെട്ടത്.
ഹോട്ട് സ്പോട്ട് നിയന്ത്രണങ്ങൾ ലംഘിച്ച് 40 കിലോമീറ്റർ സഞ്ചരിച്ചാണ് വിക്കി നരേലയിലെത്തിയത്. മദ്യപിച്ച് ലക്ക് കെട്ട നിലയിൽ വീട്ടിലെത്തിയ വിക്കിയെ കാണാൻ യുവതിയും വീട്ടുകാരും വിസമ്മതിച്ചു.
തുടർന്ന് വിക്കി വീടിന് പുറത്തു നിന്ന് ദീർഘ നേരം ബഹളം വച്ചതായി അയൽക്കാർ പറയുന്നു. എന്നിട്ടും യുവതിയോ വീട്ടുകാരോ വാതിൽ തുറക്കാതായതോടെ ഇയാൾ കൈവശം കരുതിയിരുന്ന തോക്കെടുത്ത് സ്വയം വെടി വെയ്ക്കുകയായിരുന്നു. ചുമലിൽ വെടിയേറ്റ വിക്കിയെ ഉടൻ തന്നെ സമീപത്തെ ഹരിശ്ചന്ദ്ര ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലൈസൻസില്ലാത്ത തോക്കുപയോഗിച്ചാണ് വിക്കി സ്വയം വെടി വെച്ചതെന്ന് പൊലീസ് അറിയിച്ചു. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.
Post Your Comments