ഇലവുംതിട്ട : പത്തനംതിട്ടയിൽ ഭാര്യയെ കാണാനില്ലെന്ന പരാതിയുമായി പോലീസ് സ്റ്റേഷനിലെത്തിയ യുവാവ് പിന്നീട് തട്ടിപ്പുകേസിൽ അറസ്റ്റിലായി. അടൂര്‍ കണ്ണങ്കോട് കടുവുങ്കല്‍ ഹൗസിങ് പ്ലോട്ടിലെ ഗ്രേസ് വില്ലയില്‍ ഷിനോ സജി ജോണ്‍ (28) ആണ് അറസ്റ്റിലായത്. തന്നോടുള്ള ചെറിയ പിണക്കത്തിന്റെ പേരില്‍ മഹാരാഷ്ട്രക്കാരിയായ ഭാര്യ ഹീന വീടു വിട്ടുപോയെന്ന പരാതിയുമായാണ് ഷിനോ സജി ജോണ്‍ അടൂര്‍ പോലീസ് സ്റ്റേഷനിലെത്തിയത്.
ഇയാളുടെ പരാതിയിൽ അന്വേഷണം നടത്തിയ പൊലീസ് കേരളത്തില്‍നിന്നുള്ള അതിഥി തൊഴിലാളികളെ കൊണ്ടുപോകുന്ന തിരുവനന്തപുരം-മുംബൈ ട്രെയിനില്‍ ഇവർ യാത്ര ചെയ്യുന്നതായും വിവരം കിട്ടി. എന്നാൽ പോലീസ് തിരുവനന്തപുരത്തെത്തിയപ്പോഴേക്കും ട്രെയിന്‍ പോയി. ഇതോടെ എറണാകുളത്തെത്തിയ ട്രെയിനില്‍നിന്ന് യുവതിയെ റെയില്‍വെ പോലീസ് കണ്ടെത്തി. മഹാരാഷ്ട്രയിലുള്ള സഹോദരനാണ് ട്രെയിന്‍ ടിക്കറ്റെടുത്തതെന്നും ഇത് വാട്സാപ്പില്‍ അയച്ചുതന്നാണ് യാത്രചെയ്തതെന്നും യുവതി പറഞ്ഞു.
എന്നാൽ യുവതിയുമായി പോലീസ് സ്റ്റേഷനിലെത്തിയപ്പോഴാണ്, പരാതിക്കാരനായ ഷിനോ തട്ടിപ്പുകേസിലെ പ്രതിയാണെന്നും ഇലവുംതിട്ട സ്റ്റേഷനില്‍ കേസുണ്ടെന്നും സ്പെഷ്യല്‍ ബ്രാഞ്ച് അറിയിക്കുന്നത്. ക്രൊയേഷ്യയില്‍ നഴ്സ് ജോലി വാഗ്ദാനംചെയ്ത് മാത്തൂര്‍ സ്വദേശിനി രജനി ഉള്‍പ്പെടെ മൂന്ന് യുവതികളില്‍നിന്ന് ഏഴു ലക്ഷം രൂപ ഷിനോ തട്ടിയെടുത്തെന്നായിരുന്നു കേസ്. തുടര്‍ന്ന്, ഇലവുംതിട്ട പോലീസ് ഇയാളെ അറസ്റ്റുചെയ്യുകയായിരുന്നു. കോടതിയില്‍ ഹാജരാക്കി തിരുവനന്തപുരം സ്പെഷ്യല്‍ ജയിലിലേക്ക് റിമാന്‍ഡു ചെയ്തു.
Post Your Comments