ബ്രസീലിയ : കോവിഡ് രോഗ ബാധിതർ ലോകത്ത് ഏറ്റവും കൂടുതല്‍ സ്ഥിരീകരിച്ച രാജ്യങ്ങളുടെ പട്ടികയില്‍ ബ്രസീല്‍ നാലാമതായി. ഔദ്യോഗിക കണക്കുകള്‍ പ്രകാരം സ്‌പെയിനേയും ഇറ്റലിയേയും മറികടന്നിരിക്കുകയാണ് ബ്രസീല്‍. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് വളരെ കുറവ് മാത്രം കോവിഡ് പരിശോധന നടന്നിട്ടുള്ള ബ്രസീലിലെ സ്ഥിതിഗതികള്‍ കൂടുതല്‍ രൂക്ഷമാണെന്ന ആശങ്കയുമുണ്ട്.
ശനിയാഴ്ച്ച 14,919 കോവിഡ് കേസുകളാണ് ബ്രസീലില്‍ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടത്. ഇതോടെ ആകെ കോവിഡ് രോഗികളുടെ എണ്ണം 2,33,142 ആയി. നിലവില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ അമേരിക്കക്കും റഷ്യക്കും ബ്രിട്ടനും പിന്നിലാണ് ബ്രസീല്‍. എന്നാല്‍ ഈ രാജ്യങ്ങളില്‍ നടന്നിട്ടുള്ള കോവിഡ് പരിശോധനയുടെ ചെറിയൊരു ഭാഗം മാത്രമേ 21 കോടിയോളം ജനങ്ങളുള്ള ബ്രസീലില്‍ നടന്നിട്ടുള്ളൂ.
ബ്രസീലില്‍ ഇതുവരെ ആകെ ഏഴ് ലക്ഷത്തോളം കോവിഡ് പരിശോധനകള്‍ മാത്രമാണ് നടന്നിട്ടുള്ളത് ഇതില്‍ നിന്നാണ് 2.33 ലക്ഷത്തിലേറെ പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഏതാണ്ട് 1.45 ലക്ഷം കോവിഡ് പരിശോധനാ ഫലങ്ങള്‍ വരാനുണ്ടെന്നാണ് ബ്രസീല്‍ ആരോഗ്യമന്ത്രാലയം അറിയിച്ചിരിക്കുന്നത്.
ബ്രസീല്‍ മറികടന്ന ഇറ്റലിയില്‍ 28 ലക്ഷത്തിലേറെ പരിശോധനകളും സ്‌പെയിനില്‍ 30 ലക്ഷത്തിലേറെ കോവിഡ് പരിശോധനകളും നടന്നിട്ടുണ്ട്. അമേരിക്കയില്‍ ഒരു കോടിയിലേറെ കോവിഡ് പരിശോധനകളും റഷ്യയില്‍ 66 ലക്ഷത്തിലേറെ പരിശോധനകളും നടന്നിട്ടുണ്ട്. പരിശോധനാ നിരക്ക് വര്‍ധിപ്പിച്ചാല്‍ ബ്രസീലിലെ കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുമെന്ന ആശങ്കയും വ്യാപകമാണ്.
Post Your Comments