ഹൈദരാബാദ് • ബസുകളില്‍ കുടിയേറ്റക്കാരെ കുത്തിനിറച്ച് കൊണ്ട് പോയതിന് കോൺഗ്രസ് നേതാവ് വി ഹനുമന്ത റാവുവിനെ തെലങ്കാന പോലീസ് അറസ്റ്റ് ചെയ്തു. അന്യസംസ്ഥാനക്കാരെ ഒഡീഷയിലേക്ക് കൊണ്ട് പോകാന്‍ മൂന്ന് ബസുകള്‍ ഏര്‍പ്പാടാക്കിയിരുന്നു. ഓരോ ബസ്സിലും ഏഴിലധികം യാത്രക്കാരെ കയറ്റരുതെന്ന് നിര്‍ദ്ദേശമുണ്ടായിരുന്നു. എന്നാല്‍ അതിലധികം ആളുകളെ ബസുകളില്‍ കയറ്റുകയായിരുന്നു. ഇതേച്ചൊല്ലി നേതാവും പോലീസുകാരും തമ്മില്‍ തര്‍ക്കമുണ്ടായി.
കോൺഗ്രസ് നേതാവ് വി ഹനുമന്ത റാവുവാണ് സിർസിലയിൽ നിന്ന് കുടിയേറ്റ തൊഴിലാളികൾക്ക് ഒഡീഷയിലേക്ക് പോകാൻ മൂന്ന് ബസുകൾ ഏര്‍പ്പാടാക്കിയത്. എന്നാല്‍ ഓരോ ബസിലും ഏഴിൽ കൂടുതൽ ആളുകളെ അയയ്ക്കാൻ കഴിയില്ലെന്ന് പോലീസ് അറിയിച്ചു. ഇതിനിടെ ടി.ആർ.എസ് പ്രവർത്തകരും സ്ഥലത്തെത്തി, ഇത് അവരും കോൺഗ്രസ് അനുഭാവികളും തമ്മിൽ വാക്കുതർക്കത്തിന് കാരണമായി.
ഇരുപക്ഷവും തമ്മിൽ വാക്കുതർക്കമുണ്ടായതിനെത്തുടർന്ന് പോലീസ് ഹനുമന്ത റാവുവിനെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
പ്രകോപിതനായ റാവു ആദ്യം സ്ഥലത്തുണ്ടായിരുന്ന ഡിഎസ്‌പിയോട് എല്ലാ കുടിയേറ്റക്കാരെയും വിട്ടയക്കണമെന്ന് അഭ്യർത്ഥിച്ചു. എന്നാല്‍ ആവശ്യം നിരസിക്കപ്പെട്ടതിനെത്തുടർന്ന്, ഭരണകക്ഷിയുടെ സമ്മർദത്തിലാണ് പോലീസ് പ്രവർത്തിക്കുന്നതെന്നും കോവിഡിന്റെ സമയത്ത് പോലീസ് ഒരു രാഷ്ട്രീയ ഉപകരണമായി മാറിയെന്നും അദ്ദേഹം ആരോപിച്ചു.
Post Your Comments