കൊച്ചി : ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ മലങ്കര അണക്കെട്ടിന്റെ ഷട്ടറുകള്‍ നാളെ രാവിലെ ആറ് മണിക്ക് തുറക്കുമെന്ന് എറണാകുളം ജില്ലാ കളക്ടര്‍ എസ് സുഹാസ് അറിയിച്ചു. മൂന്ന് ഷട്ടറുകളാണ് 20 സെ.മീ വീതം തുറക്കുന്നത്. 42.00 മീറ്ററാണ് മലങ്കര ഡാമിന്റെ സംഭരണശേഷി. കഴിഞ്ഞ വര്‍ഷം ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതോടെ ഡാമിന്റെ ആറ് ഷട്ടറുകളും തുറന്നിരുന്നു.അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
ഈ ജില്ലകള്‍ക്ക് പുറമേ തൃശൂര്‍, പാലക്കാട് ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ട് ആയിരിക്കും. കേരള തീരങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ ഒരു കാരണവശാലും കടലില്‍ പോകാന്‍ പാടുള്ളതല്ലെന്ന് നിര്‍ദ്ദേശമുണ്ട്.അതേസമയം, സംസ്ഥാനത്ത് ചിലയിടങ്ങളില്‍ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. വേനല്‍മഴയോടനുബന്ധിച്ചുള്ള ഇടിമിന്നലോട് കൂടിയ മഴ സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ അടുത്ത അഞ്ച് ദിവസവും തുടരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കേരളത്തില്‍ ഇടിമിന്നലും ശക്തമായ കാറ്റും തുടരുന്ന സാഹചര്യത്തില്‍ പൊതുജനങ്ങളും ബന്ധപ്പെട്ടവരും പ്രത്യേക ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി നിര്‍ദ്ദേശിക്കുന്നു. അതേസമയം ഒഡീഷ, ആന്ധ്രപ്രദേശ്, പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങളില്‍ വരുന്ന 12 മണിക്കൂറിനുള്ളില്‍ എംഫാന്‍ ചുഴലിക്കാറ്റ് വീശിയടിക്കാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം.ഞായറാഴ്ചയോടെ ശക്തിപ്രാപിക്കുന്ന ചുഴലിക്കാറ്റ് ഈ സംസ്ഥാനങ്ങളില്‍ വീശിയടിക്കും. ആന്തമാന്‍ നിക്കോബാര്‍ ദ്വീപുകള്‍, ഒഡീഷ, പശ്ചിമബംഗാള്‍, എന്നിവിടങ്ങളില്‍ ഇടത്തരം മഴ ലഭിക്കുമെന്നും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു.
ഒഡീഷയില്‍ 12 ജില്ലകളില്‍ മുന്‍കരുതല്‍ നിര്‍ദേശം നല്‍കുകയും ചെയ്തു. ചീഫ് സെക്രട്ടറി അസിത് ത്രിപാഠിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രത്യേക യോഗത്തിലാണ് മുന്‍കരുതല്‍ നിര്‍ദേശം നല്‍കിയത്. ചുഴലിക്കാറ്റിന്‍െറ സഞ്ചാരപാതയില്‍ കേരളം ഉള്‍പ്പെട്ടിട്ടില്ല. എന്നാല്‍ സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ വേനല്‍മഴയോടനുബന്ധിച്ച് ശക്തമായ മഴയും കാറ്റും ഇടിമിന്നലും മെയ് 20 വരെ തുടരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Post Your Comments