തിരുവനന്തപുരം• ഫെയ്‌സ്ബുക്കിൽ തെറിയഭിഷേകം നടത്തിയ വി.ഡി സതീശൻ എം.എല്‍.എ പൊതുസമൂഹത്തോടു മാപ്പുപറയണമെന്ന് ഡി.വൈ.എഫ്.ഐ. തന്റെ വെരിഫൈഡ് പേജിലൂടെയാണ് കേട്ടാലറയ്ക്കുന്ന പച്ചത്തെറി വി.ഡി സതീശൻ വിളിച്ചത്. കഴിഞ്ഞ ദിവസം വാളയാറിലെ കോൺഗ്രസ്സ് സമര നാടകത്തെ ന്യായീകരിച്ചു പോസ്റ്റ് ചെയ്ത വീഡിയോയുടെ ചുവട്ടിലായിരുന്നു തന്റെ മണ്ഡലത്തിലെ ഒരു പൊതുപ്രവർത്തകന്റെ അമ്മയെപ്പോലും ചേർത്ത് അസഭ്യം പറഞ്ഞത്. വി ഡി സതീശന്റെ പുനർജ്ജനി പദ്ധതിയിലെ ക്രമക്കേട് സംബന്ധിച്ച വിമർശനത്തിനോടായിരുന്നു പുളിച്ച തെറിയഭിഷേകം. ഒരു ഉത്തരവാദിത്തപ്പെട്ട പൊതുപ്രവർത്തകനിൽ നിന്നും ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത അധമ പ്രവൃത്തിയാണ് സതീശനിൽ നിന്നും ഉണ്ടായതെന്നും ഡി.വൈ.എഫ്.ഐ ആരോപിച്ചു.
കെ.പി.സി.സി യുടെ വൈസ് പ്രസിഡന്റ് കൂടിയാണ് ഇദ്ദേഹം. എം.എൽ.എ എന്ന നിലയിലും കോൺഗ്രസ്സിലെ ഉത്തരവാദിത്തപ്പെട്ട സ്ഥാനം കൈകാര്യം ചെയ്യുന്ന ആൾ എന്ന നിലയിലും സമൂഹത്തിനു മാതൃകയാകേണ്ട ഉത്തരവാദിത്തം അദ്ദേഹത്തിനുണ്ട്.
എന്നാൽ കേരളത്തിന്റെ ഉയർന്ന സാംസ്‌കാരിക പൈതൃകത്തിനു ചേരാത്ത നിന്ദ്യ പ്രവൃത്തിയാണ് വി.ഡി സതീശൻ നടത്തിയത്. ഒരു നിമിഷം പോലും വൈകാതെ തന്റെ തെറ്റിൽ മാപ്പ് പറയാൻ തയ്യാറാകണം. കോൺഗ്രസ്സിന്റെ സൈബർ പ്രവർത്തനങ്ങളുടെ തലവനു സതീശനാണ്. തലവൻ തന്നെ തെറിവിളിച്ചു സൈബർ അണികൾക്ക് മാതൃകയാവുകയാണ്. കേരളത്തിന് തന്നെ അപമാനമായി മാറിയ സംഭവത്തിൽ കെപിസിസി അധ്യക്ഷൻ പ്രതികരിക്കണമെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
Post Your Comments