Latest NewsKeralaNews

മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവരുടെ കാര്യത്തിൽ കേരളം ഫലപ്രദമായ ക്രമീകരണം ഉണ്ടാക്കിയതായി : മുഖ്യമന്ത്രി

തിരുവനന്തപുരം : മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവരുടെ കാര്യത്തിൽ കേരളം ഫലപ്രദമായ ക്രമീകരണം ഉണ്ടാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. സംസ്ഥാന സർക്കാരിന്റെ പോർട്ടലിൽ അവർ രജിസ്റ്റർ ചെയ്യണം. രജിസ്റ്റർ ചെയ്തവർക്ക് അവർ വരേണ്ട തീയതിയും സമയവും ചെക്ക് പോസ്റ്റും മുൻകൂട്ടി നൽകും. യാത്രക്കാരുടെ വിവരങ്ങൾ പൂർണമായി ലഭിക്കുന്നതിനും അവരുടെ യാത്രാപഥം മനസ്സിലാക്കുന്നതിനും ഇതു ഫലപ്രദമാണ്. ഡൽഹിയിൽ നിന്ന് വിവിധ സംസ്ഥാനങ്ങളിലേക്ക് റെയിൽവെ ട്രെയിൻ ഓടിക്കാൻ തുടങ്ങിയിട്ടുണ്ട്. ഐആർസിടിസി വെബ്സൈറ്റിലൂടെ ബുക്ക് ചെയ്യുന്നവർക്ക് യാത്ര ചെയ്യാം. മാത്രമല്ല, കേരളത്തിലേക്കുള്ള ട്രെയിൻ മറ്റു പല സ്ഥലങ്ങളിലും നിർത്തിയിട്ടാണ് ഇവിടെയെത്തുന്നത്. ഇത് രോഗവ്യാപനം തടയാൻ സംസ്ഥാന സർക്കാർ എടുക്കുന്ന നടപടികളെ നിഷ്ഫലമാക്കുന്ന രീതിയാണ്. ഇക്കാര്യം റെയിൽവെ മന്ത്രി പിയൂഷ് ഗോയലിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്.

ഡെൽഹിക്കു പുറമെ രാജ്യത്തെ പ്രധാന നഗരങ്ങളിൽനിന്ന് കേരളത്തിലേക്ക് പ്രത്യേക ട്രെയിൻ ലഭ്യമാക്കാൻ ശ്രമിക്കുകയാണ്. മുംബൈ, കൊൽക്കത്ത, അഹമ്മദബാദ്, ബംഗളൂരു, ചെന്നൈ തുടങ്ങിയ നഗരങ്ങളിൽനിന്ന് നോൺ സ്റ്റോപ്പ് ട്രെയിനുകൾ വേണമെന്ന് കേന്ദ്ര സർക്കാരിനോട് വീണ്ടും അഭ്യർത്ഥിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാരിന്റെ രജിസ്ട്രേഷൻ നോക്കാതെ റെയിൽവെ ഓൺലൈൻ ബുക്കിങ് വഴി യാത്രക്കാരെ കൊണ്ടുവന്നാൽ രോഗവ്യാപനത്തിന് സാധ്യതയുണ്ട്. ഇവിടെ വന്നിറങ്ങുന്ന യാത്രക്കാർ ആരാണെന്ന് മനസ്സിലാക്കിയില്ലെങ്കിൽ, രോഗം നിയന്ത്രിക്കാനുള്ള സർക്കാരിൻറെ ശ്രമങ്ങൾക്ക് വലിയ തടസ്സമാകും. അതിനാൽ സർക്കാരിന്റെ പോർട്ടൽ വഴി രജിസ്റ്റർ ചെയ്തവർക്ക് മാത്രമേ കേരളത്തിലേക്കുള്ള ട്രെയിനുകളിൽ ബുക്കിങ് അനുവദിക്കാവൂ എന്ന് റെയിൽവെ മന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇപ്പോൾ റെയിൽവെ പ്ലാൻ ചെയ്ത ട്രെയിനുകൾക്ക് പുറമെ മറ്റു സംസ്ഥാനങ്ങളിൽ ലോക്ക്ഡൗൺ കാരണം കുടുങ്ങിപ്പോയവരെ തിരിച്ചെത്തിക്കുന്നതിന് കേരളത്തിലേക്ക് പ്രത്യേക ട്രെയിനുകൾ വേണമെന്നും റെയിൽവെ മന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Also read : സ്‌കൂളുകളിൽ പ്രവേശന നടപടി മെയ് 18 മുതൽ ആരംഭിക്കും

വിവിധ സംസ്ഥാനങ്ങളിൽ ലോക്ക്ഡൗൺ കാരണം പെട്ടുപോയി ദുരിതമനുഭവിക്കുന്ന വിദ്യാർത്ഥികളടക്കമുള്ള മലയാളികളെ എത്രയും വേഗം നാട്ടിലെത്തിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വിദേശത്ത് നിന്നും വിവിധ സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലെ വിമാനത്താവളങ്ങളിലും റെയിൽവേ സ്റ്റേഷനുകളിലും ചെക്പോസ്റ്റുകളിലും എത്തിയശേഷം വീടുകളിലേക്ക് പോകുന്ന യാത്രക്കാരുടെ സൗകര്യാർത്ഥം ജില്ലകളിൽ പ്രാഥമിക കൃത്യങ്ങൾ നിർവ്വഹിക്കുന്നതിന് 185 കേന്ദ്രങ്ങളിൽ സൗകര്യം ഏർപ്പെടുത്തി. ഈ കേന്ദ്രങ്ങളുടെ പട്ടിക വിമാനത്താവളങ്ങളിലും റെയിൽവേ സ്റ്റേഷനുകളിലും ചെക്ക്പോസ്റ്റുകളിലുമുള്ള ഹെൽപ് ഡെസ്‌ക്കുകളിൽ ലഭിക്കും.
അതിർത്തികളിൽ പണം വാങ്ങി ആളുകളെ കടത്താൻ ചിലർ ശ്രമിക്കുന്നെന്ന പരാതിയുണ്ട്. കർണാടകത്തിൽ നിന്ന് കാസർകോട്ടേക്ക് ആളെ കടത്തുന്ന സംഘം സജീവമാണ് എന്ന വാർത്ത വന്നു. പാസില്ലാതെ ആളുകളെ കടത്തിവിട്ടു എന്ന് ചിലർ ചാനലുകളിലൂടെ പറയുന്നതും കണ്ടു. ഇത്തരം പ്രവണതകൾ ഉണ്ടാക്കുന്ന അപകടമാണ് കഴിഞ്ഞദിവസം വാളയാറിൽ കണ്ടത്.

മെയ് എട്ടിന് ചെന്നൈയിൽനിന്ന് മിനി ബസിൽ പുറപ്പെട്ട് ഒമ്പതിന് രാത്രി വാളയാറിലെത്തിയ മലപ്പുറം പള്ളിക്കൽ സ്വദേശിയായ 44കാരൻ കോവിഡ് ബാധിച്ച് പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. കൂടെയുണ്ടായിരുന്ന ഒരാളും അവിടെ നിരീക്ഷണത്തിലുണ്ട്. മറ്റ് എട്ടുപേർ മഞ്ചേരി മെഡിക്കൽ കോളേജിലാണ്.
കൃത്യമായ പരിശോധനകളും രേഖകളുമില്ലാതെ ഇങ്ങനെ ആളുകൾ എത്തുന്നത് നമ്മുടെ സംവിധാനത്തെ തകർക്കുമെന്ന് പലവട്ടം ഓർമിപ്പിച്ചതാണ്. ഒരാൾ അങ്ങനെ കടന്നുവന്നാൽ ഒരു സമൂഹം മുഴുവൻ പ്രതിസന്ധിയിലാകും. കർക്കശമായി നിബന്ധനകൾ നടപ്പാക്കാൻ ബന്ധപ്പെട്ട എല്ലാവർക്കും നിർദേശം നൽകിയിട്ടുണ്ട്. അനധികൃതമായി കടക്കാൻ ശ്രമിക്കുന്നവർക്കെതിരെയും അതിന് സഹായം നൽകുന്നവർക്കെതിരെയും നടപടിയുണ്ടാകും. വികാരമല്ല വിചാരമാണ് എല്ലാവരെയും നയിക്കേണ്ടത്.
പാലക്കാട് മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ട് ഈ പ്രശ്നങ്ങൾ കൃത്യമായി പറയുന്നുണ്ട്. ഛർദിയും ശാരീരിക അസ്വാസ്ഥ്യവും ഉണ്ടായതിനെത്തുടർന്ന് ചെന്നൈയിൽ നിന്നു വന്നയാളെ പരിശോധിച്ച് ആശുപത്രിയിലേക്ക് മാറ്റുകയാണുണ്ടായത്. ഡ്യൂട്ടിയുടെ ഭാഗമായി അയാളുമായി സമ്പർക്കത്തിലുണ്ടായ നഴ്സുമാരെ ഹോസ്പിറ്റൽ ക്വാറൻറൈനിലേക്കും പൊലീസുകാരെ ഹോം ക്വാറൻറൈനിലേക്കും മാറ്റി. ഇത്തരം ഘട്ടങ്ങളിൽ സന്ദർഭാനുസരണം ചുമതല നിർവഹിക്കുന്ന ആരോഗ്യപ്രവർത്തകർക്കും പൊലീസിനും പ്രത്യേക പിന്തുണ നൽകേണ്ടതുണ്ട്. അവർക്ക് എല്ലാവിധ സൗകര്യങ്ങളും സർക്കാർ ഒരുക്കും. അവരെ അഭിനന്ദിക്കുന്നു.

Also read : എത്ര പ്രകോപനം ഉണ്ടായാലും സ്ത്രീകളോടുള്ള പെരുമാറ്റത്തില്‍ കോൺഗ്രസ് സിപിഎമ്മിനെ പിന്തുടരുത്; മേഴ്‌സിക്കുട്ടിയമ്മയ്‌ക്കെതിരായി നടക്കുന്ന പ്രചരണങ്ങള്‍ക്കെതിരെ പത്മജ വേണുഗോപാല്‍ രംഗത്ത്

ആ സമയത്ത് വാളയാർ ചെക്ക്പോസ്റ്റിൽ ജനങ്ങളെ കടത്തിവിടുന്നതുമായി ബന്ധപ്പെട്ട് പ്രശ്നം നിലനിന്നിരുന്നു. രോഗലക്ഷണങ്ങൾ കാണിച്ച ആളും എട്ട് സഹയാത്രികരും ഹൈ റിസ്‌ക് പ്രൈമറി കോൺടാക്ടിൽ ഉൾപ്പെടുന്നു. അവിടെയുണ്ടായിരുന്ന 130ഓളം യാത്രക്കാർ, മാധ്യമപ്രവർത്തകർ, പൊലീസ്, ജനപ്രതിനിധികൾ, മറ്റു നാട്ടുകാർ എന്നിവരെ ലോ റിസ്‌ക് പ്രൈമറി കോൺടാക്ടായി കണക്കാക്കി 14 ദിവസത്തേക്ക് ഹോം ക്വാറൻറൈനിലേക്ക് വിടാവുന്നതും ഇവരിൽ ലക്ഷണമുള്ളവരുടെ സ്രവം പരിശോധിക്കേണ്ടതുമാണെന്നാണ് മെഡിക്കൽ ബോർഡ് റിപ്പോർട്ട്. ഈ സമ്പർക്കപ്പട്ടിക അന്തിമമല്ല എന്നും റിപ്പോർട്ടിലുണ്ട്. വാളയാറിൽ പോയ ജനപ്രതിനിധികളെ ഉൾപ്പെടെ ക്വാറൻറൈനിലേക്ക് അയക്കേണ്ടിവന്ന ഈ സാഹചര്യം ഒഴിവാക്കേണ്ടതായിരുന്നു. ഉത്തരവാദിത്വത്തോടെ പെരുമാറേണ്ടവർ അങ്ങനെ തന്നെ പെരുമാറണമായിരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.

32 ദിവസം ഗ്രീൻസോണിൽ പെട്ടിരുന്ന വയനാട് ജില്ലയിൽ ഒരു ഇടവേളക്ക് ശേഷമാണ് ചെന്നൈ കോയമ്പേട് മാർക്കറ്റിൽ നിന്ന് തിരിച്ചെത്തിയ ഡ്രൈവർക്ക് രോഗബാധയുണ്ടായത്. വീട്ടിൽ ക്വാറൻറൈനിൽ കഴിയുകയായിരുന്ന അദ്ദേഹത്തിന്റെ സ്രവം രോഗ കേന്ദ്രമായ കോയമ്പേട് മാർക്കറ്റിൽ പോയി എന്ന കാരണത്താലാണ് പരിശോധനയ്ക്ക് അയച്ചത്. ആ ഒരാളിൽനിന്ന് ഇപ്പോൾ 10 പേർക്ക് രോഗബാധയുണ്ടായിരിക്കുന്നു.
ഈ കോൺടാക്ടിൽ നിന്നുള്ള ഒരാളിൽനിന്നാണ് മാനന്തവാടി പൊലീസ് സ്റ്റേഷനിലെ മൂന്ന് പൊലീസ് ഉദ്യോഗസ്ഥർക്ക് കോവിഡ് വന്നത്. ഇത് അസ്വസ്ഥജനകമായ അനുഭവമാണ്. വയനാട് ജില്ലയിൽ തൃപ്തികരമായ രോഗപ്രതിരോധ പ്രവർത്തനം നടക്കുന്നുണ്ട്. അതിർത്തി ജില്ലയായതിനാലും മറ്റു സവിശേഷതകളാലും കൂടുതൽ പ്രശ്നങ്ങളുള്ള ജില്ലയാണ് വയനാട്. അത് മനസ്സിലാക്കിക്കൊണ്ടുള്ള ഇടപെടലാണ് ഉണ്ടാകുന്നത്. ഡ്യൂട്ടിയിലുള്ള 1200 പൊലീസുകാരിൽ 300ലേറെ പേർക്ക് അവിടെ ടെസ്റ്റ് നടത്തി.
സിവിൽ പൊലീസ് ഓഫീസർ മുതൽ സംസ്ഥാന പൊലീസ് മേധാവി വരെയുള്ള എല്ലാ പൊലീസ് ഉദ്യോഗസ്ഥരുടെയും ആരോഗ്യവും ക്ഷേമവും ഉറപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. കോവിഡ് ബാധയുടെ പശ്ചാത്തലത്തിൽ വിവിധ മേഖലകളിൽ പൊലീസിന്റെ പ്രവർത്തന ക്രമങ്ങളിൽ മാറ്റം വരുത്തും. ഇതുമായി ബന്ധപ്പെട്ട പൊലീസിലെ ഉന്നതതല സമിതി ഉടൻ റിപ്പോർട്ട് സമർപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button