അഞ്ജു പാര്‍വതി പ്രഭീഷ്
കഴിഞ്ഞ കുറച്ചുദിവസങ്ങളായി സോഷ്യൽ മീഡിയയിൽ ഒരു അടുക്കളവിപ്ലവം നടക്കുന്നത് പലരും ശ്രദ്ധിച്ചിട്ടുണ്ടാവുമല്ലോ. ഈ അടുക്കളവിപ്ലവത്തിലെ മുന്നണിപ്പോരാളികളിൽ മുക്കാൽപങ്കും ഒരേ തരം തത്വസംഹിതയിൽ അടിയുറച്ചുവിശ്വസിച്ചുപ്പോരുന്നവരും തങ്ങളുടെ ആദർശങ്ങൾ സമൂഹത്തിൽ വിതച്ച് ഇവിടെ സമൂലമായ മാറ്റം കൊണ്ടുവരാൻ വേണ്ടി അഹോരാത്രം പണിയെടുക്കുന്നവരുമാണ്.അടുക്കളവിപ്ലവത്തിനു നാന്ദികുറിച്ചിരിക്കുന്നത് ആനിയെന്ന വീട്ടമ്മയെ ഫെമിനസത്തിന്റെ ബാലപാഠങ്ങളിൽ തുടങ്ങി മാനറിസങ്ങളുടെയും ആതിഥൃമര്യാദയുടെയും ചട്ടം പഠിപ്പിച്ച് മൊത്തത്തിലങ്ങോട്ട് ഉടച്ചുവാർത്ത് ഇന്നിന്റെ പുരോഗമനവാദത്തിന്റെയും നവോത്ഥാനത്തിന്റെയും നേർരൂപമായി മാറ്റിയെടുക്കണമെന്ന ദൃഢനിശ്ചയവുമായാണ്.
ആനിയെന്ന കലാകാരിയെ മലയാളികൾ അറിയുന്നത് ആനീസ് കിച്ചൺ എന്ന അമ്യതാചാനലിലെ പാചകപരിപാടിയുടെ അവതാരകയെന്ന നിലയിൽ മാത്രമാണോ? അല്ല തൊണ്ണൂറുകളിലെ ഒരു പിടി മികച്ച ചിത്രങ്ങളുടെ നായികയായും അഭിനയിച്ച ചിത്രങ്ങളിലെല്ലാം തന്റേതായ കൈയ്യൊപ്പ് ചാർത്തിയ നല്ലൊരു അഭിനേത്രിയുമായിട്ടാണ്. പിന്നീട് ഷാജി കൈലാസെന്ന ഇടിവെട്ട് സംവിധായകന്റെ ജീവിതത്തിലേയ്ക്ക് ഒരു റൊമാന്റിക് സിനിമയ്ക്കു വേണ്ട എല്ലാ ചേരുവകളും ത്രില്ലുമായി കടന്നുചെന്ന കൗമാരക്കാരിയായ ആനി ജോബിയെന്ന നായികയായിട്ടാണ്. വർഷങ്ങളോളം മുടങ്ങാതെ വന്നിരുന്ന വനിതയുടെയും ഗൃഹലക്ഷ്മിയുടെയും മറ്റും സെലിബ്രിറ്റികളുടെ ഓണക്കാല-ക്രിസ്തുമസ് വിശേഷങ്ങളിലെ കുടുംബസഹിതമുള്ള ചിത്രവിശേഷങ്ങളിലൂടെയും ചാനലുകളിലെ താരവിശേഷങ്ങളിലൂടെയും ചിത്രാഷാജിയെന്ന മൂന്നു ആൺകുട്ടികളുടെ അമ്മയായിട്ടാണ്. അതും കഴിഞ്ഞ് വർഷങ്ങൾക്കുശേഷം തന്റെ മക്കളൊക്കെ ഒന്ന് വലുതായശേഷം 2015മുതൽ അമ്യതാ ടിവിയിലെ ആനീസ് കിച്ചൺ എന്ന പാചകപരിപാടിയുടെ അവതാരകയായിട്ടാണ്.
എന്നു മുതലാണ് ആനിയുടെ സ്വഭാവരീതിയെ വിമർശനാത്മകമായി സോഷ്യൽ മീഡിയ വിലയിരുത്തിതുടങ്ങിയത് എന്നതിൽ തുടങ്ങി എന്തുകൊണ്ട് ആനിയെന്ന വീട്ടമ്മയായ നടി സ്ത്രീപക്ഷവാദികളുടെ കണ്ണിലെ കരടാവുന്നു എന്നത് വരെയുള്ള കാര്യങ്ങൾക്കുപിന്നിൽ വ്യക്തമായൊരു റൂട്ട്മാപ്പും ഒരുകൂട്ടം ആളുകളുടെ പ്ലാനിങ്ങും അജണ്ടയുമുണ്ട്. 2015 മുതൽ സമൂഹത്തിന്റെ നാനാതുറയിലെ സെലിബ്രിട്ടികളെ അതിഥികളായി വിളിച്ചുവരുത്തി അവർക്ക് താൻ പാചകം ചെയ്ത ഭക്ഷണമൂട്ടി നല്ലൊരു ആതിഥേയയുടെ എല്ലാവിധ പെരുമാറ്റരീതികളോടും കൂടി ആനി അവതരിപ്പിച്ചു വന്നിരുന്ന പരിപാടിക്ക് 2019 അവസാനം തുടങ്ങി ഈയടുത്ത കാലത്താണ് ഏറ്റവും വലിയ വിമർശനങ്ങൾ നേരിടേണ്ടി വന്നത് എന്നത് ഏറ്റവും ശ്രദ്ധിക്കേണ്ടതായ വസ്തുത. ആനിയുടെ അതിഥികളായി വന്നവർക്കാർക്കും ആനിയുടെ പെരുമാറ്റരീതിയിൽ പാട്രിയാർക്കിയുടെ കടന്നുക്കയറ്റം ഫീൽ ചെയ്തതായും അവരുടെ അന്തസിനെ ഹനിച്ചതായും പരാതിയില്ല താനും. പിന്നെ ആർക്കാണ് ആനിയെ പാട്രിയാർക്കൽ വ്യവസ്ഥിതിയുടെ വക്താവായി ചിത്രീകരിക്കാൻ ഇത്രമേൽ തിടുക്കമെന്നു നോക്കിയാൽ അതിന്റെ ഉത്തരം ചില സ്വയം പ്രഖ്യാപിത ആക്റ്റിവിസ്റ്റുകളിലെത്തി നില്ക്കും.അവർക്കു മാത്രമാണ് ആനിയും ആനിയെപ്പോലുള്ള വീട്ടമ്മമാരും ഇന്നത്തെ സമൂഹത്തിനു ചേരാത്തവരായി തോന്നുന്നത്.
ഈയടുത്തകാലത്തായി കണ്ടു വരുന്നൊരു പ്രവണതയുണ്ട്. ബോഡി ആർട്ട് എന്ന പേരിൽ തുണിയുരിഞ്ഞ ഫോട്ടോയിട്ട് പ്രശസ്തയാകുന്നതും തുണിയുടുക്കാതെ മത്തിക്കറിയും ബീഫ് ഉലർത്തും ബ്ലോഗുന്നതും തന്നിഷ്ടം പോലെ പാതിരാത്രി ഒറ്റയ്ക്ക് സഞ്ചരിക്കുന്നതും നടുറോഡിൽ പരസ്യമായി ഉമ്മ വെയ്ക്കുന്നതും താലി പൊട്ടിച്ചെറിയുന്നതും വായിൽ തോന്നിയത് കോതയ്ക്ക് പാട്ടെന്ന പോലെ പ്രസംഗിക്കുന്നതും സ്വയംഭോഗം ചെയ്യുന്നത് പോസ്റ്റിട്ട് സമൂഹത്തിന്റെ ലൈംഗികദാരിദ്ര്യം മാറ്റുന്നതുമൊക്കെയാണ് പുരോഗമനവാദത്തിലൂന്നിയ സ്ത്രീവാദമെന്ന് പൊതുസമൂഹത്തിനു ധാരണയൂട്ടി ഉറപ്പിക്കൽ. ഇതിനു പിന്തുണയ്ക്കുന്നവർ യഥാർത്ഥ സ്ത്രീപക്ഷവാദികളും അല്ലാത്തവരൊക്കെ കുലസ്ത്രീയെന്ന വട്ടപ്പേരിനുള്ളിലാക്കിയ സംസ്കാരശൂന്യരെന്നും ധ്വനിപ്പിക്കുന്ന തരത്തിലൊരു ചിത്രീകരണം സോഷ്യൽ മീഡിയയിൽ കണ്ടുവരുന്നുണ്ട്. ഒരുവൾ കുടുംബത്തിനും കുഞ്ഞുങ്ങൾക്കും പ്രാധാന്യം നല്കിയാൽ ,സമൂഹം കല്പിച്ച ചില നടപ്പുരീതികൾ സ്വമനസ്സാലെ പാലിക്കാൻ ഇഷ്ടപ്പെട്ടാൽ, ആർക്കും ഒരു രീതിയിലും തടസ്സമാകാത്ത ആചാരാനുഷ്ഠാനങ്ങൾ ജീവിതത്തിൽ പാലിച്ചാൽ, കുടുംബത്തിലെ ആണുങ്ങളെ ബഹുമാനിക്കുകയും അനുസരിക്കുകയും ചെയ്താൽ ഉടൻ കൽപ്പിച്ചുനൽകുന്ന വട്ടപേരാണ് കുലസ്ത്രീ. നല്ലൊരു കുടുംബത്തിൽ പിറന്നതുക്കൊണ്ടും സാമൂഹ്യമൂല്യങ്ങളെ മുറുകെപ്പിടിക്കുന്നതുക്കൊണ്ടും കുടുംബത്തിൽ നിന്നും പകർന്നുകിട്ടിയ വിശ്വാസങ്ങളെ ജീവിതത്തിൽ പകർത്തുന്നതുക്കൊണ്ടും ഇത്തിരി അടക്കവും ഒതുക്കവും അച്ചടക്കവും ശീലിക്കുന്നതുക്കൊണ്ടും മാത്രം അവരെ പുരോഗമനവാദികൾ രണ്ടാംതരക്കാരായി ചിത്രീകരിക്കുന്നു.
ആനി ചെയ്ത മാരകകുറ്റങ്ങൾ വിവാഹശേഷം ഷാജി കൈലാസെന്ന പുരുഷമേധാവിയോട് മാട്രിയാർക്കൽ വ്യവസ്ഥിതി വേണമെന്ന് ആവശ്യപ്പെട്ടില്ല. പാട്രിലീനിയൽ വ്യവസ്ഥിതിക്ക് പിന്തുണ നല്കി മൂന്ന് ആൺപിള്ളാരെ പെറ്റു. അതുമാത്രമോ തുല്യനീതി വേണമെന്ന് പ്രസംഗിക്കാൻ നില്ക്കാതെ വീടും കുടുംബവും നോക്കി. ഒരു കഷണം തുണിക്കൊണ്ട് സ്വയംപര്യാപ്തയാവണമെന്ന സന്ദേശം സമൂഹത്തിനു നല്കാതെ ആവശ്യത്തിലധികം തുണിയുടുത്ത് പാചകപരിപാടി ചെയ്തു.
ഈ കുലസ്ത്രീകൾ എന്നു കളിയാക്കി വിളിക്കുന്ന ആനിയുടെ ജനുസിൽപ്പെട്ട സ്ത്രീകൾ ഇവിടെ സമൂഹത്തിൽ എന്ത് അരാജകത്വമാണ് സൃഷ്ടിക്കുന്നത്? അവർ അവരുടെ കാര്യം നോക്കി,കുടുംബം നോക്കി മാന്യമായി ജീവിക്കുന്നു. അവർ തുല്യസമത്വം വേണമെന്നു നാഴികയ്ക്ക് നാല്പതുവട്ടം വിളിച്ചുപ്പറയുന്നില്ലായെന്നു കരുതി ആരുടെയും അടിമകളല്ലാ. അവർ ജീവിച്ചുപ്പോരുന്ന സോഷ്യൽകണ്ടീഷനിൽ അവർ സംതൃപ്തരാവുന്നത് കുടുംബമെന്ന സോഷ്യൽ ഇൻസ്റ്റിറ്റിയൂഷനു നൂറുശതമാനം പ്രാധാന്യം നല്കുന്നതിനാലും കുടുംബത്തിൽ നിന്നും പൂർണ്ണ പിന്തുണ അവർക്ക് കിട്ടുന്നതിലുമാണ്.
ഒരു യഥാർത്ഥ സ്ത്രീ ഒരിക്കലും പുരുഷൻ സ്ത്രീയേക്കാൾ താഴെയാണേന്നോ അല്ലെങ്കിൽ തിരിച്ചോ ആണെന്ന് വിശ്വസിക്കുന്നില്ല. ഒരു വ്യക്തി എങ്ങനെ ജീവിക്കണം എന്നത് അവരുടെ വ്യക്തിപരമായ കാര്യം.
കുടുംബത്തിന്റെ കാര്യങ്ങൾ വേണ്ടരീതിയിൽ നോക്കിനടത്താൻ കഴിയുന്ന സന്നദ്ധതയാണ് പെണ്ണത്തം.ആ പെണ്ണത്തം ആനിയിൽ കാണുമ്പോൾ പിതൃമേധാവിത്തത്തെ അരക്കിട്ടുറപ്പിക്കുന്നുവെന്നു തോന്നുന്നത് നിങ്ങളിലെ മണ്ടത്തരം.. യഥാർത്ഥ സ്ത്രീശാക്തീകരണമെന്തെന്ന് ജീവിതത്തിൽ കാണിച്ചുജയിച്ചവളാണ് ആനി. എട്ടാം ക്ലാസ്സിൽ വച്ച് അമ്മയെ നഷ്ടപ്പെട്ടുവെങ്കിലും പതറാതെ കലാമേഖലയിലെത്തി വെന്നിക്കൊടിപാറിച്ച്,പിന്നീട് ഇഷ്ടപ്പെട്ട പുരുഷനെ വിവാഹം ചെയ്ത് നല്ലൊരു വീട്ടമ്മയായി കുടുംബം നോക്കിയവൾ. മൂന്നു കുഞ്ഞുങ്ങളുടെ അമ്മയായി, ഒപ്പം ഷാജി കൈലാസെന്ന ഭർത്താവിന്റെ അകാലത്തിൽ മരിച്ച സഹോദരിയുടെ മകളെയും ഒപ്പം കൂട്ടി വളർത്തി അമ്മയായവൾ. മക്കൾ വളർന്നശേഷം സ്വന്തം പാചകനൈപുണ്യം തിരുവനന്തപുരത്തുകാർക്ക് കൂടി പങ്കുവയ്ക്കാൻ ഒരു ഭക്ഷണശാല ഒറ്റയ്ക്ക് നോക്കി നടത്തുന്നവൾ. ഒപ്പം കലയും പാചകവും സമന്വയിപ്പിച്ച് ഒരു ഷോയുടെ ഭാഗമായി സ്വയം സമ്പാദിക്കുന്നവൾ! ഇതൊക്കെയാണ് ആക്ടിവിസ്റ്റുകളുടെ കണ്ണിലെ കരടായ ആനി!കുടുംബബന്ധങ്ങളേക്കാൾ മൂല്യമുള്ളതാണ് സ്വന്തം സ്വത്വമെന്ന മിഥ്യാബോധം ഭരിക്കുന്ന ആക്ടിവിസ്റ്റുകൾ അറിയുന്നില്ല മാടമ്പള്ളിയിലെ ആ മനോരോഗി അവർക്കുള്ളിലാണെന്ന യാഥാർത്ഥൃം!
ആനിയ്ക്കൊപ്പം! യഥാർത്ഥ സ്ത്രീയ്ക്കും വീട്ടമ്മയ്ക്കുമൊപ്പം!!
Post Your Comments