ന്യൂഡൽഹി: ന്യൂ ഡൽഹിയിൽ കോവിഡ് തീവ്ര ബാധിത മേഖലകളിൽ ഭക്ഷണ സാധനങ്ങൾ പോലും വാങ്ങാൻ കഴിയാതെ ആയിരക്കണക്കിന് മലയാളികൾ ദുരിതത്തിൽ. അമ്പതിലേറെ പേർക്ക് രോഗം സ്ഥിരീകരിച്ച തുഗ്ളക്കാബാദിൽ മൂവായിരത്തിൽ ഏറെ മലയാളികളാണ് ഭക്ഷണ സാധനങ്ങൾ പോലും വാങ്ങാൻ കഴിയാതെ ബുദ്ധിമുട്ടുന്നത്. പരിശോധനാ ഫലം കിട്ടാനുള്ള കാലതാമസത്തിന് ഒപ്പം രോഗലക്ഷണം ഉള്ളവരെ കരുതൽ നിരീക്ഷണത്തിൽ ആക്കാത്തതും ആശങ്ക കൂട്ടുന്നതായി മലയാളികൾ പറയുന്നു.
നഴ്സ്മാരും ലാബ് ടെക്നീഷ്യന്മാരും ഉൾപ്പെടുന്ന 50ല്‍ ഏറെ മലയാളി ആരോഗ്യ പ്രവർത്തകരുണ്ട് തുക്ലക്കാബാദിലെ തീവ്ര ബാധിത മേഖലയായി പ്രഖ്യാപിച്ച 25, 26, 27, 28 ഗലികളിൽ. രോഗികളുടെ എണ്ണം കൂടിയതോടെ തെരുവുകൾ അടച്ചു. ആരോഗ്യ പ്രവർത്തകർ ഉൾപ്പടെ ഒന്നര മാസമായി ആരും പുറത്തിറങ്ങുന്നില്ല.
മലയാളി സംഘടനകൾ എത്തിക്കുന്ന ഭക്ഷണത്തിലാണ് പലരും ഇന്ന് പിടിച്ചുനിൽക്കുന്നത്. രോഗം കൂടുതൽ ആളുകളിലേക്ക് പടരുമ്പോഴും പ്രതിരോധ നടപടികൾ ദുർബലം എന്നും ഇവർ പറയുന്നു. പരിശോധന ഫലത്തിന് കാത്തിരിക്കേണ്ടിവരുന്നത് 10 ദിവസത്തിലേറെ. രോഗ ലക്ഷണങ്ങൾ ഉള്ളവരെ കരുതൽ നിരീക്ഷണത്തിലാക്കുന്നതിനും നടപടി എടുക്കുന്നില്ല എന്നും മലയാളികൾ ആരോപിക്കുന്നു.
ALSO READ: ലോകത്തിന് സന്തോഷ വാർത്ത; കോവിഡ് പ്രതിരോധ വാക്സിൻ ഉടൻ വിപണിയിലെത്തിക്കുമെന്ന് ഇന്ത്യൻ മരുന്ന് കമ്പനി
രേഖകളിൽ പേരില്ലാത്തതിനാൽ റേഷൻ ലഭിക്കുന്നില്ല. ഒരാഴ്ച മുൻപ് വരെ കുടിവെള്ളത്തിനും ബുദ്ധിമുട്ടി. തുച്ഛവരുമാനക്കാരാണ് ഇവരിൽ അധികവും. കൈയ്യിലുള്ള പണവും തീര്‍ന്നുതുടങ്ങി. മറുനാട്ടിലെ പ്രതിസന്ധിയിൽ കേരള സർക്കാരിന്റെ കൈത്താങ്ങ് പ്രതീക്ഷിക്കുന്നുണ്ട് ഇവർ.
Post Your Comments