ന്യൂഡല്‍ഹി: ആഭ്യന്തര വിമാനസര്‍വീസ് പുനരാരംഭിക്കുമ്ബോള്‍ ആദ്യഘട്ടത്തില്‍ യാത്രക്കാര്‍ക്കു കാബിന്‍ ലഗേജ് കൈവശം വയ്‌ക്കാന്‍ അനുവദിക്കേണ്ടെന്നും 80 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്കു യാത്രാനുമതി നല്‍കേണ്ടെന്നും നിര്‍ദേശം.മധ്യത്തിലെ സീറ്റ് ഒഴിച്ചിട്ട് യാത്രക്കാര്‍ തമ്മില്‍ അകലം ഉറപ്പാക്കണമെന്ന ചട്ടം വേണ്ടെന്നുവച്ച് മുഴുവന്‍ സീറ്റിലും യാത്ര അനുവദിക്കും. കൂട്ടല്‍ചേരല്‍ ഒഴിവാക്കാനായി ടെര്‍മിനല്‍ കവാടത്തില്‍ യാത്രക്കാരുടെ തിരിച്ചറിയല്‍ കാര്‍ഡ് പരിശോധന വേണ്ടെന്നുവയ്‌ക്കും.
യാത്രക്കാര്‍ ഓണ്‍ലൈനില്‍ ചെക്കിന്‍ നടപടിക്കു ശേഷമേ വിമാനത്താവളത്തിലെത്താവൂ. യാത്രാസമയത്തിന് ഒരു മണിക്കൂര്‍ മുമ്പ് മുതല്‍ വിമാനത്തില്‍ കയറ്റും. പുറപ്പെടാന്‍ 20 മിനിറ്റുള്ളപ്പോള്‍ ഗേറ്റടയ്‌ക്കും.തിങ്കളാഴ്‌ച വിമാനക്കമ്പനികളുടെയും വിമാനത്താവളങ്ങള്‍ കൈകാര്യം ചെയ്യുന്നവരുടെയും യോഗത്തില്‍ കേന്ദ്ര വ്യോമയാന മന്ത്രാലയമാണു കരടു നിര്‍ദേശങ്ങള്‍ അവതരിപ്പിച്ചത്. വിമാനത്താവളത്തിലെത്തി റിപ്പോര്‍ട്ട് ചെയ്യേണ്ട സമയം രണ്ടു മണിക്കൂര്‍ കൂട്ടും.
അടുത്ത ആറു മണിക്കൂറിനുള്ളില്‍ പറക്കേണ്ട വിമാനങ്ങളില്‍ കയറേണ്ടവര്‍ക്കു മാത്രമേ വിമാനത്താവളത്തിലേക്കു പ്രവേശനം നല്‍കൂ. പരമാവധി 20 കിലോഗ്രാം ബാഗേജ് കൊണ്ടുപോകാം. വിമാനത്തില്‍ ഭക്ഷണം വിളമ്പില്ല. കുടിവെള്ളം ലഭിക്കും. 80 വയസ് കഴിഞ്ഞെന്നോ ശരീരോഷ്‌മാവ് കൂടുതലാണെന്നോ കണ്ടെത്തിയാല്‍ യാത്ര മറ്റൊരു ദിവസത്തേക്കു മാറ്റാന്‍ അനുവദിക്കും.
അതിന് അധികനിരക്ക് ഈടാക്കില്ല.യാത്രക്കാര്‍ ആരോഗ്യസേതു ആപ്പ് നിര്‍ബന്ധമായും ഡൗണ്‍ലോഡ് ചെയ്‌തിരിക്കണം. ഇതില്‍ “ഗ്രീന്‍ സ്‌റ്റാറ്റസ്” ആണെങ്കിലേ വിമാനത്താവളത്തിലേക്കു കയറ്റൂ. ശരീരത്തില്‍ സ്‌പര്‍ശിച്ചുള്ള പരിശോധന മെറ്റല്‍ ഡിറ്റക്‌ടര്‍ ശബ്‌ദമുണ്ടാക്കിയാല്‍ മാത്രം.
Post Your Comments