ആലപ്പുഴ: വള്ളികുന്നത്ത് യൂത്തുകോണ്‍ഗ്രസ് പ്രവര്‍ത്തകനെ സിപിഎമ്മുകാരായ പ്രതികള്‍ വധിക്കാന്‍ ശ്രമിച്ച കേസില്‍ ആലപ്പുഴ ജില്ലാപൊലീസ് മേധാവിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഡിസിസി പ്രസിഡന്റ് എം.ലിജു. വള്ളികുന്നത്ത് യൂത്തുകോണ്‍ഗ്രസ് പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ചകേസില്‍ പ്രതികളെ രക്ഷിക്കാനാണ് എസ്.പി ശ്രമിക്കുന്നതെന്നും പെരിയ കൂട്ടക്കൊലക്കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചയാളാണ് ജയിംസ് ജോസഫെന്നും ലിജു ആക്ഷേപിച്ചു.
വള്ളികുന്നം കേസില്‍ അഞ്ചുപ്രതികളെ പിടികൂടാന്‍ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. വള്ളികുന്നത്ത് യൂത്തുകോണ്‍ഗ്രസ് പ്രവര്‍ത്തകനായ സുഹൈല്‍ഹസനെ വധിക്കാന്‍ ശ്രമിച്ചകേസില്‍ നാലു പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം ലഭിച്ചതാണ് ഡിസിസി അധ്യക്ഷനെ പ്രകോപിപ്പിച്ചത്. പബ്ലിക് പ്രോസിക്യൂട്ടറുടെ രാഷ്ട്രീയ വിധേയത്വവും പൊലീസിന്റെ പിടിപ്പുകേടുമാണ് സിപിഎമ്മുകാരായ പ്രതികള്‍ക്ക് ജാമ്യംലഭിക്കാന്‍ കാരണമെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.
പ്രതികളെ മുഴുവന്‍ പിടികൂടാത്തതിന്റെ കാരണം ചോദിക്കുമ്പോള്‍ വിചിത്രമായ മറുപടിയാണ് ജില്ലാ പൊലീസ് മേധാവി ജയിംസ് ജോസഫിന്റേതെന്നും ഡിസിസി അധ്യക്ഷന്‍ പരിഹസിച്ചു. ശരത് ലാലിന്റെയും കൃപേഷിന്റെയും കൊലപാതകം അന്വേഷിച്ച ഉദ്യോഗസ്ഥരില്‍ ഓരാളാണ് ഇപ്പോഴത്തെ ആലപ്പുഴ എസ്.പി. രാഷ്ട്രീയകേസുകളില്‍ സിപിഎമ്മുകാരായ പ്രതികളെ രക്ഷപ്പെടുത്തലാണ് ജയിംസ് ജോസഫിന്റെ രീതിയെന്നും ലിജു തുറന്നടിച്ചു.
ലോക്ഡൗണ്‍ മാനദ്ണ്ഡങ്ങള്‍ ലംഘിച്ചെന്ന പേരില്‍ ജില്ലയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസെടുക്കുന്ന പൊലീസ്, മന്ത്രി ജി.സുധാകരന്റെ ലംഘനങ്ങളില്‍ കണ്ണടയ്ക്കുകയാണെന്നും കുറ്റപ്പെടുത്തി
Post Your Comments