തിരുവനന്തപുരം; കോവിഡ് വ്യാപന ഭീതിയിൽ അന്തര്‍ സംസ്ഥാന മലയാളികളുടെ മടങ്ങിവരവിന് സംസ്ഥാന സര്‍ക്കാര്‍ ശ്രദ്ധകാട്ടുന്നില്ലെന്ന ആരോപണത്തിന് ശക്തികൂട്ടി ഡല്‍ഹിയിലെ സംസ്ഥാനത്തിന്റെ പ്രത്യേക പ്രതിനിധിയുടെ അസാന്നിധ്യവും വിവാദത്തില്‍. മലയാളികള്‍ നാട്ടിലെത്താന്‍ വിഷമിക്കുമ്പോള്‍ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി എ. സമ്ബത്ത് നാട്ടില്‍ സുരക്ഷിതമായി ഇരിക്കുന്നെന്നാണ് കോണ്‍ഗ്രസിന്റെ ആക്ഷേപം .
സമ്പത്തിനെ കാബിനറ്റ് റാങ്കാടെ സര്‍ക്കാറിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധിയായി നിയമിച്ചതിനെ പ്രതിപക്ഷം എതിര്‍ത്തിരുന്നു. ഉയര്‍ന്ന ശമ്പളവും പേഴ്സനല്‍ സ്റ്റാഫും വീടും വാഹനവും ഉള്‍പ്പെടെ നല്‍കിയുള്ള നിയമനം ഖജനാവിന് നഷ്ടം വരുത്തുമെന്നായിരുന്നു ആക്ഷേപം ഉയർന്നത്.
കൂടാതെ കേരളഹൗസിലെ റെസിഡന്റ് കമീഷണറെക്കാള് അധികാരം നല്കി നിയമിച്ചിട്ടും നഴ്സുമാര്‍ അടക്കമുള്ളവരുടെ ദുരിതത്തിന് പരിഹാരം കാണാതെ നാട്ടിലേക്ക് പോയെന്നാണ് ആക്ഷേപം. യൂത്ത് കോണ്‍ഗ്രസ് സമ്ബത്തിന്റെ വീടിനടുത്ത് ‘സര്‍ക്കാര്‍ പ്രതിനിധിയെ വിളിച്ചുണര്ത്തല്’ എന്ന സമരവും നടത്തിയിരുന്നു.
എന്നാൽ പരസ്യപ്രതികരണത്തിന് സമ്പത്ത് തയാറായിട്ടില്ല. അദ്ദേഹത്തെ നിയമിച്ചത് സംസ്ഥാന സര്‍ക്കാറിന്റെ വികസന, പദ്ധതി കാര്യങ്ങള്‍ കേന്ദ്രമന്ത്രിമാരും മന്ത്രാലയങ്ങളുമായി ചര്‍ച്ച നടത്തുന്നതിന് വേണ്ടി മാത്രമാണെന്നാണ് അനൗദ്യോഗിക വിശദീകരണം. വിവാദം രാഷ്ട്രീയലക്ഷ്യത്തിനെന്ന ആക്ഷേപമാണ് എല്‍.ഡി.എഫിന്. കേന്ദ്രം അടച്ചുപൂട്ടല്‍ പ്രഖ്യാപിച്ച മാര്‍ച്ച് 24നാണ് സമ്പത്ത് നാട്ടിലേക്ക് പോയത് എന്നാണ് റിപ്പോർട്ടുകൾ.
Post Your Comments