Latest NewsNewsDevotional

സനാതന ധര്‍മ്മങ്ങളുടെ പാലകനായ ശ്രീരാമനെക്കുറിച്ച് ചില കാര്യങ്ങൾ

ഭാഗവത കഥയനുസരിച്ച് മഹാവിഷ്ണുവിന്‍റെ ഏഴാമത്തെ അവതാരം. സനാതന ധര്‍മ്മങ്ങളുടെ പാലകനായ അവതാര പുരുഷനാണ് ശ്രീരാമന്‍. ഇക്ഷ്വകുവംശം, രഘുവംശം എന്നീ പേരുകളില്‍ കൂടി അറിയപ്പെടുന്ന സൂര്യവംശത്തിലെ രാജാവായിരുന്ന ദശരഥന്‍റെ പുത്രനാണ് രാമന്‍. അയോധ്യ (സാകേതം) ഭരിച്ചിരുന്ന ദശരഥന്‍റെ പട്ടമഹിഷിയായ കൗസല്യയാണ് രാമന്‍റെ മാതാവ്.

ചൈത്രമാസത്തിലെ വെളുത്ത പക്ഷത്തിലെ നവമി ദിവസം. ത്രേതായുഗത്തില്‍ പുണര്‍തം നക്ഷത്രത്തിലാണ് ശ്രീരാമന്‍ ജനിച്ചത്. അതുകൊണ്ട് നക്ഷത്രമേതെന്ന് നോക്കാതെ ചൈത്രമാസ ശുക്ളപക്ഷ നവമി ശ്രീരാമ നവമി എന്ന ശ്രീരാമ ജയന്തി ആയി ആഘോഷിക്കുന്നു. വളരെക്കാലം സന്താനങ്ങളില്ലാതിരുന്ന ദശരഥന്‍ പുത്രകാമേഷ്ടിയാഗം നടത്തിയതിന്‍റെ ഫലമായി കൗസല്യയില്‍ രാമനും കൈകേയിയില്‍ ഭരതനും സുമിത്രയില്‍ ലക്സ്മണശത്രുഘ്നന്‍മാരും ജനിച്ചു.

കൗമാരകാലത്തു തന്നെ രാമന്‍ വിശ്വാമിത്ര മഹര്‍ഷിയോടൊപ്പം വനത്തില്‍ ചെന്ന് താടക തുടങ്ങിയ രാക്ഷസരെ നിഗ്രഹിച്ച് മുനിമാരെ രക്ഷിച്ചു. അയോധ്യയിലേയ്ക്ക് മടങ്ങുന്നതിനിടയില്‍ മിഥില രാജധാനിയില്‍ ചെന്ന് അദ്ദേഹം ശൈവചാപം കുലച്ച് ജനകരാജാവിന്‍റെ പുത്രിയായ സീതയെ പരിണയിച്ചു.

രാമനെ യുവരാജാവായി അഭിഷേകം ചെയ്യാന്‍ ദശരഥന്‍ എല്ലാ ഏര്‍പ്പാടുകളും പൂര്‍ത്തിയാക്കിയപ്പോള്‍ മന്ഥര എന്ന സ്ത്രീയാല്‍ പ്രേരിതയായ കൈകേയി മുന്‍ വാഗ്ദാനമനുസരിച്ച് രണ്ടു വരങ്ങള്‍ ചോദിച്ചു. ഭരതനെ യുവരാജാവാക്കണമെന്നും രാമനെ 14 വര്‍ഷത്തേയ്ക്ക് കാട്ടില്‍ അയയ്ക്കണമെന്നുമുളള വര പ്രാര്‍ത്ഥന കേട്ട് ദശരഥന്‍ തളര്‍ന്നു വീണു.

രാമന്‍ തന്‍റെ അച്ഛന്‍റെ സത്യം പാലിക്കാനായി വനത്തിലേയ്ക്ക് പുറപ്പെട്ടപ്പോള്‍ സീതയും ലക്സ്മണനും അനുഗമിച്ചു. രാമന്‍റെ അഭാവത്തില്‍ ദശരഥന്‍ മരിക്കുകയും അവിടെ മടങ്ങിവന്ന ഭരതന്‍ അമ്മയെ കുറ്റപ്പെടുത്തിക്കൊണ്ട് വനത്തില്‍ ചെന്ന് രാമനോട് മടങ്ങിവരാന്‍ അപേക്ഷിക്കുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button