KeralaLatest NewsNews

ഈ മാതൃദിനത്തില്‍ അനശ്വര നടന്റെ മാതാവിനെ കുറിച്ച് സംവിധായകന്‍ ആലപ്പി അഷ്‌റഫ് എഴുതിയ വാക്കുകള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു

 

ഇന്ന് മാതൃദിനം. കോവിഡ് ഭീതിയ്ക്കിടയില്‍ ഒരു മാതൃദിനം കൂടി കടന്നുവരികയാണ്. ലോകമെങ്ങും തങ്ങള്‍ക്ക് ജന്മം തന്ന ആ അമ്മമാരെ ആദരിയ്്ക്കാനുള്ള ഒരുക്കത്തിലാണ് . ഇതില്‍ വലിയവരെന്നോ ചെറിയവരെന്നോ ഇല്ല

ഈ മാതൃദിനത്തില്‍ അനശ്വര നടന്‍ പ്രേംനസീറിന്റെ മാതാവിനെക്കുറിച്ച് സംവിധായകന്‍ ആലപ്പി അഷ്‌റഫ് എഴുതിയ വാക്കുകള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. മകന് അമ്മയുടെ മുഖം കൃത്യമായ് ഓര്‍ത്തെടുക്കാന്‍ കഴിയുന്നതിന് മുന്‍പേ ലോകത്തുനിന്നും വിട്ടുപിരിഞ്ഞുപോയതാണ് പ്രേംനസീറിന്റെ മാതാവെന്ന് അഷ്‌റഫ് പറയുന്നു. ആ അമ്മയുടെ ഛായാചിത്രം പങ്കുവച്ചായിരുന്നു കുറിപ്പ്.

ആലപ്പി അഷ്‌റഫിന്റെ കുറിപ്പ്:

ഇന്നു മാതൃദിനം, പ്രശസ്തനായ മകന് കാണാന്‍ കഴിയാത പോയ സ്വന്തം അമ്മയുടെ ഒരു ചിത്രമാണിത്. ഭൂമിയില്‍ നമുക്ക് ലഭിച്ച മാലാഖയാണ് അമ്മ.

ആ അമ്മയുടെ മുഖം കാലമെത്ര കഴിഞ്ഞാലും മനസില്‍ നിന്നുമായില്ല. മരണ കിടക്കയില്‍ അവസാനം തെളിയുന്ന മുഖവും അമ്മയുടെതായിരിക്കും.

എന്നാല്‍ സ്വന്തം മകന് അമ്മയുടെ മുഖം കൃത്യമായ് ഓര്‍ത്തെടുക്കാന്‍ കഴിയുന്നതിന് മുന്‍പേ ബാല്യത്തില്‍ വിട്ടുപിരിഞ്ഞു പോയ ഒരു ഉമ്മയുണ്ട്. മലയാളത്തിന്റെ നിത്യഹരിത നായകന്‍ പ്രേംനസീറിന്റെ ഉമ്മ -അഭിവന്ദ്യയായ അസുമാബിവി

മാതാവ് നഷ്ടപ്പെട്ട നസീര്‍ സാറിന് എട്ടാം വയസ്സില്‍ ഗുരുതരമായ ഒരു രോഗം പിടിപ്പെട്ടു. ഡോക്ടര്‍മാര്‍ മരണമാണ് വിധിയെഴുതിയത്. അദ്ദേഹത്തിന്റെ ബാപ്പയുടെ വേദന കടിച്ചമര്‍ത്തിയുള്ള അവസാന അന്വേഷണത്തില്‍ ഒരു കച്ചി തുരുമ്പു കിട്ടി

വര്‍ക്കലയില്‍ ശ്രീനാരായണ ശിഷ്യനായ ഒരു വൈദ്യന്‍ ഒറ്റമൂലിക്കാരന്‍ സ്വാമിജി. നേരെ വര്‍ക്കലയില്‍ ചെന്നു വിവരം പറഞ്ഞു. ഉടന്‍ മരുന്നും പറഞ്ഞു ആയിരം തുടം മുലപ്പാല്‍ വേണം മരുന്ന് വാറ്റി എടുക്കാന്‍

നിരാശനായ് മടങ്ങിയ ആ പിതാവിനെ ചിറയന്‍കീഴിലെ അമ്മമാര്‍ കൈവിട്ടില്ല.. അവര്‍ക്കെല്ലാം അത്ര പ്രിയപ്പെട്ടവനായിരുന്ന് ആ ബാലന്‍. അവര്‍ സംഘടിച്ച് ജാതിമത ഭേദമില്ലാതെ, പിന്നീട് പ്രേംനസീറിന്റെ തറവാട്ടിലേക്ക് സ്ത്രീകളുടെ ഒരു ഒഴുക്കായിരുന്നു മുലപ്പാല്‍ നല്കാന്‍.

അങ്ങനെ നൂറു കണക്കിന് അമ്മമാരുടെ മുലപ്പാല്‍ കൊണ്ട് ജീവന്‍ തിരിച്ചുകിട്ടിയ സംഭവം , ഇതേകുറിച്ചു നസീര്‍സാര്‍ തന്നെ എറെ തവണ എഴുതിയിട്ടുള്ളതാണ്. രോഗം ഭേദമായപ്പോള്‍ ആ വൈദ്യ ശ്രേഷ്ടന്‍ അദ്ദേഹത്തോട് പറഞ്ഞ് ;മോനേ നീ ഇപ്പോള്‍ ഈ നാട്ടിലെ എല്ലാ അമ്മമാരുടെയും മകനാണ് ഒരിക്കല്‍ അദ്ദേഹമിത് എന്നോട് പറഞ്ഞപ്പോള്‍ അറിയാതെ ആ കണ്ണുകള്‍ ഈറനണിഞ്ഞിരുന്നു.

സഹജീവി സ്‌നേഹത്തിലൂടെ ഒരു പാട് അമ്മമാരെ അതിരറ്റു സ്‌നേഹിച്ചിരുന്ന നസീര്‍ സാറിന് തന്റെ സ്വന്തം ഉമ്മയുടെ സ്‌നേഹലാളന തൊട്ടറിയാന്‍ കഴിയാതെ പോയത് ദു:ഖകരമായ സത്യമാണ്.

ലോകത്തില്‍ എല്ലാ മലയാളികളുടെയും മനസ്സില്‍ പതിഞ്ഞിട്ടുള്ളതാണ് നസീര്‍ സാറിന്റെ ചിത്രം. എന്നാല്‍ അദ്ദേഹത്തിന് ജന്‍മം നല്കിയ മാതാവിന്റെ ഒരു ചിത്രം പോലും അദ്ദേഹം കണ്ടിട്ടില്ല.

ആ ഉമ്മയുടെ ഒരു ഫോട്ടോ പോലും ആ കുടുബത്തില്‍ ആരുടെപക്കലും ഇല്ലായിരുന്നു. അന്നത്തെ കാലമല്ലേ

എന്നാല്‍ കഴിഞ്ഞ വര്‍ഷം പ്രേംനസീര്‍ ഫൗണ്ടേഷന് വേണ്ടി ശ്രീ.ഗോപാലകൃഷ്ണന്‍ എഴുതിയ നിത്യഹരിതം എന്ന പുസ്തകത്തിന് വേണ്ടി അദ്ദേഹം നടത്തിയ നസീര്‍ സാറിനെ കുറിച്ചുള്ള ഗവേഷണത്തില്‍, ചിറയന്‍കീഴില്‍ നസീര്‍ സാറിന്റെ കുടുബത്തില്‍ ഇന്നു ജീവിച്ചിരിക്കുന്നവരില്‍, പ്രേംനസീറിന്റെ ഉമ്മയെ നേരില്‍ കണ്ടിട്ടുള്ളവരെയെല്ലാം സംഘടിപ്പിച്ച് അവര്‍ പറഞ്ഞു കൊടുത്ത വിവരണങ്ങള്‍ വെച്ച് ആ മണ്‍മറഞ്ഞ മതാവിന്റെ രൂപരേഖ ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ചിത്ര രചനയില്‍ വളരെ കൃത്യതയോടെ വരച്ചെടുപ്പിച്ചു.’ ആ ഉമ്മയെ നേരില്‍ കണ്ടിട്ടുള്ളവര്‍ പറഞ്ഞു ഇത് തന്നെ… ഒരു മാറ്റവുമില്ല

എന്നാല്‍ ആ മാതാവിന്റെ ഈ ചിത്രം കാണാനും നസീര്‍ സാറിന് വിധിയില്ലായിരുന്നു. ഈ മാതൃദിനത്തില്‍ മകന് കാണാന്‍ കഴിയാത പോയ അനുഗ്രഹീതയായ അമ്മയുടെ ഓര്‍മ്മയ്ക് മുന്നില്‍ നമുക്ക് ശിരസ് നമിക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button