തൃശ്ശൂര്‍: മഹാരാഷ്ട്രയില്‍ 16 പേര് ട്രെയിനിടിച്ച് മരിച്ച വാര്‍ത്തയെ പരിഹസിക്കുന്നവർക്ക് ചുട്ടമറുപടിയുമായി ഡോ. നെല്‍സണ്‍ ജോസഫ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നത്. വേറൊരുത്തന്റെ ജീവിതവും മരണവും നോക്കി മാര്‍ക്കിടാന്‍ നടക്കുന്ന അപാര ബുദ്ധിമാന്മാര് സ്വന്തം വീടിനകത്തെ കസേരയില്‍ ചാരിക്കിടന്ന് സ്മാര്‍ട്ട് ഫോണിന്റെ ടച്ച് സ്ക്രീനില്‍ തള്ളവിരല്‍ കൊണ്ട് തുഴഞ്ഞു തുഴഞ്ഞ് വരുന്നവര്‍ക്ക് പത്തുപതിനഞ്ചാള് മരിച്ച വാര്ത്തയ്ക്കടിയിലോ വാര്‍ത്തയെക്കുറിച്ചുള്ള കുറിപ്പിനടീലോ ഇജ്ജാതി കമന്റിടാന്‍ തോന്നുമെന്ന് നെൽസൺ വ്യക്തമാക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;
വേറൊരുത്തൻ്റെ ജീവിതവും മരണവും നോക്കി മാർക്കിടാൻ നടക്കുന്ന അപാര ബുദ്ധിമാന്മാര്.
സ്വന്തം വീടിനകത്തെ കസേരയിൽ ചാരിക്കിടന്ന് സ്മാർട്ട് ഫോണിൻ്റെ ടച്ച് സ്ക്രീനിൽ തള്ളവിരൽ കൊണ്ട് തുഴഞ്ഞു തുഴഞ്ഞ് വരുന്നവർക്ക് പത്തുപതിനഞ്ചാള് മരിച്ച വാർത്തയ്ക്കടിയിലോ വാർത്തയെക്കുറിച്ചുള്ള കുറിപ്പിനടീലോ ഇജ്ജാതി കമൻ്റിടാൻ തോന്നും….
” വേറെങ്ങും കിടക്കാൻ സ്ഥലമില്ലാരുന്നോ?? ”
” ഏതേലും മണ്ടന്മാർ റെയിൽവേ ട്രാക്കിൽ കിടന്നു ഉറങ്ങുവോ ”
” ഇവനൊക്കെ ചെവി കേൾക്കില്ലേ ട്രെയിൻ വരുമ്പോ ട്രാക്കിൽ വൈബ്രേഷൻ ഉണ്ടായതും ഇവനൊന്നും അറിഞ്ഞില്ലേ ”
” റെയിൽവേ ട്രാക്കിൽ പ്രവേശിക്കരുത് എന്ന് rule ഉണ്ട്.. ”
സ്വന്തം തല സംരക്ഷിക്കാൻ ഹെൽമറ്റ് വയ്ക്കാനുള്ള നിയമം പോലും അനുസരിക്കാൻ ദെണ്ണമുള്ളവന്മാരാണ്. എല്ലാ നിയമങ്ങളും പാലിച്ച് ജീവിക്കുന്ന പരമ പുണ്യാളന്മാര്.
നൂറ് കിലോമീറ്റർ പോയിട്ട് ഒരു കിലോമീറ്റർ നടന്നുതികയ്ക്കാൻ പറഞ്ഞാൽ മാറിനിന്ന് കിതയ്ക്കും അതിനകത്തെ പലരും..
എങ്ങനേലും സ്വന്തം വീട്ടിലെത്താൻ കിലോമീറ്ററുകൾ നടന്ന് തളർന്ന് അവസാനം ലോക്ക് ഡൗണാണെന്നും ട്രെയിൻ ഇല്ലായിരിക്കുമെന്നും ആശ്വസിച്ച് തലയൊന്ന് ഉയർത്തിവയ്ക്കാൻ മിനുസമുള്ള ഒരു ഇരുമ്പിൻ കഷണമായിട്ട് പാളത്തെ കണ്ട് അതിൽ തലചായ്ചതായിരിക്കും..
ആർക്കറിയാം എന്താണു സംഭവിച്ചതെന്ന്? ആരാണ് മനസിലാക്കാൻ ശ്രമിച്ചിട്ടുള്ളത്?
ഈ ലോക്ക് ഡൗൺ വരുത്തിവച്ച ഏറ്റവും വലിയ തെറ്റ് എന്താണെന്ന് എന്നോട് ചോദിച്ചാൽ ഞാൻ പറയും കുറെപ്പേർ ജീവിക്കുന്നുണ്ടെന്ന് മനുഷ്യർ മറന്നുപോയതാണെന്ന്.
മുമ്പ് പുറത്തോട്ടിറങ്ങുമ്പൊഴൊക്കെ എവിടെവച്ചെങ്കിലും അവരെ കാണാറുണ്ടായിരുന്നു. അന്തിയാവുമ്പൊ ബസ്റ്റ് സ്റ്റാൻഡുകളിലും കടത്തിണ്ണകളിലും കിടന്നുറങ്ങുന്നവരായോ താൽക്കാലികമായി എന്തെങ്കിലും കൊണ്ട് മറച്ചുകെട്ടിയ കൂരകളിൽ അന്നത്തെ അന്നം പാകം ചെയ്യുന്നവരായോ ഒക്കെ..
അങ്ങനെയെങ്കിലും അവരൊക്കെ ഓർമിപ്പിച്ചുകൊണ്ടിരിക്കുന്നുണ്ടായിരുന്നു അവരൊക്കെ ജീവിച്ചിരുപ്പുണ്ടെന്ന്..അവരെ കാണുന്നത് കുറച്ചുപേർക്കെങ്കിലും അസ്വസ്ഥതയായിരുന്നെങ്കിൽ പോലും.
ലോകം വീടുകളിലേക്ക് ചുരുങ്ങിയപ്പൊ ഇല്ലാതായിപ്പോയത് അവർ കൂടെയാണ്.
ഞാനും ഞാനുമെൻ്റെ കെട്ട്യോളും കുട്ടികളും പിന്നെ ഫേസ്ബുക്കിലും ടിക് ടോക്കിലുമൊക്കെയുള്ള എൻ്റെ ചുറ്റുമുള്ള ആൾക്കാരും മാത്രമാണ് ലോകമെന്ന് പെട്ടെന്നങ്ങ് തെറ്റിദ്ധരിച്ചുപോയി..അല്ലെങ്കിൽ അങ്ങനെ ചിന്തിക്കുന്നതാണ് സൗകര്യമെന്ന് മനസിലാക്കി അതങ്ങ് മനസിലുറപ്പിച്ചു.
അപ്പൊ ഒറ്റമുറിക്കാരനും ടാർപ്പോളിൻ വിരിച്ചവരും എങ്ങനെ സോഷ്യൽ ഡിസ്റ്റൻസിങ്ങ് പാലിക്കുമെന്നോർത്ത് ബുദ്ധിമുട്ടേണ്ട. അത്താഴപ്പട്ടിണിക്കാരൻ എങ്ങനെ മാസ്ക് വാങ്ങുമെന്നോർക്കേണ്ട. വെള്ളം കിട്ടാൻ ബുദ്ധിമുട്ടുന്നവൻ സാനിറ്റൈസർ കൊണ്ട് എങ്ങനെ കൈ തുടയ്ക്കുമെന്നോർക്കേണ്ട…എന്തെളുപ്പം…
ഞങ്ങളുമിവിടെ ജീവിച്ചിരിപ്പുണ്ടെന്ന് ഓർമിപ്പിക്കാൻ അവർക്ക് അക്കൗണ്ടില്ലാതെപോയി. അവരുടെ കൂടെ നടന്നവരും സംരക്ഷിച്ചവരും ശബ്ദം നൽകാൻ ശ്രമിച്ചവരും ഇല്ല എന്നല്ല പറഞ്ഞുവരുന്നത്. ഉണ്ടായിരുന്നു..കുറച്ചുപേർ…
ആ കുറച്ചുപേരുടെ ശബ്ദം പലതിലും മുങ്ങിപ്പോയി…അല്ലെങ്കിൽ കേട്ടില്ലെന്ന് നടിച്ചു.
ഇതാദ്യമായല്ല നാട്ടിലേക്ക് നൂറുകണക്കിനു കിലോമീറ്ററുകൾ നടക്കുകയാണെളുപ്പം എന്ന് തോന്നി ഇറങ്ങിയവർ മരിക്കുന്നത്.. ഇന്ത്യ അടച്ചു പൂട്ടിയിട്ടിട്ട് നാൽപ്പത് ദിവസം കഴിഞ്ഞു..ഇതിനകം പലതവണ മരിച്ചുകഴിഞ്ഞിട്ടുണ്ട് പലർ..
പല പ്രായത്തിലുള്ളവർ…
പല നാട്ടിൽ നിന്ന് നടന്നവർ…
എത്ര പേർ അറിഞ്ഞുവെന്ന് ആത്മാർഥമായൊന്ന് പറയണം….
എത്ര മരണങ്ങളെക്കുറിച്ചറിഞ്ഞിരുന്നെന്ന് ഒന്ന് ഓർത്തുനോക്കണം..
ഒറ്റയ്ക്ക് മരിച്ചാൽപ്പോലും വാർത്താപ്രാധാന്യമോ ശ്രദ്ധയോ കിട്ടാത്തവരുടെ നാട്.
കൂട്ടത്തോടെ മരണപ്പെട്ട വാർത്ത അറിയുമ്പൊഴും പലരും വിഷമം പ്രകടിപ്പിക്കുന്നത് കാണുന്നോരെന്ത് വിചാരിക്കുമെന്നോർത്താണെന്ന് തോന്നാറുണ്ട് ആ വാചകത്തിൻ്റെ പാതിക്ക് വരുന്ന ” പക്ഷേ ” യ്ക്ക് ശേഷം വരുന്ന വാചകങ്ങൾ കാണുമ്പോൾ…
സംഭവിച്ചതിൽ വിഷമമുണ്ട് ” പക്ഷേ “…..
ഇപ്പൊ അതും കഴിഞ്ഞ് മരിച്ചുകിടക്കുന്നവരെപ്പോലും വെറുതെ വിടാതെ യാതൊരു ലജ്ജയുമില്ലാതെ മാർക്കിടാനും തുടങ്ങിയിരിക്കുന്നു അവർ…
ഒരു കുഞ്ഞിനെ ഇടതുവശത്തും ഒരു കുഞ്ഞിനെ വലതുവശത്തും എളിയിലിരുത്തിയും കുഞ്ഞുങ്ങളെ തോളത്തിരുത്തിയും കൈപിടിച്ച് നടത്തിയുമൊക്കെ പല ജില്ലകൾ താണ്ടാൻ ശ്രമിക്കുന്നവരുടെ മനസിലെന്താണെന്ന് നോക്കി മാർക്കിടാൻ നോക്കണ്ട..
കഴിയില്ല…
അതിനുള്ള അർഹതയുമില്ല ഇവിടാർക്കും.
Post Your Comments