ന്യൂഡൽഹി: കൊറോണ ഭീതിയെ തുടർന്ന് നാട്ടിലേക്ക് മടങ്ങാനായി യുഎഇയിലെ ഇന്ത്യൻ എംബസിയിൽ മാത്രം രണ്ടു ലക്ഷത്തോളം ആളുകൾ രജിസ്റ്റർ ചെയ്‌തതായി കേന്ദ്രവിദേശകാര്യമന്ത്രി വി.മുരളീധരൻ. എല്ലാ രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലേക്കു വരാൻ ആഗ്രഹിക്കുന്ന ആളുകൾക്കു വേണ്ടിയിട്ടുള്ള വിമാനസർവീസുകൾ ഏർപ്പെടുത്താനാണ് വിദേശകാര്യ വകുപ്പ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഗർഭിണികൾക്കും രോഗബാധിതർക്കും മുൻഗണന നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗർഭിണികൾ തങ്ങളെ പരിശോധിക്കുന്ന ഡോക്ടറുടെ പക്കൽനിന്നു ‘സർട്ടിഫൈഡ് ടു ഫ്ലൈ’ എന്ന സർട്ടിഫിക്കറ്റ് വാങ്ങി ഇന്ത്യൻ എംബസിയിൽ റജിസ്റ്റർ ചെയ്താൽ ഇവരെ മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്തും. പ്രായമായവർ, രോഗബാധിതർ എന്നിവർക്കും മുൻഗണന നൽകും. കുടുങ്ങിക്കിടക്കുന്ന രാജ്യത്തെ വിമാനത്താവളത്തിൽ നിന്ന് അവർക്ക് പോവേണ്ട വിമാനത്താവളങ്ങൾ സൂചിപ്പിച്ച് കൊണ്ട് ഇന്ത്യൻ എംബസിയിൽ റജിസ്റ്റർ ചെയ്യണം. ആളുകളുടെ എണ്ണം അനുസരിച്ച് മുഴുവൻ വിമാനത്തിനും ആവശ്യമായ ആളുകൾ ഉണ്ടെങ്കിൽ ആ സ്ഥലത്തേക്ക് ഉടൻ വിമാന സർവീസ് ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.
Post Your Comments